Image

പക്ഷെ കേരളം തോല്‍ക്കില്ലെന്ന് മനസ്സറിഞ്ഞു പ്രഖ്യാപിക്കുകയാണ് ലോകം...

Published on 21 August, 2018
പക്ഷെ കേരളം തോല്‍ക്കില്ലെന്ന് മനസ്സറിഞ്ഞു പ്രഖ്യാപിക്കുകയാണ് ലോകം...
Rajeesh Kumar Abhimanyu -FB
ദുരന്തമുഖത്ത് സര്‍വവും നഷ്ടപ്പെട്ട മനുഷ്യരോട് സംവദിക്കാവുന്ന ഒരേയൊരു ഭാഷ സ്‌നേഹത്തിന്റെതും സഹായത്തിന്റേതുമാകണമെന്ന് യു എ ഇ പ്രഖ്യാപിക്കുകയാണ്.. തങ്ങളുടെ അദ്ധ്വാനശേഷിയും ബൗദ്ധികതയും ഒരു നാടിനു വേണ്ടി സമര്‍പ്പിക്കുന്ന ജനതയ്ക്ക് ഭരണകൂടം എങ്ങനെ കരുതല്‍ കൊടുക്കണമെന്ന് യു എ ഇ ഇന്ത്യന്‍ അധികാരികളെ പഠിപ്പിക്കുകയാണ്
----------------------------------------------------------------------------
ജൂലൈ രണ്ടാം വാരം മുതല്‍ കേരളം ദുരന്തമുഖത്താണ്.. കുട്ടനാട്ടിലെ ചെറു വെള്ളപ്പൊക്കത്തില്‍ തുടങ്ങി ആഗസ്‌റ് 15 മുതല്‍ കേരളത്തെ വിഴുങ്ങിയ മഹാപ്രളയം വരെ ഏതാണ്ട് ഒരുമാസക്കകാലമായി ഈ നാട്ടിലെ സാധാരണ ജനജീവിതം താറുമാറാണ്.. നൂറ്റാണ്ടിലെ മഹാദുരിതമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ മുതല്‍ ന്യയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും വരെ പറഞ്ഞുകൊണ്ടേയിരുന്നു..ഓരോ ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിന് കത്തെഴുതിയും കാര്യങ്ങള്‍ വിശദീകരിച്ചും സഹായമഭ്യര്‍ത്ഥിക്കുന്നു..

ആഗസ്റ്റ് 8 മുതല്‍ ഇടുക്കിയിലും വയനാട്ടിലും ഉരുള്‍ പൊട്ടലുകളില്‍ നിരവധി മനുഷ്യജീവിതങ്ങള്‍ തൂത്തെറിയപ്പെട്ടു..നിലയ്ക്കാതെ പെയ്ത മഴയില്‍ ഡാമുകള്‍ നിറഞ്ഞുതുടങ്ങി..വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു.. കേരളം അതീവ ഗൗരവമുള്ള ഒരു ദുരന്തത്തെ നേരിടുകയാണെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു.. സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കുന്ന ഈ ഘട്ടത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ കേരളത്തിലേക്കെത്തുന്നുവെന്ന് അറിയിപ്പ് കിട്ടിയത്.. 

ആഗസ്‌ററ് 12 ന് സംസ്ഥാന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊപ്പം രാജ്നാഥ് സിംഗ് ദുരന്ത ഭൂമിയുടെ നേര്‍ ചിത്രങ്ങള്‍ കണ്ടു.. മനസ്സുലഞ്ഞുപോയെന്ന് ആഭ്യന്തര മന്ത്രി സങ്കടപ്പെട്ടു..എല്ലാം നേരിട്ടുകണ്ട കേന്ദ്ര മന്ത്രിസഭയോട് നഷ്ടങ്ങളുടെ കണക്കുകള്‍ ഒന്നൊഴിയാതെ കേരളം വിശദീകരിച്ചു.. 8000 കോടിയുടെ നഷ്ടമുണ്ടെന്നും 1200 കോടി അടിയന്തിര സഹായധനമായി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.. കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്ന് തലയാട്ടി സമ്മതിച്ച കേന്ദ്ര മന്ത്രി പക്ഷെ പ്രഖ്യാപിച്ചത് 100 കോടിയുടെ സഹായം..

അടിയന്തിര സഹായമായി 100 കോടി ലഭിക്കുകയെന്നത് ചെറിയ കാര്യമല്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി ജനങ്ങളെ ആശ്വസിപ്പിച്ചു.. കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുമെന്ന പ്രത്യാശ കൈവെടിയാതിരിക്കാന്‍ പ്രേരിപ്പിച്ചു..ഇടുക്കി, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മനുഷ്യരെ ജീവിതത്തിലേക്ക് കൈ നടത്തുമ്പോഴാണ് നിനച്ചിരിക്കാതെ മഹാപ്രളയം കേരളത്തെ വിഴുങ്ങിയത്..തൃശൂരും, എറണാകുളവും, പത്തനംതിട്ടയും, ആലപ്പുഴയും, തിരുവനന്തപുരവുമെല്ലാം ഒരുമിച്ച് മുങ്ങി..ഡാമുകള്‍ തുറന്നുവയ്ക്കാതെ ഗത്യന്തരമില്ലെന്നായി.. പതിനായിരങ്ങള്‍ വെള്ളക്കെട്ടുകളില്‍ ഒറ്റപ്പെട്ടു.. നൂറുകണക്കിന് മനുഷ്യര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മണ്ണിനടിയില്‍ ശ്വാസം മുട്ടിയും വെള്ളത്തില്‍ ഒഴുകിപ്പോയും മരണത്തിനു കീഴ്‌പ്പെട്ടു..ഒറ്റപ്പെട്ടുപോയവരുടെ ബാഹുല്യം രക്ഷപ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി..കേരളം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങിപ്പോകുമെന്ന് തോന്നിപ്പിച്ച മണിക്കൂറുകള്‍.. പക്ഷെ, ആത്മവിശ്വാസം കൈവെടിയാത്തൊരു ഭരണകൂടവും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തൊരു ജനതയും ഒരുമിച്ച് നീന്തിത്തുടങ്ങി..

കേന്ദ്രം കൂടെയുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു..ആഗസ്റ്റ് 17 ന് നരേന്ദ്ര മോഡി തിരുവനന്തപുരത്ത് വിമാനമിറങ്ങി.. മുഖ്യമന്ത്രിയെ കണ്ടു..കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി.. ദുരന്തമുഖത്ത് നേരിട്ടെത്തി കാര്യങ്ങള്‍ കണ്ടറിഞ്ഞു.. പ്രതികൂല കാലാവസ്ഥ കേരളത്തെ എങ്ങനെ തൂത്തെറിയുന്നുവെന്ന് പറന്നുയരാനാകാത്ത ഹെലികോപ്റ്ററിലിരുന്ന് നേരിട്ടനുഭവിച്ചു.. ഒടുവില്‍ 19512 കോടി നഷ്ടമനുഭവിക്കുന്ന കേരളത്തിന് 500 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും കേരളത്തോട് ബൈ ബൈ പറഞ്ഞു..

ഒരു ജനത എത്ര ഭീകരമാവിധം പറ്റിക്കപെടുന്നുവെന്ന് കേരളീയര്‍ നേരിട്ടറിഞ്ഞ നിമിഷങ്ങളാണിത്.. 2014 ലെ കാശ്മീര്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 277 പേര്‍ക്കാണ്.. കേരളത്തില്‍ അത് 367 കടന്നു.. മൂന്നേ കാല്‍ ലക്ഷം ജനങ്ങള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു..20000 ലേറെ വീടുകള്‍ തകര്‍ന്ന് തരിപ്പണമായി.. നഷ്ടങ്ങളുടെ വ്യാപ്തിയും മനുഷ്യരുടെ മരണവും തട്ടിച്ചുനോക്കിയാല്‍ കശ്മീര്‍ പ്രളയത്തോളമോ അതിലധികമോ ഭീകരമാണ് കേരളത്തിലുണ്ടായ പ്രളയം.. കാശ്മീരിന് കേന്ദ്രം കൊടുത്തത് 5000 കോടി..കാശ്മീര്‍ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ അമാന്തമുണ്ടായില്ല.. കേരളം അവിടെയും പറ്റിക്കപ്പെട്ടു..

കേരളീയര്‍ നടുക്കടലില്‍ മുങ്ങിച്ചാവണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നവരുണ്ട്..നീന്തി കരയോടടുക്കുന്നവരെ വീണ്ടും നടുക്കടലില്‍ തള്ളിയിടാന്‍ നോക്കുന്നവരുണ്ട്.. അവര്‍ക്ക് കേരളീയര്‍ ബീഫ് തീനികളാണ്..ദൈവ വിരോധികളാണ്..ക്രിസ്ത്യാനികളാണ്..മുസല്മാന്മാരാണ്..അതുകൊണ്ടുതന്നെ കൊല്ലപ്പെടേണ്ടവരുമാണ്..

പക്ഷെ കേരളം തോല്‍ക്കില്ലെന്ന് മനസ്സറിഞ്ഞു പ്രഖ്യാപിക്കുകയാണ് ലോകം..  യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത് 700 കോടി രൂപയുടെ സഹായം.. ദുരന്തമുഖത്ത് സര്‍വവും നഷ്ടപ്പെട്ട മനുഷ്യരോട് സംവദിക്കാവുന്ന ഒരേയൊരു ഭാഷ സ്‌നേഹത്തിന്റെയും സഹായത്തിന്റേതുമാകണമെന്ന് യു എ ഇ പ്രഖ്യാപിക്കുകയാണ്.. തങ്ങളുടെ അദ്ധ്വാനശേഷിയും ബൗദ്ധികതയും ഒരു നാടിനു വേണ്ടി സമര്‍പ്പിക്കുന്ന ജനതയ്ക്ക് ഭരണകൂടം എങ്ങനെ കരുതല്‍ കൊടുക്കണമെന്ന് യു എ ഇ ഇന്ത്യന്‍ അധികാരികളെ പഠിപ്പിക്കുകയാണ്..

ലോകരാഷ്ട്രങ്ങളെല്ലാം കേരളത്തിനായി അവരാല്‍ ആവുംവിധം സഹായഹസ്തം നീട്ടുകയാണ്.. ഇന്ത്യയിലെമ്പാടുമുള്ള മനുഷ്യ സ്‌നേഹികള്‍ മടിയേതുമില്ലാതെ കേരളത്തിന് കൈത്താങ്ങാവുകയാണ്.. കേരളത്തിലെ മനുഷ്യര്‍ നടുക്കടലില്‍ നിന്ന് നീന്തി കരയോടടുക്കുകയാണ്.. അല്ലെങ്കിലും ആത്മവിശ്വാസത്തില്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കുന്നൊരു ജനതയെ ആര്‍ക്കാണ് തോല്‍പ്പിക്കാനാവുക..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക