ദമ്മാം: തിരുവോണദിവസം കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് നാട്ടിലേക്കാൾ വലിയ ഉത്സവമേളം പകർന്നു നൽകി, നവയുഗം സാംസ്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റിന്റെ വാർഷിക സമ്മേളനമായ "ചമയം 2017" ഈദ് -ഓണം ആഘോഷങ്ങൾ, സാംസ്കാരിക സമ്മേളനം, കലാസന്ധ്യ എന്നിവയോടെ അരങ്ങേറി.
ഉച്ചയ്ക്ക് ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ചമയം 2017 തുടങ്ങിയത്. തുടർന്ന് റാക്ക ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ കുഞ്ഞച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രമുഖ നാടകപ്രവർത്തകനും, ദമ്മാം നാടകവേദിയുടെ സൂത്രധാരനുമായ ബിജു പി.നീലേശ്വരം ഉത്ഘാടനം ചെയ്തു. കേരളത്തിൽ ജീവിയ്ക്കുന്നവരെക്കാളും ഓണത്തെ ഒരു വികാരമായി ആഘോഷിയ്ക്കുന്നത് പ്രവാസികളാണെന്ന് അദ്ദേഹം ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിൽ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ നവയുഗം അൽഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈൻ കുന്നിക്കോട്, നവയുഗം അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം, നൗഷാദ് തഴവ (പൈതൃകം) എന്നിവർ ആശംസ പ്രസംഗം നടത്തി. റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി രെഞ്ചി കെ രാജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസത്തിന്റെ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ യൂണിറ്റ് അംഗങ്ങളായ ജയരാജ്.ആർ, കുട്ടിശങ്കരൻ, പി.കെ.ഉമ്മർ എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
നവയുഗം കേന്ദ്രകായികവേദി കൺവീനർ റെജി സാമുവൽ സ്വാഗതവും, ബെറ്റി റെജി നന്ദിയും ആശംസിച്ചു.
തുടർന്ന് സഹീർഷാ അവതാരകനായി നടന്ന കലാസന്ധ്യയിൽ, നവയുഗം തുഗ്ബ വനിതാ യൂണിറ്റ് അവതരിപ്പിച്ച തിരുവാതിരക്കളി, കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാർ അണിനിരന്ന വിവിധ നൃത്തങ്ങൾ, പാട്ടുകൾ, കവിതാലാപനം, മിമിക്രി, വിവിധ വിനോദമത്സരങ്ങൾ എന്നിവ അരങ്ങേറി. ചടങ്ങിൽ ഉടനീളം നിറഞ്ഞു നിന്ന മാവേലിയുടെ പ്രച്ഛന്നവേഷം ഏറെ പ്രശംസ പിടിച്ചു പറ്റി.
വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്കും, മത്സര വിജയികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
പരിപാടികൾക്ക് നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ അരുൺ ചാത്തന്നൂർ, ബിജു വർക്കി, റെജി സാമുവൽ, റാക്ക ഈസ്റ്റ് യൂണിറ്റ് നേതാക്കളായ ടോണി കൊളരിക്കൽ, ബിനു കുഞ്ഞു, ഷെയ്ഖ് ഫരീദ്, ഷിനു തോട്ടൻ, സിജു മാത്യു, നാസ്സർ, നിജാസ് അലി, ഷമീർ, രവി, എബി ജോർജ്ജ്, രതീഷ്, കോശി ജോർജ്ജ്, ജിജോ എന്നിവർ നേതൃത്വം നൽകി.
കേരളത്തിലെ ഓണക്കാലത്തെ ദമ്മാമിലേയ്ക്ക് പറിച്ചു നട്ടതുപോലെ ആഘോഷമേളം തീർത്ത ചമയം-2017ൽ, നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു.