തിലകനോട് താരസംഘടന “അമ്മ’ വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സിനിമാ താരം മധു. തിലകന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പത്മശ്രീ തിലകന് പുരസ്കാരം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി വി എസ് സുനില്‍കുമാറില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനയനുമായി ബന്ധപ്പെട്ട് അമ്മ ഭാരവാഹികള്‍ക്കെതിരേ കോടതിവിധി വന്നതിനു ശേഷമാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചതെങ്കില്‍ ഒരുപക്ഷേ, ഇത് ഏറ്റുവാങ്ങാന്‍ വരുന്നതിനെക്കുറിച്ച് താന്‍ ഒരിക്കല്‍ കൂടി ആലോചിക്കുമായിരുന്നു.
താരസംഘടന നിര്‍മിച്ച സിനിമയില്‍ നിന്ന് തിലകനെ ആരും മനഃപൂര്‍വം മാറ്റിയിട്ടില്ല. ട്വന്റി20 സിനിമ എടുക്കാനുള്ള എല്ലാ കാര്യങ്ങളും ആദ്യഘട്ടത്തില്‍ തിലകനെയായിരുന്നു ഏല്പിച്ചിരുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹം അക്കാര്യം മുന്നോട്ടുനീക്കാതിരുന്നതിനെ തുടര്‍ന്ന് ദിലീപ് കാര്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കഥാപാത്രങ്ങളെ തന്റേതായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ലോകത്തെ ചുരുക്കം നടന്മാരില് ഒരാളായിരുന്നു തിലകനെന്നും മധു അനുസ്മരിച്ചു.