മലയാള സിനിമയിലേക്ക് മറ്റൊരു നായകന് കൂടി സംവിധായകന്റെ തൊപ്പി അണിഞ്ഞെത്തുമെന്ന് പ്രതീക്ഷിക്കാം. സാക്ഷാല്‍ ദിലീപാണ് സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ദിലീപിന്റെ പദ്ധതിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് ലൂസിഫര്‍ ഒരുക്കാന്‍ പോകുകയാണിപ്പോള്‍. ഇതിനു പിന്നാലെയാണ് ദിലീപിന്റെ സംവിധാന സ്വപ്നങ്ങളും സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്.
നിലവില്‍ പ്രൊഫസര്‍ ഡിങ്കന് എന്ന സിനിമയില്‍ അഭിനയിച്ചു വരുകയാണ് ദിലീപ്. ഇതിനു ശേഷം പുതിയ ചിത്രങ്ങളൊന്നും ദിലീപ് കരാര്‍ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപ് കേസും പ്രശ്നങ്ങളും അവസാനിച്ചതിനു ശേഷമേ ഇനി അഭിനയ രംഗത്തേക്കുള്ളു എന്ന തീരുമാനത്തിലാണത്രേ. ഈ ഇടവേളയിലാണ് ഒരു സിനിമ സംവിധാനം ചെയ്യാനായി ദിലീപ് ആലോചിക്കുന്നത്.
അഭിനയരംഗത്ത് എത്തുന്നതിനും മുമ്പ് സംവിധാന രംഗത്ത് ഏറെ പരിചയമുണ്ടായിരുന്ന വ്യക്തിയാണ് ദിലീപ്. സംവിധായകന് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദിലീപ്. നടന് ജയറാമിന്റെ അടുത്ത് അവസരങ്ങള്‍ ചോദിച്ചെത്തിയ ദിലീപിനെ ജയറാമാണ് സംവിധായകന് കമലിന്റെ ശിഷ്യനാക്കിയത്. അസിസ്റ്റന്റ് ഡയറക്ടറായി പോകുന്നതിനിടയിലാണ് ദിലീപിന് ചെറിയ വേഷങ്ങള്‍ ലഭിക്കുന്നതും പിന്നീട് നായകനായി മാറുന്നതും.
എന്നാല്‍ നായകനായി മാറിയതിനു ശേഷവും ഒരു താരം ദിലീപിനോട് 'നീയൊരു സിനിമ സംവിധാനം ചെയ്യു' എന്ന് നിര്‍ബന്ധിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. അത് മറ്റാരുമല്ല. സാക്ഷാല്‍ മമ്മൂട്ടി തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി ആവശ്യപ്പെട്ട കാര്യം ഇപ്പോള്‍ യഥാര്‍ഥ്യമാകുമോ എന്ന് കാത്തിരിക്കുകയാണ് ചലച്ചിത്ര ലോകം.