ന്യുയോര്‍ക്ക്: മലയാളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ സാംസ്കാരിക ചാനലായ
ജ്ഞാനയോഗി ടിവിയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ 25 ന്
തുടക്കമാകും. ന്യൂയോര്‍ക്കിലെ വിഷന്‍ ഔട്ട്റീച്ച് ഇന്റര്‍നാഷണല്‍ ഹോളില്‍
25-ാം തീയതി നടക്കുന്ന ചടങ്ങില്‍ പ്രമുഖ വേദപണ്ഡിതനും താന്ത്രികാചാര്യനുമായ
സൂര്യകാലടിമന സുബ്രഹ്മണ്യ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും.
ജ്ഞാനയോഗി ചാനല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മില്‍ട്ടണ്‍ ഫ്രാന്‍സിസ്
യോഗി നെറ്റ് വര്‍ക്ക് ലിമിറ്റഡ് ഡയറക്ടര്‍ ഈ.ലോകേശ്വര, പ്രമുഖ ജോതിഷ
പണ്ഡിതന് ആചാര്യ സേതുമാധവജി എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
ഹെരിറ്റേജ് ഓഫ് ഇന്‍ഡ്യ ഫൌണ്ടേഷന് പ്രസിഡന്റ് സുധാകര്‍ത്താ, കേരളാ റ്റുഡേ
എഡിറ്റര്‍ ലാലു ജോസഫ്, സംബോധ് ഫൌണ്ടേഷന്, ശിവഗിരിമഠം, ഇസ്കോണ്‍
എന്നിവയുടെ പ്രതിനിധികള്‍, ഹൈന്ദവ ആത്മീയ നേതാക്കള്‍, അമേരിക്കന്‍
മലയാളികള്‍, വ്യവസായികള്‍ മുതലായവരും പരിപാടിയില്‍ പങ്കെടുക്കും.
ദക്ഷിണേന്ത്യയിലെ പ്രമുഖ കമ്പനിയാണ് ജ്ഞാനയോഗി ടിവിയുടെ ഉടമസ്ഥര്‍.
തെലുങ്കില്‍ ഇപ്പോള്‍ത്തന്നെ ചാനല്‍ സംപ്രേഷണം ചെയ്തുവരുന്നുണ്ട്.
സ്റ്റുഡിയോ വണ്‍ എന്ന തെലുങ്കു ന്യൂസ് ചാനലും യോഗി നെറ്റ് വര്‍ക്ക്സിന്റെ
ഉടമസ്ഥതയില്‍ നടന്നുവരുന്നുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും
ബ്രോഡ്കാസ്റ്റിങ് വിദഗ്ദ്ധനുമായ മില്‍ട്ടണ്‍ ഫ്രാന്‍സിസ്സാണ് ചാനലിന്റെ
സി.ഇ.ഓയും പ്രോഗ്രാം മേധാവിയുമായി ചുമതലവഹിക്കുന്നത്.
ഭാരതീയമൂല്യങ്ങള്ക്കും സനാതനധര്മ്മങ്ങള്ക്കും ഊന്നല്‍ നല്കുന്ന
ജ്ഞാനയോഗി ചാനലിന്റെ ആസ്ഥാനം തൃശൂരാണ് സ്ഥിതിചെയ്യുന്നത്. ആധുനിക
സജ്ജീകരണങ്ങളോടുകൂടിയ സ്റ്റുഡിയോ കോംപ്ളക്സ് ക്ഷേത്രനഗരിയായ തൃശൂരിലെ
പൂങ്കുന്നത്ത് സജ്ജീകരിച്ചിട്ടുണ്ട്.
പ്രമുഖ കേബിള്‍ടിവി നെറ്റ് വര്‍ക്കുകളും യുപ് ടിവി പോലുള്ള ഐ പി ടിവി
സംവിധാനങ്ങളിലും വിവിധ ഡി.റ്റി.എച്ചുകളിലും ആന്‍ഡ്രോയിഡ്, ആപ്പിള്‍, ഐഓസ്
സംവിധാനങ്ങളിലൂടെ യോഗി ടിവി തത്സമയം കാണാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ സന്യാസി ശ്രേഷ്ഠരായ സദ്ഗുരു ജഗ്ഗിവാസുദേവന്, ശ്രീ ശ്രീ
രവിശങ്കര്‍, സ്വാമി രാംബാബ, ബ്രഹ്മകുമാരീസ് തുടങ്ങിയവരുടെ ആത്മീയ
പ്രഭാഷണങ്ങള്‍ ചാനലില്‍ ദിവസവും സംപ്രേഷണം ചെയ്തുവരുന്നുണ്ട്. യോഗാഭ്യാസം,
ക്ഷേത്രവാര്‍ത്തകള്‍, ലളിതായനം, നാരായണീയം, ക്ഷേത്രകലകള്‍, സപ്താഹങ്ങള്‍,
ഉപനിഷത്ത്, ഭഗവത്ഗീത, ശങ്കരദര്‍ശനം തുടങ്ങി ഹൈന്ദവ ജീവിതത്തിലെ സമസ്ത
മേഖലകളും സ്പര്‍ശിക്കുന്ന പരിപാടികള്‍ യോഗി ടിവിയിലൂടെയാണ് മലയാളികള്‍ക്ക്
ലഭ്യമായി വരുന്നത്. വിവിധ ക്ഷേത്രോത്സവങ്ങളും ആത്മീയ സാംസ്കാരിക
പരിപാടികളും ആത്മീയ പ്രഭാഷണങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള
സംവിധാനം ജ്ഞാനയോഗിക്ക് സ്വന്തമായുണ്ട്.
സന്യാസി ശ്രേഷ്ഠന്മാരുമായുള്ള തത്സമയം സംവാദം, യോഗാഭ്യാസം, കുണ്ഡലനിയോഗം,
ജോതിഷ പരിപാടികള്‍ തുടങ്ങിയവ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന
സനാതനധര്‍മ്മത്തിലധിഷ്ഠിതമായ പരിപിടികള് യോഗിടിവിയുടെ മാത്രം
പ്രത്യേകതയാണ്.
പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷത്തിനകംതന്നെ കേരളത്തിലെ ഹൈന്ദവ
കുടുംബങ്ങളില്‍ ആത്മീയ തേജസ് ചൊരിയുവാന്‍ യോഗി ടിവിക്കായി എന്ന് ചാനല്‍
സി.ഇ.ഓ.മില്‍ട്ടണ്‍ ഫ്രാന്‍സിസ് പറഞ്ഞു. കേരളത്തിലെ ബഹുഭൂരിപക്ഷം
കുടുംബങ്ങളിലും യോഗി ടിവി അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. കേരളത്തിലെ
പ്രമുഖ ആശ്രമങ്ങളായ ചിദാനന്ദപുരിയുടെ കൂളത്തൂര്‍ ആശ്രമം, ഉദിത് ചൈതന്യയുടെ
ഭാഗവതഗ്രാമം, ശിവഗിരി മഠം, വിദ്യാധിരാജാ ആശ്രമം, സ്കൂള്‍ ഓഫ് ശാന്തി
യോഗാസ്കൂള് തുടങ്ങിയവയുടെ മാധ്യമ പങ്കാളികൂടിയാണ് യോഗി ചാനല്‍.
ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും വരുംതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുക
എന്ന ലക്ഷ്യം ചാനല്‍ പൂര്ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മില്‍ട്ടണ്‍
ഫ്രാന്‍സിസ് പ്രസ്താവിച്ചു. അമേരിക്കയിലെ ഹൈന്ദവകുടുംബങ്ങള്ക്ക് ജ്ഞാനയോഗി
ടിവി പുതിയ ഒരു അനുഭവവും ആത്മീയ വഴികാട്ടിയുമാകുമെന്ന് മില്‍ട്ടണ്‍
ഫ്രാന്‍സിസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
അമേരിക്കന്‍ മലയാളികള്‍ക്ക് യോഗി നെറ്റ് വര്‍ക്ക്സിന്റെ സമ്മാനമാണ്
ജ്ഞാനയോഗി മലയാളം എന്ന് ചാനല്‍ എംഡിയും യോഗി നെറ്റ് വര്‍ക്ക്സ് ഗ്രൂപ്പ്
ഡയറക്ടറുമായ ഈ.ലോകേശ്വര പറഞ്ഞു. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍
ചാനലിന് ഉടന്‍തന്നെ പ്രതിനിധികളെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയിലെ ക്ഷേത്ര വിശേഷങ്ങളും ഹൈന്ദവ ആത്മീയ പരിപാടികളും
ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികള്‍ പതിവായി സംപ്രേക്ഷണം
ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളതായി ചാനല്‍ സി.ഇ.ഒ അറിയിച്ചു.
പ്രമുഖ വേദപണ്ഡിതനും താന്ത്രികാചാര്യനുമായ സൂര്യകാലടിമന സുബ്രഹ്മണ്യ
ഭട്ടതിരിപ്പാടിന്റെ പരിപാടികള്‍ യോഗി ടിവി വിവിധ നഗരങ്ങളില്‍
സംഘടിപ്പിച്ചിട്ടുണ്ട്. സുപ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ സേതുമാധവ്ജിയുടെ
ജ്യോതിഷ സംബന്ധിയായ സംശയനിവാരണ പരിപാടിയും ഇതോടൊപ്പം ഉണ്ടായിരിക്കും.
കുടുംബ ഐശ്വര്യം, ദാമ്പത്യം, തൊഴില്‍, സാമ്പത്തികഉന്നമനം, വിദ്യാഭ്യാസം
തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരമാണ് പരിപാടിയില്‍
അദ്ദേഹം നിര്‍ദ്ദേശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുധാകര്‍ത്താ, ഫോണ്‍: +1267 575 7333
കനകരാഘവന്‍
മീഡിയ കോഡിനേറ്റര്‍