തിരുവനന്തപുരം: സഹപാഠികളോട് വഴക്കിട്ടെന്നാരോപിച്ച് രണ്ടാം ക്ലാസുകാരനെ സസ്പെന്‍ഡ് ചെയ്തു. തലസ്ഥാനത്തെ ബാലരാമപുരത്തെ സ്വകാര്യ സ്കൂളിലാണ് വിചിത്ര നടപടി. അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം, കുട്ടിയെ സസ്പെന്‍ഡ് ചെയ്തിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്കൂളിലെ രക്ഷാകര്‍തൃ സമിതി യോഗം ചേര്‍ന്നാണ് നടപടിയെടുത്തതെന്നും കുട്ടിയെ രണ്ടു ദിവസത്തേക്ക് സ്കൂളിലേക്ക് വിടണ്ട എന്ന് മാത്രമാണ് പറഞ്ഞതെന്നും സ്കൂള്‍ പ്രന്‍സിപ്പാള്‍ അറിയിച്ചു.
ഇക്കാര്യം അറിയിച്ചപ്പോള്‍ കുട്ടിയെ സസ്പെന്‍ഡ് ചെയ്തു എന്ന് കാണിച്ചുള്ള നോട്ടീസ് നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടുവെന്നും ഇത് തര്‍ക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയതെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായാണ് കുട്ടിയോട് അധ്യാപകര്‍ ഈ നടപടി സ്വീകരിച്ചതെന്നും കുട്ടിയെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്നുള്‍പ്പെടെ മാറ്റിനിര്‍ത്തിയെന്നും പിതാവും ആരോപിച്ചു.
അതിനിടെ, കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തുവെന്നാണ് വിവരം.