കാന്‍സാസില്‍ വംശീയ ആക്രമണത്തില്‍നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍
ശ്രമിക്കുന്നതിനിടെ വെടിയേറ്റ ഇയാന്‍ ഗ്രില്ലോട്ടിനു ടൈം മാസികയുടെ ബഹുമതി.
'2017 ല്‍ പ്രതീക്ഷ പകര്‍ന്ന അഞ്ച് ഹീറോ'കളില്‍ ഒരാളായി ഗ്രില്ലോട്ടിനെ ടെം
നിര്‍ദേശിച്ചു.
ഐ.ടി പ്രൊഫഷനലായ ശ്രീനിവാസ് കുച്ചിബോട്ലയ്ക്കും സുഹൃത്ത് അലോക്
മദസാനിക്കും നേര്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ ബാറില്‍ വച്ച് ആഡം
പ്യൂരിന്റണ് എന്ന മുന്‍ സൈനികനാണു ആക്രമണം നടത്തിയത് . ആദ്യം വര്‍ഗീയ വിഷം
വമിക്കുന്ന വാക്കുകളുമായി അയാള്‍ ഇരുവരെയും നേരിട്ടു. തുടര്‍ന്ന് കാറില്‍
നിന്ന് തോക്കുമായി എത്തി വെടിവയ്ക്കുകയായിരുന്നു. 'പുറത്തുപോകൂ എന്റെ
രാജ്യത്തു നിന്ന്' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു നിറയൊഴിച്ചത്.
അക്രമിയെ തടയാന്‍ ചാടി വീണ ഇരുപത്തിനാലുകാരനായ ഗ്രില്ലോട്ടിനും വെടിയേറ്റു.
ആക്രമണത്തില്‍ ശ്രീനിവാസിന് ജീവന് നഷ്ടപ്പെടുകയും സുഹൃത്തിന് ഗുരുതരമായി
പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ ഗ്രില്ലോട്ട് പിന്നീട്
ആശുപത്രിയില്‍ സുഖം പ്രാപിച്ചു.
ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹം ഗ്രില്ലോട്ടിനെ 'എ ട്രൂ
അമേരിക്കന്‍ ഹീറോ' ആയി ആദരിച്ചിരുന്നു. 100,000 ഡോളര്‍ സഹായധനമായി
നല്‍കുകയും ചെയ്തു.
അന്ന് താന്‍ ഒന്നും ചെയ്തിരുന്നില്ലെങ്കില്‍
ഇന്ന് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് ടൈം മാഗസിനില്‍
എഴുതിയ ലേഖനത്തില്‍ ഗ്രില്ലോറ്റ് പറയുന്നു. എല്ലാവരുടെയും പ്രാര്‍ഥനയും
പിന്തുണയുമാണ് തന്നെ ഇന്നും നിലനിര്‍ത്തുന്നത്. ജീവനോടെയിരിക്കാന്‍
സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കൊലപാതകം ചാര്‍ജ് ചെയ്ത പ്യൂരിന്റണ് കോടതിയില്‍ കുറ്റം നിഷേധിച്ചു
പ്യൂര്ട്ടോറിക്കോയിലുണ്ടായ മരിയ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്ക്
ഭക്ഷണമെത്തിച്ച പാചകക്കാരന് ജോസ് അഡ്രിയാസ്, ഹാര്‍വി ചുഴലിക്കാറ്റിന്റെ
സമയത്ത് ഹൂസ്റ്റണില്‍ അയല്‍ക്കാരിയുടെ പ്രസവത്തിന് ആവശ്യമായ സഹായങ്ങള്‍
ചെയ്തു കൊടുത്ത പരിസരവാസികള്‍, കാവല്‍നിന്ന ആട്ടിന്‍കൂട്ടത്തെ കാട്ടുതീ
പടര്‍ന്നപ്പോഴും ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ഗ്രേറ്റ് പൈറെനീസ്
ഇനത്തില്‍പ്പെട്ട ഒരുവയസ്സുകാരനായ ഓഡിന് എന്ന നായ, ലാസ് വേഗാസ്
വെടിവെപ്പില്‍ 20 അപരിചിതരെ രക്ഷപ്പെടാന്‍ സഹായിച്ച ജോനാഥന് സ്മിത്ത്
എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.