നൊവൊഗാര്‍ഡ്: നിഷ്നി സ്റ്റേഡിയത്തില്‍ ഗോള്‍ കൊണ്ട് ഇംഗ്ലണ്ടിന്റെ സംഹാരതാണ്ഡവം. ഗ്രൂപ്പ് ജിയില്‍ പാനമയ്ക്കെതിരേ ആറു ഗോളടിച്ച് അര്മാദിച്ച ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി. ഒപ്പം ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയവും പ്രീ ക്വാര്‍ട്ടറിന് ടിക്കറ്റെടുത്തു. രണ്ടു മത്സരങ്ങളിലും തോറ്റ പാനമയും ടുണീഷ്യയും ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു. എഴുപത്തിയെട്ടാം മിനിറ്റില്‍ ഫെലിപ്പ് ബലോയുടെ വകയായിരുന്നു പാനമയുടെ ആശ്വാസഗോള്‍. ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണ്. ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37കാരനായ ബലോയ്.