ദുബായ്: പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മംസാര്‍ ഇത്തിഹാദ് സ്കൂള്‍ അഹ്ദാഫ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചലഞ്ചേഴ്സ് ട്രോഫി സൂപ്പര്‍ സിക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മെസ്പ (എംഇഎസ് പൊന്നാനി അലൂംനി) ജേതാക്കളായി.
ഫൈനലില്‍ കരുത്തരായ യംഗ് ഫൈറ്റേഴ്സിനെ മറികടന്നാണ് ചലഞ്ചേഴ്സ് ട്രോഫി സ്വന്തമാക്കിയത്. മാന്‍ ഓഫ് ദ മാച്ച് ആയി മെസ്പയുടെ ഹാഫിസും ഷംസീര്‍ മാന്‍ ഓഫ് ദ സീരീസായും തിരഞ്ഞെടുക്കപ്പെട്ടു.
കിംഗ്സ് എമിറേറ്റ്സ് ഷാര്‍ജയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ സെമി ഫൈനല്‍ വരെ എത്തിച്ച്, സിക്സറുകളുടെ മാലപ്പടക്കം തീര്‍ത്ത നൗഷാദ് 24 പടുകൂറ്റന്‍ സിക്സറുകള്‍ പറത്തി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തിയ കളിക്കാരനുള്ള ട്രോഫിയും ഫീല്‍ഡിംഗില്‍ അത്യുഗ്രന്‍ സേവുകളും ക്യാച്ചുകളുമായി യംഗ് ഫൈറ്റേഴ്സിന്റെ ജുനൈദ് മികച്ച ഫീല്ഡര്ക്കുമുള്ള ട്രോഫിയും മികവുറ്റ ബൗളിംഗിലൂടെ ആറു വിക്കറ്റുകള്‍ നേടിയ ഷഹീം (യംഗ് ഫൈറ്റേഴ്സ്) മികച്ച ബൗളര്‍ക്കുള്ള ട്രോഫിയും കരസ്ഥമാക്കി.
വിജയികള്‍ക്ക് ഡോ. സലീലും റണ്ണര്‍ അപ്പ് ട്രോഫി ടി.വി.സുബൈറും സമ്മാനിച്ചു. സി. ആദം, അനീഷ്, കെ.കെ. ശിഹാബ്, സുനീര്‍, കെ.എം. മുഹമ്മദലി, സന്ദീപ് കൃഷ്ണ, ശബീര്‍, നവാസ് അബ്ദുളള, പി. ഷാനവാസ് തുടങ്ങിയവര്‍ മറ്റു ട്രോഫികളും സമ്മാനിച്ചു.