ഹാര്‍വി കൊടുങ്കാറ്റും അതുണ്ടാക്കിയ മഴയും വരുത്തിയ പ്രളയം ടെക്സസ്സിനെ
ഇപ്പോഴും വലക്കുകയാണ്. എന്റെ കുറെ സുഹൃത്തുക്കള്‍ സുരക്ഷിതരാണെന്ന്
എഴുതിയിരുന്നു. മറ്റുള്ളവരും സുരക്ഷിതരാണെന്ന് കരുതട്ടെ.
പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതില്‍ പരിചയമുള്ള, അത് നേരിടാന്‍ ജനങ്ങളും
ഔദ്യോഗിക സംവിധാനവും അമേരിക്കയിലെ ദുരന്ത നിവാരണ അതോറിറ്റിയും ഒക്കെ
സജ്ജമാണ് താനും. എന്നാലും പ്രകൃതി അതിന്റെ യഥാര്‍ത്ഥ ശക്തി
പുറത്തെടുക്കുമ്പോള്‍ മനുഷ്യര്‍ പൊതുവെ നിസ്സഹായരാകും. സൂപ്പര്‍ പവറുകളുടെ
ശക്തി ഒന്നും പ്രകൃതിയോട് മത്സരിക്കുമ്പോള്‍ ഒന്നുമല്ല.
ഇക്കാലത്ത് ഓരോ കൊടുങ്കാറ്റും വരുമ്പോള്‍ ചോദിക്കുന്ന ചോദ്യം 'ഇത് കാലാവസ്ഥ
വ്യതിയാനവുമായി ബന്ധപ്പെട്ടതാണോ' എന്നാണ്. ഒരു മഴയോ ഒരു കാറ്റോ ഒക്കെ
നേരിട്ടതു കൊണ്ട് അതിന് കാരണം കാലാവസ്ഥ വ്യതിയാനം ആണോ എന്ന് പറയാന്‍
സാധിക്കില്ല. പക്ഷെ ആഗോള താപനത്തിന്റെ പ്രവചിക്കപ്പെട്ട പ്രത്യാഘാതങ്ങളില്‍
പ്രധാനമാണ് കൂടുതല്‍ സാന്ദ്രത ഉള്ള മഴയും, കൂടുതല്‍ ശക്തിയുള്ള കാറ്റും.
ഇതൊക്ക വലിയ മഴയും കാറ്റും പതിവില്ലാത്ത സ്ഥലങ്ങളില്‍ കൂടി വരാം എന്നതാണ്
മറ്റൊരു പ്രവചനം. അത് കൊണ്ട് തന്നെ ലോകത്തെവിടെയും നടക്കുന്ന കാലാവസ്ഥ
ബന്ധിതമായ ദുരന്തങ്ങള്‍ നാം ശ്രദ്ധിക്കണം.
കഴിഞ്ഞയാഴ്ച്ച കേരളത്തിലെ എം എല്‍ എ മാര്‍ക്ക് വേണ്ടി നടത്തിയ
പ്രഭാഷണത്തിലും ഞാന്‍ പറഞ്ഞത് ഇത് തന്നെയാണ്. കാലാവസ്ഥ മാറുകയാണ്,
പലയിടത്തും അതിന്റെ പ്രത്യാഘാതങ്ങള്‍ കണ്ടു തുടങ്ങി. വന്‍ മഴയും (1924)
വലിയ കാറ്റും (1939) ഉണ്ടായിട്ടുള്ള നാടാണ് നമ്മുടേത്. ഇതൊക്കെ നാം മറന്നു
തുടങ്ങിയെങ്കിലും അവര്‍ വീണ്ടും വരും, പൂര്‍വ്വാധികം ശക്തിയോടെ. അതോടൊപ്പം
സമുദ്രജലത്തിന്റെ നിരപ്പുയരുക കൂടി ചെയ്യുമ്പോള്‍ ദുരന്തം ഉറപ്പാണ്.
എറണാകുളം ഒക്കെ സ്ഥിരം കുളമാകും.
ഈ വിഷയത്തെ ദുരന്ത നിവാരണം എന്ന നിലക്കല്ല, ദീര്‍ഘവീക്ഷണത്തോടെ ഉള്ള
സ്ഥല/വിഭവ വിനിയോഗ പ്രശ്നം ആയി വേണം കാണാന്‍. കേരളത്തിന്റെ വികസനത്തിന്
തത്കാലം വലിയ തടസ്സമായി നില്‍ക്കുന്നത് ഭൂമിയെ വസ്തുവായി കണ്ട് അതില്‍
നിക്ഷേപിക്കുന്ന അവസ്ഥയാണ്. ഇതില്‍ നിന്നും സ്ഥലവിനിയോഗം പരിസ്ഥിതിയെ
അടിസ്ഥാനമാക്കിയുള്ള പ്ലാനിങ്ങിന് ഉപയോഗിക്കാനുള്ള ഒരവസരം ആയി കാലാവസ്ഥ
വ്യതിയാനത്തെ നമുക്ക് കാണാം.
നമ്മള് തയ്യാറാണോ ?