പോയവര്‍ഷം ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരെ കൈയിലെടുത്ത സംവിധായകനാണ് കാര്‍ത്തിക് നരേന്. 21ാം വയസില്‍ കാര്‍ത്തിക് ഒരുക്കിയ ധ്രുവങ്ങള്‍ പതിനാറ് പോയ വര്‍ഷത്തെ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമയെന്നാണ് പറയുന്നത്.
അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ 22കാരന്. കാര്‍ത്തിക് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്. ‘നാരഗാസുരന്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അരവിന്ദ് സാമിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സംവിധായകന് ഗൗതം വാസുദേവ് മേനോന്റെ ഒണ്ഡ്രാഗാ എന്റെര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രജിത്ത് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്ത പുറത്തിവിട്ടത്. കാര്‍ത്തിക്ക് നരേന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും ഇന്ദ്രജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.