Image

പ്രളയം തുറന്നിട്ട ഓണം (പകല്‍ക്കിനാവ്- 116: ജോര്‍ജ് തുമ്പയില്‍)

Published on 27 August, 2018
പ്രളയം തുറന്നിട്ട ഓണം (പകല്‍ക്കിനാവ്- 116: ജോര്‍ജ് തുമ്പയില്‍)
കേരളത്തിലെ പ്രളയം ബാധിച്ചത് ആഗോളമലയാളികളെ ഒന്നാകെയാണ്. ദുരിതബാധിതര്‍ക്കൊപ്പം കേരള സര്‍ക്കാര്‍ എല്ലാ ഓണാഘോഷങ്ങള്‍ക്കും അവധി കല്‍പ്പിച്ചപ്പോള്‍ അത് ഏറ്റെടുത്തു കൊണ്ട് ലോകമെങ്ങുമുള്ള മലയാളികളും ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു. അതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ അവസാനിപ്പിച്ചു. സൗഹൃദക്കൂട്ടായ്മകള്‍ക്ക് ഓണത്തിന്റെ പേരിലുണ്ടായിരുന്ന "കെട്ടുകാഴ്ച'കള്‍ വേണ്ടെന്നു വച്ചു. നാളേറെയായി വീടിനുള്ളില്‍ കയറിയിരിക്കുന്ന വെള്ളം ഒരടി പോലും താഴാതെ നില്‍ക്കുമ്പോള്‍ എങ്ങനെ തൂശനിലയില്‍ വിളമ്പിയ ചോറ് ഇറങ്ങും എന്ന ചോദ്യമാണ് എല്ലാവരെയും പിന്തിരിപ്പിച്ചത്. ശരിയല്ലേ, കേരളത്തില്‍ പ്രളയത്തില്‍ പെടാത്ത ഒരു സുഹൃത്ത് പോലും ആര്‍ക്കും ഇല്ലാതെയിരിക്കില്ല. അയാളുടെ കണ്ണുനീരും നെഞ്ചിടിപ്പും ആവലാതിപൂണ്ട വിളിയും കാതുകളില്‍ നിറയുമ്പോള്‍ ശര്‍ക്കരവരട്ടിയും ഉപ്പേരിയും കൊറിക്കുന്നതിലെ അനൗചിത്യമാണ് മലയാളി ഓര്‍ക്കേണ്ടത്. അത് ഓര്‍മ്മിക്കപ്പെട്ടു എന്നു തന്നെ കരുതട്ടെ. ഇത്തവണ തിരുവോണം ശബ്ദകോലാഹലങ്ങളൊന്നും ഇല്ലാതെ കടന്നു പോയി. എവിടെയും കേട്ടില്ല, ഒരു ആര്‍പ്പുവിളിയും പുലിക്കാഴ്ചയും. അതാണ് ഐക്യദാര്‍ഢ്യം. അതിനു വേണ്ടി ത്യജിച്ചതൊക്കയും ദുരിതര്‍ക്ക് ആശ്വാസമേകുവാനായിരുന്നു. അങ്ങനെയുള്ളവര്‍ക്കൊപ്പം നിലകൊള്ളുന്നവരാണ് മഹത്വമതികളാവുന്നതും.

രാഷ്ട്രീയ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ താരങ്ങളും ദുരിതര്‍ക്കൊപ്പം ചെലവഴിക്കാന്‍ ഓടിയെത്തി. അതൊക്കെയും അവര്‍ക്ക് ആശ്വാസമായിരുന്നു. മമ്മൂട്ടി അടക്കമുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി. മെഗാസ്റ്റാര്‍ ഓണം അവര്‍ക്കൊപ്പമിരുന്നു ഉണ്ടു. മറ്റനേകര്‍ക്കൊപ്പം അവരിലൊരാളായി മാറി. എല്ലാം നഷ്ടപ്പെട്ട് അഗതികളെപ്പോളെ ക്യാമ്പികളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അതൊരു ആശ്വാസമായിരുന്നു. നക്ഷത്രങ്ങള്‍ മണ്ണിലേക്ക് ഇറങ്ങി വന്നപ്പോള്‍ അവര്‍ക്ക് അതൊരു സാന്ത്വനമായി.
എല്ലാമുണ്ടെങ്കിലും ചുറ്റം വെള്ളം വന്നു നിറഞ്ഞപ്പോള്‍ പ്രാണനു വേണ്ടി നിലവിച്ചത് ഉള്ളവനും ഇല്ലാത്തവനും ഒരുപോലെയായിരുന്നു. അവിടെ പണം ഒന്നിനും തുണയായില്ല. ആര്‍ത്തലച്ചു വന്ന പ്രളയത്തില്‍ ഉണ്ടാക്കിയതൊക്കെയും ഒഴുക്കി കൊണ്ടു പോകുന്ന ദുരിതക്കാഴ്ചയില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയപ്പോള്‍ അവിടെ സാമ്പത്തികമായി ചെറുതും വലുതുമായ എല്ലാതരം ആള്‍ക്കാരുമുണ്ടായിരുന്നു. ആ പ്രളയം ഇറങ്ങുന്നതിനു മുന്നേ പിന്നെയും പ്രകൃതി പൂവിട്ടു. ഓണം മുന്നിലെത്തി. തിരുവോണത്തിന്റെ പൂക്കളമൊരുങ്ങി. ക്യാമ്പില്‍ നിലകൊണ്ടവര്‍ ആമോദത്തോടെ അതിനെ വരവേറ്റു. മറ്റൊന്നും അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. മാലോകരെല്ലാം ഒന്നായി നില്‍ക്കണമെന്ന ഓണത്തിന്റെ സന്ദേശം ഇത്തവണ നേരില്‍ കാണാന്‍ എല്ലാ മലയാളികള്‍ക്കുമായി. അതായിരുന്നു കേരളം കുറേക്കാലമായി കാണാന്‍ കാത്തിരുന്ന കാഴ്ച. അതിന് ഇത്തവണ ഓണം സാക്ഷ്യം വഹിച്ചു.

മാവേലിത്തമ്പുരാനെക്കുറിച്ചുള്ള ഐതീഹ്യം ഓര്‍മ്മിച്ചു കൊണ്ട് നാമെല്ലാവരും എപ്പോഴും പാടിപ്പുകഴ്ത്തുന്ന സമത്വം, സാഹോദര്യം എന്നിവ ഉണ്ടായതിപ്പോഴാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവുമൊക്കെ വേണ്ടായെന്നു വച്ച് എല്ലാവരും ഒരുപോലെ ഒത്തു കൂടുന്ന കാഴ്ച. അതു സമ്മാനിക്കാന്‍ ഒരു ദുരന്തമുണ്ടാകേണ്ടി വന്നുവെന്നത് നേര്. എന്നാലും, അതില്‍ നിന്നും മലയാളി കരകയറുന്ന കാഴ്ച ആശ്വാസദായകമാണ്. എല്ലാവരും അതിനൊപ്പം നിന്നു. ഉള്ളവനും ഇല്ലാത്തവനുമൊക്കെ രാഷ്ട്രീയവും മതവും ജാതിയുമൊക്കെ മറന്ന് ഒന്നിച്ചു നിന്നു. അതാണ് മനുഷ്യത്വം. സ്‌നേഹത്തിന്റെ ബലം എന്നൊക്കെ പറയുന്നതും അതാണ്.

പുനരധിവാസത്തിന്റെ കാലത്തിലാണ് ഇപ്പോള്‍ മലയാളികള്‍. പലരും സഹായവുമായി എത്തിനില്‍ക്കുന്നു. അതില്‍ നിന്നും ആഘോഷത്തിന് താത്ക്കാലികമായി അവധി നല്‍കിയിരിക്കുന്നു. കേരളത്തിലെ മക്കള്‍ക്കൊപ്പം നിലകൊള്ളുമ്പോള്‍ കാതങ്ങള്‍ക്കപ്പുറത്തുള്ള അമേരിക്കന്‍ മലയാളികളും ഓണാഘോഷങ്ങള്‍ വേണ്ടെന്നു വച്ചിരിക്കുന്നു. ഓണസദ്യകള്‍ ഒഴിവാക്കിയിരിക്കുന്നു. ഒപ്പം ഓണവുമായി ബന്ധപ്പെട്ട കൂടിചേരലുകളും ആഘോഷങ്ങളും. ഒഴിച്ചു കൂടാനാവാത്ത ചില സമ്മേളനങ്ങളില്‍ നിന്നും ഓണവുമായി ബന്ധപ്പെട്ടുള്ള കലാപരിപാടികളും സദ്യവട്ടവും മാറ്റിവച്ചിരിക്കുന്നു. ഈ മനുഷ്യത്വത്തിന് മഹത്വമെന്നല്ലാതെ മറ്റു പേരിട്ടു വിളിക്കാന്‍ അറിഞ്ഞു കൂടെന്നതാണ് സത്യം.

എന്നാല്‍, ഇതിനിടയിലും നിശബ്ദത പാലിച്ച പലരെയും കണ്ടു. അതില്‍ ഗാനഗന്ധര്‍വ്വന്റെ മൗനമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ ദുരന്തത്തിനൊപ്പം നില്‍ക്കേണ്ട ആളെന്ന നിലയ്ക്ക് അദ്ദേഹം മറയത്തിരുന്നത് ഒട്ടും ഗുണകരമായില്ല. പല സെലിബ്രിറ്റികളും മുറ്റത്തേക്കു കയറി വന്ന വെള്ളത്തില്‍ നിന്നും രക്ഷപ്പെടാന്‍ പരക്കം പാഞ്ഞപ്പോള്‍ അവര്‍ സാധാരണക്കാരെ ഓര്‍ത്തതേയില്ലെന്നതു യാഥാര്‍ത്ഥ്യം. എന്നാല്‍, പിന്നീട് സുരക്ഷിതസ്ഥാനത്തു നിന്നു കൊണ്ട് അവരൊക്കെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു കണ്ടപ്പോള്‍ അവരിലൊന്നും തന്നെ മനുഷ്യത്വം മരവിച്ചിട്ടില്ലെന്നു മനസ്സിലായി. പക്ഷേ, അവിടെയും കേരളത്തിന്റെ സ്വന്തം ഗായകന്‍ കാണാമറയത്ത് നിന്നു.

ഇവിടെ പ്രസക്തമായ കാര്യം. ആരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും കേരളത്തിന്റെ ദുരിതമുഖത്തു നിന്നും കൈപിടിച്ചുയര്‍ത്താന്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ ഒരുമിച്ചു കൂടി എന്നതാണ്. അവര്‍ക്ക് ആവശ്യമുള്ളതൊക്കെയും വിതരണം ചെയ്തും, ശുചീകരണത്തിനു മുന്നില്‍ നിന്നുമൊക്കെ അവര്‍ ചെയ്ത സേവനങ്ങള്‍ അമൂല്യമാണ്. അതിനു വിലവയ്ക്കാനാവില്ല. ഓണാവധികളില്‍ പലരും വീടിനകത്ത് ആഘോഷത്തിനൊപ്പം നിന്നില്ല. പകരം, ബക്കറ്റും ചൂലുമായി അടുത്തുള്ളവരുടെ വീട്ടിലെ ചെളിക്കോരി കളയാന്‍ യത്‌നിക്കുന്നതു കണ്ടപ്പോള്‍ അറിയാതെ ഓര്‍ത്തു പോയി. ഇതാണ് കേരളം, ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്. കവിവാക്യമെത്ര പുണ്യം- കേരളമെന്ന പേരു കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍. ശരിയല്ലേ- അത് ഈ പ്രളയം പഠിപ്പിച്ചു.
Join WhatsApp News
Ticket Master 2018-08-27 21:37:24
കേരളത്തിലുള്ളവർ ദുരിതബാധിതർക്കൊപ്പം നിന്ന് ആഘോഷങ്ങൾക്ക് അവുധി നൽകിയപ്പോൾ, ചില അമേരിക്കൻ മലയാളികൾ ഉത്സവ തിമിർപ്പിലാണ്. രാപ്പകലില്ലാതെ ഫോൺവിളികളോട് വിളികൾ ടിക്കറ്റ് വേണോ, ടിക്കറ്റ് വേണോ. 

ഈ കൊല്ലം ആഘോഷമില്ല അതുകൊണ്ട് വരുന്നില്ലെന്ന് പറഞ്ഞാലും വീണ്ടും വീണ്ടും ഫോൺവിളി.
ആഘോഷിക്കണം ആഘോഷിക്കണം ആര് ചത്താലും ചെരിഞ്ഞാലും ആഘോഷിക്കണം. 

സാധാരണ ജനങ്ങളുടെ അഭിമാനം ജയിക്കുമോ അതോ മൈക്കും സ്റ്റേജും ജയിക്കുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക