തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. കുപ്പിവെള്ളം വിലകുറച്ചു വില്‍ക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.
കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 20 രൂപവരെയായ സാഹചര്യത്തിലാണു ഭക്ഷ്യമന്ത്രി യോഗം വിളിച്ചത്. 10 രൂപയായിരുന്ന വില നിര്‍മാതാക്കള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നു. ഇന്ധന വില ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നു എന്നകാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്. അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ കീഴില്‍കൊണ്ടുവരാന്‍ തീരുമാനിച്ചത്.
കുപ്പിവെള്ളം ഒരു കുപ്പിക്ക് പന്ത്രണ്ടു രൂപയാക്കാന്‍ കേരളത്തിലെ കന്പനികള്‍ ധാരണയിലെത്തിയിരുന്നെങ്കിലും ഒരുവിഭാഗം അതിനു തയാറായിരുന്നില്ല.