ജക്കാര്‍ത്ത: ഫുട്ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഗോളി മരിച്ചു. ഇന്തൊനേഷ്യന്‍ ഗോള്‍കീപ്പറായ ഖൊയ്റുള് ഹുദയാണു മരിച്ചത്.
തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തില്‍ നടന്ന ഇന്തൊനേഷ്യന്‍ സൂപ്പര്‍ലീഗ് മത്സരത്തിനിടെയായിരുന്നു ദാരുണസംഭവം. സെമംഗ് പഡാംഗിനെതിരായ മത്സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാനിരിക്കെ ടീമംഗമായ ഡിഫന്‍ഡര്‍ റാമോണ്‍ റോഡ്രിഗസുമായി ഹുദ കൂട്ടിയിടിക്കുകയായിരുന്നു. റോഡ്രിഗസിന്റെ മുട്ട് ഹുദയുടെ പിന്കഴുത്തില് ഇടിച്ചു. ഗ്രൗണ്ടില്‍ കുനിഞ്ഞിരുന്ന ഹുദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പെര്‍സല ലമോംഗ്ഡാംഗിയ്ക്കുവേണ്ടി ഹുദ 500 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 18 വര്‍ഷമായി പെര്‍സല ടീമിലെ താരമാണ് ഹുദ.