Image

കണ്ണിറുക്കല്‍ കേസ് തീര്‍പ്പാക്കി, പ്രിയ ഫ്രീയായി (എ.എസ് ശ്രീകുമാര്‍)

Published on 01 September, 2018
കണ്ണിറുക്കല്‍ കേസ് തീര്‍പ്പാക്കി, പ്രിയ ഫ്രീയായി (എ.എസ് ശ്രീകുമാര്‍)
''നിങ്ങള്‍ക്ക് വേറെ പണിയില്ലേ...ആരെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ട് പാടിയാല്‍, അതിനെതിരെ കേസ് എടുക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ..?'' ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയില്‍ നടി പ്രിയാ പ്രകാശ് വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ട് സുപ്രീ കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തെലങ്കാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകനോട് ചോദിച്ച ചോദ്യമാണിത്. കേസും പുക്കറും ഇങ്ങനെ...

ഒരു പാട്ടിലെ ഒരു സീന്‍ കൊണ്ട് അന്താരാഷ്ട്ര പ്രശസ്തയായ ആളാണ് തൃശൂര്‍ക്കാരി പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവീ...' എന്ന ഗാനത്തിലെ കണ്ണിറുക്കലാണ് പ്രിയയെ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആക്കി മാറ്റിയത്. അതോടെ വലിയ വിവാദങ്ങളും പ്രിയയ്‌ക്കൊപ്പം കൂടി. മാണിക്യമലരായ പൂവിയിലെ കണ്ണിറുക്കല്‍ മുസ്ലീം മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണമായിരുന്നു അത്. വെറും ആരോപണത്തില്‍ അത് ഒതുങ്ങുകയും ചെയ്തില്ല. ഹൈദരാബാദില്‍ നിന്നുള്ള ചിലര്‍ പ്രിയയ്ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ കേസ് കൊടുക്കുകയും ചെയ്തു. പോലീസും കേസ് എടുത്തു. അതാണിപ്പോള്‍ സുപ്രീം കോടതി തീര്‍പ്പാക്കി, പരാതിക്കാതെ ഇളിഭ്യരാക്കിയിരിക്കുന്നത്. ഗാനരംഗത്തിലെ നടിയുടെ കണ്ണിറുക്കല്‍ മതത്തെയോ മതവിശ്വാസത്തേയോ അപമാനിക്കുന്നതല്ലെന്നും, കണ്ണിറുക്കല്‍ ഐ.പി.സി 295-എയുടെ കീഴില്‍ വരുന്ന കുറ്റമല്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ഗാനത്തിലെ ചില രംഗങ്ങളില്‍ മാത്രമേ പ്രിയ പ്രത്യക്ഷപ്പെടുന്നുള്ളു. പ്രിയ ആയിരുന്നില്ല ചിത്രത്തിലെ നായിക എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയേയും പത്‌നി ഖദീജ ബീവിയേയും പറ്റിയുള്ളതാണ് മാണിക്യമലരായ പൂവീ എന്ന ഗാനം. സിനിമയില്‍ ചിത്രീകരിച്ചപ്പോള്‍ അത് പ്രവാചകനേയും പത്‌നിയേയും അപകീര്‍ത്തിപ്പെടുത്തി എന്നാണ് ആരോപണം ഉയര്‍ന്നത്. ഹൈദരാബാദിലെ ഒരു സംഘം ആളുകള്‍ ആയിരുന്നു പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ഫലഖ് നുമ്മ പോലീസ് സ്‌റ്റേഷനില്‍ പ്രിയ പ്രകാശ് വാര്യര്‍ക്കും ഒമര്‍ ലുലുവിനും എതിരെ കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതോടെ വിവാദം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. അതിനിടെ മഹാരാഷ്ട്രയിലെ ഔറംഗബാദിലും പ്രിയക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. 

ഒരുപക്ഷേ, പ്രിയ വാര്യര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് പോലും വാര്‍ത്തകള്‍ പ്രചരിച്ചു. ഈ സാഹചര്യത്തിലായിരുന്നു പ്രിയയും ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തര പ്രാധാന്യത്തോടെ അന്ന് സുപ്രീം കോടതി കേസ് പരിഗണിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കണം എന്നായിരുന്നു പ്രിയയുടേയും ഒമറിന്റേയും ആവശ്യം. ഇനി ഇത്തരത്തില്‍ കേസുകള്‍ എടുക്കരുത് എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി എടുത്ത കേസുകളിലെ തുടര്‍ നടപടികള്‍ തടഞ്ഞു. ഇനി ഈ വിഷയത്തില്‍ എവിടേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത് എന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

യൂ ട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയിലൂടെ ഒട്ടനവധി പേരാണ് പ്രിയയുടെ കണ്ണിറുക്കല്‍ ഗാനം ഷെയര്‍ ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ ആയിരുന്നു പ്രിയ ശരിക്കും റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി പ്രിയ. ഇതോടെ ആഗോള തലത്തില്‍ തന്നെ പ്രിയ വലിയ വാര്‍ത്താ പ്രാധാന്യം നേടി. തുടര്‍ന്ന് പ്രിയയ്‌ക്കെതിരെ മുസ്ലിം പുരോഹിതന്‍ മൗലാന അതിഫ് ഖദ്രി ഫത്വ പ്രഖ്യാപിച്ചു. ഹൈദ്രാബാദില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെ മതവികാരം വൃണപ്പെട്ടുവെന്നും പ്രവാചകനെയും ഇസ്ലാം മതത്തെയും അപമാനിച്ചുവെന്നും കാണിച്ച് പ്രിയയ്ക്കും ഒമറിനുമെതിരെ കേസ് കൊടുത്തതിന് പിന്നാലെയായിരുന്നു ഇത്. 

''അല്ലാഹുവിന് നമസ് കൊടുക്കാന്‍ വേണ്ടി കണ്ണുകളടയ്ക്കുന്ന ഞങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണ് അവളുടെ മുഖഭാവങ്ങള്‍. അതിനാല്‍ അവള്‍ക്കെതിരെ ഫത്വ പ്രഖ്യാപിക്കുന്നു...'' എന്നാണ് മൗലാന അതിഫ് ഖദ്രിയുടെ പ്രസ്താവിച്ചത്. ഗൂഗിള്‍ വഴി ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോഴാണ് തങ്ങള്‍ക്ക് ഗാനത്തിലെ വരികളുടെ അര്‍ത്ഥം മനസിലായതെന്നാണ് പരാതിക്കാരായ യുവാക്കള്‍ പറഞ്ഞത്. ഹൈദരാബാദിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അബ്ദുള്‍ മുഖീതിന്റെ നേതൃത്വത്തില്‍ 57 മുസ്‌ലീം യുവാക്കള്‍ ചേര്‍ന്നാണ് ഗാനത്തിന് എതിരെ പോലീസില്‍ പരാതി നല്‍കിയത്.

അതേസമയം, വിവാദ ഗാനം സംവിധായകന്‍ ഒമര്‍ ലുലുവിന്റെയോ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്റെയോ ഗായകന്‍ വിനീത് ശ്രീനിവാസന്റെയോ സൃഷ്ടിയല്ല. മറിച്ച് വളരെ പണ്ട് മുതലേ മലയാളികള്‍ക്ക് പരിചയമുള്ള പാട്ടാണ്. ജബ്ബാര്‍ കരൂപ്പടന്ന എഴുതി തലശ്ശേരി റഫീഖ് ചിട്ടപ്പെടുത്തിയതാണ് യഥാര്‍ത്ഥ ഗാനം. ഈ ഗാനമാണ് ഒമര്‍ ലുലു തന്റെ പുതിയ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗാനം പുറത്ത് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രിയ വാര്യര്‍ എന്ന ആറുമറിയാതിരുന്ന നടി സൂപ്പര്‍ താരമായി. അതിനിടെയാണ് അവിശ്വസനീയം എന്ന് തന്നെ പറയാവുന്ന ഒരു പരാതി പാട്ടിനെതിരെ ഒരു കൂട്ടര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. ഗാന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്ന് പ്രതികരിച്ചിരുന്നു. ഗാനത്തിനെതിരെ ഹൈദ്രാബാദിലെ ഒരു സംഘം പരാതികൊടുത്തത് യാദൃശ്ചികമായി കാണാനാകില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. 

''പി.എം.എ ജബ്ബാര്‍ കരൂപ്പടന്ന എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. 'മാണിക്യമലര്‍' പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലിക വാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്...'' പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ പാട്ട്. മക്കയിലെ പ്രമുഖ വ്യവസായിയുടെ മകള്‍ ആദ്യ ഭര്‍ത്താവ് മരിച്ചപ്പോള്‍ മൂന്നാം വിവാഹം ചെയ്തത് മുഹമ്മദ് നബിയെ ആയിരുന്നു. അന്ന് മുഹമ്മദ് നബിക്ക് 25 വയസ് പ്രായമേ ഉണ്ടായിരുന്നൂള്ളു. ഖദീജക്ക് ആകട്ടെ നാല്‍പതു വയസും. ഈ വിവാഹത്തിന്റെ കാര്യം പറഞ്ഞതാണ് വിവാദമായി മാറിയത്. പാട്ട് എഴുതിയ തൃശൂര്‍ ജില്ലയിലെ കരൂപ്പടന്നക്കാരനായ ജബ്ബാര്‍ ഇപ്പോള്‍ സൗദി, റിയാദിലെ മലസ് ഫോര്‍ട്ടീന്‍ സ്ട്രീറ്റിലെ ആഷിഖ് സ്റ്റോര്‍ ബഖാലയില്‍ സെയില്‍സ്മാനാണ്. ഇദ്ദേഹം അഞ്ഞൂറോളം ഗാനങ്ങള്‍ എഴുതിയെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് 'മാണിക്യമലരായ പൂവി...'തന്നെ. ഗാനത്തില്‍ ഷാന്‍ റഹ്മാന്റെ പുനരാവിഷ്‌കാരവും ഒമര്‍ ലുലുവിന്റെ സംവിധാനവും വളരെ ഇഷ്ടമായി എന്ന് അദ്ദേഹം പറയുന്നു.

ആകാശവാണിക്കു വേണ്ടി 1978ലാണ് ഗാനം എഴുതിയത്. തലശ്ശേരി കെ. റഫീക്കിന്റേതായിരുന്നു സംഗീതം. 1989ല്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിച്ചിരുന്നു. 92ല്‍ 'ഏഴാം ബഹര്‍' എന്ന ഓഡിയോ കാസറ്റ് ആല്‍ബത്തിലും ഗാനം ഉള്‍പ്പെടുത്തി. വെള്ളാങ്ങല്ലൂര്‍ മന്‍സിലുല്‍ ഹുദാ മദ്രസയിലെ കുട്ടികള്‍ക്ക് പാടാന്‍ വേണ്ടിയാണ് ജബ്ബാര്‍ എഴുതിത്തുടങ്ങിയത്. കുറഞ്ഞകാലംകൊണ്ട് തൃശ്ശൂരിലെയും പരിസരജില്ലകളിലെയും ഒട്ടുമിക്ക മദ്രസകളിലും ജബ്ബാറിന്റെ പാട്ടുകള്‍ക്ക് വേദിയൊരുങ്ങി. നബിയുടേയും ഖദീജയുടേയും ആഴത്തിലുള്ള പ്രണയമാണ് ഗാനത്തിലൂടെ ജബ്ബാര്‍ ആവിഷ്‌കരിച്ചത്. ഇതില്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ജബ്ബാര്‍ പറയുന്നു. മദ്രസയില്‍ പഠിപ്പിച്ചിരുന്നതിനാല്‍ ജബ്ബാര്‍ ബഖാലയിലെത്തുന്നവര്‍ക്ക് ഉസ്താദാണ്. നിരവധി പാട്ടുപുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 

ചിത്രീകരണം പോലും പൂര്‍ത്തിയാകാത്ത ചിത്രമാണ് ഒരു അഡാര്‍ ലവ്. സിനിമയില്‍ ആക്ഷേപകരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് നടപടി എടുക്കാം എന്നായിരുന്നു അന്ന് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കിയത്. അതിന് മുമ്പ് പാട്ട് പിന്‍വലിക്കുന്നതായി ഒമര്‍ ലുലു നടത്തിയ പ്രഖ്യാപനവും വിവാദമായിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം തന്നെ പിന്‍വലിച്ചു. ഏതായാലും പ്രിയക്കും ഒമര്‍ ലുലുവിനും എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നു. ഈ വിധി പ്രിയയെ വീണ്ടും പ്രശസ്തയാക്കിയിരിക്കുകയാണ്. കണ്ണിറുക്കല്‍ നല്‍കിയ പ്രശസ്തി പ്രിയ പ്രകാശ് വാര്യയെ മഞ്ചിന്റെ പരസ്യ മോഡല്‍ വരെ ആക്കിയിരുന്നു. എന്നാല്‍ പിന്നീട് മഞ്ച് ഈ പരസ്യം പിന്‍വലിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രിയ തൃശൂര്‍ വിമല കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. 

കണ്ണിറുക്കല്‍ കേസ് തീര്‍പ്പാക്കി, പ്രിയ ഫ്രീയായി (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക