ഷാര്‍ജ: മലയാളിയായ യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പെരുന്പാവൂര്‍ സ്വദേശിയായ ഡിക്സ (35) ന്റെ മൃതദേഹമാണ് ബുധനാഴ്ച ഷാര്‍ജയിലെ അല്‍ ഖലായയില്‍ രാത്രി കാറിനുള്ളില്‍ പാതി അഴുകിയ നിലയില്‍ കണ്ടെത്തിയത്.
ഡിക്സനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ചൊവ്വാഴ്ച വാസി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കള്‍ തന്നെയാണ് ഡിക്സനെ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അല്‍ കുവൈത്തി മോര്‍ച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി 9.30ന് ഇദ്ദേഹം ഭാര്യയെ വിളിച്ചതായി പറയുന്നു. അടുത്തദിവസം രാവിലെ ഭാര്യ തിരിച്ചുവിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ഫോണ്‍ റിംഗ് ചെയ്തെങ്കിലും ഉടന്‍തന്നെ സ്വിച്ച് ഓഫ് ആകുകായിരുന്നു. വീട് അടഞ്ഞ നിലയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് എത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയെങ്കിലും ഡിക്സനെ കണ്ടെത്താനായില്ലെന്ന് ബന്ധു ആന്റണി പറഞ്ഞു.
ഡിക്സന് ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ ഒന്‍പതു വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. 2016ലാണ് കുടുംബമൊത്ത് ഷാര്‍ജയില്‍ താമസം തുടങ്ങിയത്. ഇതിനിടെ ഭാര്യക്ക് അയര്‍ലന്‍ഡില്‍ ജോലി ലഭിച്ചു. അടുത്തിടെ ഡിക്സനും ഭാര്യക്കൊപ്പം ചേരുന്നതിന് അയര്‍ലന്‍ഡിലേക്ക് പോയി. എന്നാല്‍ കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ജോലി ഉപേക്ഷിക്കുന്നതിനായിട്ടാണ് ഇദ്ദേഹം തിരിച്ചെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡിക്സന് ഷാര്‍ജയിലെത്തിയത്.