ലണ്ടന്‍: യുറോപ്പിലെന്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായ വാല്‍ഷിഹാം തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ പതിനാറിന് ഏറെ ആഘോഷപൂര്‍വ്വം നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. യുകെയില്‍ സീറോ മലബാര്‍ സഭക്ക് സ്വന്തമായി ഒരു രൂപതയും ഇടയനും നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ തീര്‍ത്ഥാടനം എന്ന നിലയില്‍ ഇക്കുറി ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യനാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭി. മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ ഔദ്യോഗിക മേല്‍നോട്ടത്തില്‍ ഈസ്റ്റ് ആംഗ്ലിയ ചാപ്ലിനായ ഫാ. ടെറിന്‍ മുള്ളക്കരയാണ് തീര്‍ത്ഥാടന ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇക്കുറി തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് സഡ്ബറി കാത്തലിക് കമ്മ്യൂണിറ്റിയിലെ ഏഴു മലയാളി കുടുംബങ്ങളാണ്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാനന്‍ ഫാ. മാത്യു വണ്ടാലക്കുന്നേലാണ് വാല്‍ഷിഹാം തീര്‍ത്ഥടനത്തിന് തുടക്കം കുറിച്ചത്.
ഗ്രേറ്റ് ബ്രിട്ടന് രൂപത നിലവില്‍ വന്നതിന്റെയും രൂപതയുടെ പ്രഥമ മെത്രാനായി ബിഷപ് മാര്‍ സ്രാന്പിക്കലിനെ അഭിവന്ദ്യ ഫ്രാന്‍സിസ്മാര്‍പാപ്പ പ്രഖ്യാപിക്കുകയും ചെയ്തതിന്റെയും ഒന്നാം വാര്‍ഷിക ദിനമായ ജൂലൈ പതിനാറിന് തന്നെ അനുഗ്രഹദായികയായ പരിശുദ്ധ കന്യക മറിയത്തിന്റെ സന്നിധിയിലേക്ക് രൂപതയുടെ എല്ലാഭാഗത്തുനിന്നുമുള്ള വിശ്വാസികള്‍ക്ക് തീര്‍ത്ഥാടനം നടത്തുവാന്‍ ഇടയാവുക എന്നത് സഭാമക്കളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷത്തിനു ഇടനല്കുന്ന അവസരമായി മാറുകയാണ്. ഇക്കഴിഞ്ഞ പത്തു വര്‍ഷങ്ങളായി വാല്‍ഷിഹാം തീര്‍ത്ഥാടനം നടന്നു വരുന്നുവെങ്കിലും സീറോ മലബാര്‍ സഭയുടെ കുടക്കീഴില് നടക്കുന്ന ആദ്യത്തെ തീര്‍ത്ഥാടനം എന്ന നിലയില്‍ ഇക്കുറി തീര്‍ത്ഥാടനത്തിന് ഒരു ഔദോഗികഭാവവും കൈവരുന്നു.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന വാല്‍ഷിഹാം തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് വാല്‍ഷിഹാമിന്റെ പുണ്യ ചരിത്രവും മറ്റു വിശേഷങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് പ്രമുഖ ക്രിസ്തീയ പ്രസിദ്ധീകരമായ സണ്‍ഡേ ശാലോം തീര്‍ത്ഥാടന സ്പെഷ്യല്‍ സപ്ലിമെന്റ് പുറത്തിറക്കി.
||
തീര്‍ത്ഥാടന ദിവസം രാവിലെ കൃത്യം ഒന്പതിനു തന്നെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം അഞ്ചോടെ സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒന്പതിനു സെഹിയോന്‍ മിനിസ്ട്രി യുകെയുടെ അമരക്കാരന് ഫാ സോജി ഓലിക്കല്‍ നയിക്കുന്ന മരിയ പ്രഭാഷണം, പതിനൊന്നര മുതല്‍ രണ്ടുവരെ അടിമവക്കല്‍, രണ്ടിന് വാല്‍ഷിഹാം തീര്‍ത്ഥാടനത്തിന്റെ ഏറ്റവും ആകര്‍ഷക ഘടകമായ മുത്തുക്കുടകളും വാദ്യമേളങ്ങളും അകന്പടി സേവിക്കുന്ന ഭക്തിനിര്‍ഭരമായ തിരുസ്വരൂപ പ്രദക്ഷിണം, തുടര്‍ന്ന് ബിഷപ് മാര്‍ ജോസഫ് ശ്രാന്പിക്കല് നേതൃത്വം നല്കുന്ന ആഘോഷമായ സമൂഹബലി എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ ഏറ്റവും പേരെടുത്ത ഗാന ശുശ്രൂഷകനായ റവ. ഫാ . സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്കുന്ന ഗായക സംഘമാണ് ദിവ്യബലിക്കായി സംഗീതം ഒരുക്കുന്നത്. തീര്‍ത്ഥാടനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന,തനതു കേരള ശൈലിയില്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ വളരെ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന നാലു ഭക്ഷണ ശാലകളും ഉണ്ടായിരിക്കുന്നതാണ്.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of our Lady
Walsingham ,Houghton St Giles
Norfolk ,NR22 6AL
തീര്‍ത്ഥടന സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .
Rev.Fr.Terin Mullakkara
Mob:07985695056
Mr.Bibin Augusthy
Mob : 07530738220
റിപ്പോര്‍ട്ട്: സോണി ജോസഫ്