ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ടു ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ തനിക്ക് പങ്കില്ലെന്നും സര്‍ക്കാര്‍ നയമനുസരിച്ചാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തതെന്നും കനിമൊഴി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കലൈഞ്ജര്‍ ടിവിയിലെ വെറും ഓഹരി ഉടമ മാത്രമാണ് താനെന്നും തീരുമാനങ്ങളെടുക്കാനുളള അധികാരമുണ്ടായിരുന്നില്ലെന്നും കനിമൊഴി ഹര്‍ജിയില്‍ പറയുന്നു. ടു ജി ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് പകരമായി താന്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും തനിക്കെതിരെ ഇതുസംബന്ധിച്ച് തെളിവൊന്നുമില്ലെന്നും കനിമൊഴി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടു ജി കേസില്‍ അറസ്റ്റിലായ കനിമൊഴി 165 ദിവസത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞ വര്‍ഷം നവംബര്‍ 28നാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.