ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ നേതൃത്വത്തില്‍ സുവിശേഷവല്‍ക്കരണ ലക്ഷ്യത്തോടെ യുകെയില്‍ എട്ടു റീജണുകളിലായി ക്രമീകരിച്ചിരിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനു സമാപനമായി ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു തിരുവചനങ്ങള്‍ക്കു കാതോര്ക്കുവാന് ഒഴുകിയെത്തുക ആയിരങ്ങള്‍. വെസ്റ്റ്മിന്‍സ്റ്റര്‍, സൗത്താര്‍ക്ക്, ബ്രെന്‍ഡ്വുഡ് തുടങ്ങിയ ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമായി മുന്‍കൂട്ടി ബുക്ക് ചെയ്ത ഡബിള്‍ ഡക്കര്‍ ബസുകള്‍, കോച്ചുകള്‍ എന്നിവയിലായി വിശ്വാസി സമൂഹം തിരുവചന അഭിഷേകാഗ്നി കണ്‍വന്‍ഷനിലേക്കു എത്തിച്ചേരും.
ജപമാല ഭക്തിയുടെ മാസത്തില്‍ പരി. അമ്മയുടെ മാധ്യസ്ഥം വഴിയായി പരിശുദ്ധാല്മ ശുശ്രുഷകളുടെ അനുഗ്രഹീത കാര്മ്മികന് ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ യുകെയില്‍ ഉടനീളം സുവിശേഷ വിരുന്നൊരുക്കുന്പോള് അത് അത്ഭുത നവീകരണങ്ങളുടെയും, ദൈവ കൃപകളുടെയും അനുഗ്രഹങ്ങളായി മാറുവാന്‍ രൂപതയിലുടനീളം മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ഉപവാസങ്ങളുമായി വിശ്വാസി സമൂഹം ആല്മീയമായ ഊര്‍ജ്ജം പകര്‍ന്നുവരുന്നു.
അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ പങ്കു ചേര്‍ന്ന് ദൈവീക അനുഭവവും,സ്നേഹവും,വരദാനങ്ങളും പ്രാപിക്കുവാന്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര, ഫാ.മാത്യു കാട്ടിയാങ്കല്‍,ഫാ.സാജു പിണക്കാട്ട് എന്നിവര്‍ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ഒക്ടോബര്‍ 29 നു ഞായറാഴ്ച രാവിലെ 9. 30 മുതല്‍ വൈകുന്നേരം 6 വരെ.
Allianz Park, Greenlands Lanes, Hendon, London NW4 1RL
റിപ്പോര്‍ട്ട്: അപ്പച്ചന് കണ്ണന്‍ചിറ