Image

സൗദിയില്‍ പൊതുമാപ്പ്: സഹായഹസ്തവുമായി എംബസിയും സംഘടനകളും

Published on 29 March, 2017
സൗദിയില്‍ പൊതുമാപ്പ്: സഹായഹസ്തവുമായി എംബസിയും സംഘടനകളും

റിയാദ്: നിയമലംഘകരായ വിദേശകള്‍ക്ക് വീണ്ടും നാടണയാനുള്ള അവസരമൊരുക്കിക്കൊണ്ട് സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് മാര്‍ച്ച് 29 മുതല്‍ 90 ദിവസം നീണ്ടു നില്‍ക്കും. 

നിയമവിധേയമായല്ലാത്ത ആരേയും രാജ്യത്ത് തങ്ങാനനുവദിക്കില്ല എന്ന പ്രതിജ്ഞയോടെയാണ് ഇത്തവണ കാന്പയിന്‍ നടക്കുക. അതത് രാജ്യത്തെ യാത്രാരേഖകളോ എംബസികളില്‍ നിന്നും ലഭിക്കുന്ന എമര്‍ജന്‍സി പാസ്‌പോര്‍ട്ടോ കൈവശമുള്ള ആര്‍ക്കും യാത്രയ്ക്കുള്ള ടിക്കറ്റുമായി സൗദി അധീകൃതരെ സമീപിക്കാവുന്നതാണ്. ക്രിമിനല്‍ കേസുകള്‍ ഇല്ലാത്ത എല്ലാവരേയും ഉടനടി എക്‌സിറ്റ് നല്‍കി കയറ്റി വിടാനുള്ള സംവിധാനം വിവിധ പോര്‍ട്ടുകളിലും പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യക്കാരായ അനധികൃത താമസക്കാരെ നാട്ടിലെത്തിക്കുന്നതിന് സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയും വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും തയാറെടുത്തു കഴിഞ്ഞു. എംബസിയുടെ ഹെല്‌പ്ലൈന്‍ കേന്ദ്രങ്ങളിലും സാമൂഹ്യ പ്രവര്‍ത്തകരായ വോളന്റിയര്‍മാരും എംബസി ഉദ്യോഗസ്ഥരും ഇന്നു മുതല്‍ സേവനനിരതരായിരിക്കും. ഇടനിലക്കാരെ സമീപിക്കാതെ നേരിട്ട് എംബസിയേയോ വോളന്റിയര്‍മാരേയോ സമീപിക്കാന്‍ അംബാസഡര്‍ എല്ലാ ഇന്ത്യക്കാരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.

പൊതുമാപ്പ് പ്രഖ്യാപനം വന്നതു മുതല്‍ തന്നെ ഇന്ത്യന്‍ എംബസിയില്‍ ഔട്ട്പാസിനും ഹുറൂബ് പാസ്‌പോര്‍ട്ടിനുമായി നീണ്ട ക്യൂ ആരംഭിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ ഹുറൂബാക്കിയവരുടെ ഒന്‍പതിനായിരത്തിലധികം പാസ്‌പോര്‍ട്ടുകള്‍ എംബസിയില്‍ ലഭിച്ചതായും അതിെന്റ നന്പരുകളും എംബസി പുറത്ത് വിട്ടിട്ടുണ്ട്. ഇവ തിരിച്ചെടുക്കുന്നവര്‍ക്ക് എക്‌സിറ്റ് വാങ്ങി നാട്ടിലേക്ക് പോകാവുന്നതാണ്. അബ്ഷിര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഇന്നു മുതല്‍ ആരംഭിക്കും. അബ്ഷിര്‍ വഴി ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് എടുത്ത ശേഷമാണ് ജവാസാത്തിനെ എക്‌സിറ്റിനായി സമീപിക്കേണ്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ പൊതുമാപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 19ന് മുന്‍പ് ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. 

കെ എംസിസി, ഒഐസിസി, കേളി, എന്‍ആര്‍കെ ഫോറം, ഓള്‍ ഇന്ത്യ യുണൈറ്റഡ് സൊസൈറ്റി, പിഎംഎഫ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി നിരവധി സംഘടനകള്‍ ഹെല്പ് ഡെസ്‌കുകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മാസക്കാലം ഇവരെല്ലാം സഹായഹസ്തവുമായി രംഗത്തുണ്ടായിരിക്കും. പൊതുമാപ്പ് കാലയളവില്‍ ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഫീസ് ഈടാക്കുന്നതല്ലെന്ന് വെല്‍ഫെയര്‍ വിഭാഗം തലവന്‍ അനില്‍ നോട്ടിയാല്‍ അറിയിച്ചു. പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് അടിക്കുന്നതും സൗജന്യമായാണ്. 

പൊതുമാപ്പ് കാലാവധി ജൂണ്‍ 24 ന് അവസാനിക്കുമെന്നും ഒരു കാരണവശാലും ഇത് ദീര്‍ഘിപ്പിക്കുകയില്ലെന്നും സൗദി അധകൃതര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അതിനു മുന്‍പായി മുഴുവന്‍ അനധികൃത താമസക്കാരായ ഇന്ത്യക്കാരും രാജ്യം വിട്ട് പോകാന്‍ മുന്നോട്ട് വരണമെന്ന് ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക