ഒക്കലഹോമ: ശബളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ഏപ്രില്‍ ആദ്യവാരം മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച അദ്ധ്യാപകര്‍ക്കൊപ്പം സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരും ഏപ്രില്‍ 2 മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് ഒക്കലഹോമ പബ്ലിക്ക് എംപ്ലോയ്സ് അസ്സോസിയേഷന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു.
ഏപ്രില്‍ 2ന് മുമ്പ് ഒക്കലഹോമ നിയമസഭാ സാമാജികര്‍, സംസ്ഥാന ജീവനക്കാരുടെ ശബളവര്‍ദ്ധനവ് അംഗീകരിച്ചില്ലെങ്കില്‍ സമരമാരംഭിക്കാന്‍ മാര്‍ച്ച് 10 ശനിയാഴ്ച ചേര്‍ന്ന സംഘടനാ സമ്മേളനം വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. 213 മില്യണ്‍ ഡോളറിന്റെ ശബളവര്ദ്ധനവാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
പണിമുടക്ക് ഉള്‍പ്പെടെയുള്ള വിവിധ സമരമുറകള്‍ക്കാണ് രൂപം നല്‍കുന്നതെന്ന് യൂണിയന് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ടോം ഡണ്ണിങ്ങ് പറഞ്ഞു.
1990 ല്‍ ഏകദേശം 28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒക്കലഹോമ അദ്ധ്യാപകര്‍ ആദ്യമായി ശബളവര്ദ്ധനയുള്പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി സമരരംഗത്തിറങ്ങിയത്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥ സമരരീതിയായിരിക്കും ഏപ്രില്‍ 23 മുതല്‍ അദ്ധ്യാപകര്‍ സ്വീകരിക്കുകയെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.