കൊച്ചി: നടിക്കു നേരെയുണ്ടായ അതിക്രമത്തിലെ പ്രധാന പ്രതിയെ പിടിച്ച പൊലീസ് നടപടിയെ താന്‍ അഭിനന്ദിക്കുകയും പൊലീസുകാരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന് നടി മഞ്ജു വാര്യര്‍. പ്രതി അറസ്റ്റിലായതില്‍ സന്തോഷമുണ്ട്. നടിക്കെതിരെ നടന്ന അക്രമം ആസൂത്രിതമാണെന്നും മഞ്ജു ആവര്‍ത്തിച്ചു. താന്‍ മാത്രമല്ല പല സാമൂഹ്യ പ്രവര്‍ത്തകരും അക്രമം ആസൂത്രിതമാണെന്ന് പറഞ്ഞിരുന്നു. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും മഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെയും അക്രമത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു.
കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പോലീസുകാരോട് ബഹുമാനം തോന്നുന്നുവെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു. കേരളത്തിലെ പോലീസുകാരെക്കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനമുണ്ട്. അവനെ ഇഞ്ചിഞ്ചായി ചതയ്ക്കണം. നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
കേരള പൊലീസിനൊപ്പം എന്ന ഒറ്റവരി പ്രതികരണത്തിലൂടെയാണ് നിവിന്‍ പോളി അറസ്റ്റിനോട് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിവിന്റെ പ്രതികരണം. നടന് അജു വര്‍ഗീസും പൊലീസിന് നന്ദി പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം സന്തോഷത്തിലാണ്. നന്ദി കേരള പൊലീസ്, ഇനി ലഭിക്കേണ്ടത് നീതി. എന്നായിരുന്ന നവ്യ നായരുടെ പ്രതികരണം. കേരള പൊലീസിന് അഭിനന്ദനങ്ങള്‍. അവനെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഇങ്ങനെയൊരു ക്രൂരനായ ക്രിമിലന് വേണ്ടി ദയവ് ചെയ്ത് ആരും മനുഷ്യാവകാശനിയമം പറഞ്ഞ് വരരുത്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയപരമായോ സൈദ്ധാന്തികമായോ ഒരു പരിഗണനയും നല്‍കരുത്. ഇപ്പോള്‍ അതിനുള്ള സമയമല്ല- അനൂപ് മേനോന് കുറിച്ചു.