പ്രളയം ഒടുങ്ങിയതോടെ കാരുണ്യത്തിന്റെ കഥകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കേള്‍ക്കുന്നത്. പയ്യന്നൂര്‍ ഷേണായി സ്മാരക സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വാഹയാണ് ഇത്തരത്തില്‍ ഒടുവില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അച്ഛന് തനിക്കും അനുജനുമായി നല്കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാനാണ് സ്വാഹയുടെയും അനുജന്റെയും തീരുമാനം. ഇക്കാര്യമറിയിച്ച് സ്വാഹ മുഖ്യമന്ത്രിക്കു കത്തെഴുതി.
സ്വാഹയുടെ കത്തിന്റെ പൂര്‍ണരൂപം
"അണ്ണാന്‍കുഞ്ഞും തന്നാലായത്' എന്നല്ലേ. നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന് ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്കാന് ആഗ്രഹിക്കുന്നു. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്, ഞങ്ങളുടെ നാളേക്കു വേണ്ടി കരുതിവച്ചിരുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്കാന് നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്
വിനീത വിധേയര്‍
സ്വാഹ, ബ്രഹ്മ
സ്കൂളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണു ഭൂമി വാഗ്ദാനം ചെയ്തു ചേച്ചിയും അനുജനും കത്തു കൈമാറിയത്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ ശങ്കരന്റെയും വിധുബാലയുടേയും മകളാണ് സ്വാഹ. പയ്യന്നൂര്‍ ചെറുപുഴ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്താണ് ഒരേക്കര്‍ സ്ഥലം സ്ഥിതി ചെയ്യുന്നത്. മാര്‍ക്കറ്റ് വില 50 ലക്ഷം രൂപ വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഭൂമി കൈമാറാന്‍ ആഗ്രഹമറിയിച്ച് സ്വാഹ സ്കൂളിലെ പ്രിന്‍സിപ്പലിനു നല്കിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.