ന്യൂഡല്‍ഹി: താജ്മഹല്‍ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി ഷാജഹാനെതിരേ ബിജെപി എംഎല്‍എ സംഗീത് സോം നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്.
താജ്മഹല്‍ മാത്രമല്ല, ഡല്‍ഹിയിലെ ചെങ്കോട്ടയും നിര്‍മിച്ചത് 'രാജ്യദ്രോഹി'യാണെന്നും പ്രധാനമന്ത്രി അവിടെ പോയി പ്രസംഗിക്കുന്നത് നിര്‍ത്തുമോ എന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസും നിര്‍മിച്ചത് സംഗീത് സോം പറഞ്ഞ രാജ്യദ്രോഹികളാണ്. വിദേശത്തു നിന്നും വരുന്ന അതിഥികള്‍ക്ക് ഹൈദരാബാദ് ഹൗസില്‍ വിരുന്ന് നല്‍കുന്നത് നിര്‍ത്താന്‍ പ്രധാനമന്ത്രി തയാറാകുമോ എന്നും ഒവൈസി ചോദിച്ചു.
ഒവൈസിക്ക് പുറമേ സമാജ്വാദി പാര്‍ട്ടിയും നാഷണല്‍ കോണ്‍ഫറന്‍സും ബിജെപി എംഎല്‍എയ്ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. വരുന്ന സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ട ഒഴിവാക്കി പ്രധാനമന്ത്രി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് കാണാന്‍ കാത്തുനില്‍ക്കുകയാണെന്നാണ് ഒമര്‍ അബ്ദുള്ള പരിഹസിച്ചു. താജ്മഹലിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ലഭിക്കുന്ന വരുമാനം ഇല്ലാതാക്കരുതെന്ന് എസ്പി നേതാവ് ജുഹി സിംഗും പ്രതികരിച്ചു.