വയോധികയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വീടിനു സമീപത്തെ കിണര്‍ വറ്റിച്ചപ്പോള്‍ കിട്ടിയത് മൃഗങ്ങളുടെ തലയോട്ടിയും അവശിഷ്ടങ്ങളും. പോത്തുകല്ല് പാതാര്‍ കുവക്കോല് പൂച്ചക്കുഴിയില്‍ വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി(90)യെ ജൂണ്‍ 26 മുതലാണ് കാണാതായത്. ഈ കേസന്വേഷണത്തിന്റെ ഭാഗമായാണ് പോലിസ് ഏലിക്കുട്ടി താമസിച്ചിരുന്ന വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണര്‍ വറ്റിച്ച് പരിശോധിച്ചത്.
പോത്തുകല്ല് എസ്ഐ കെ.അബ്ബാസിന്റെ നേതൃത്വത്തിലാണ് കിണര്‍ വറ്റിച്ചു പരിശോധന നടത്തിയത്. പക്ഷേ കിട്ടിയത് മൃഗങ്ങളുടെ തലയോട്ടിയും അവശിഷ്ടങ്ങളും. പന്നി, മാന്‍, കരിമന്തി എന്നിവയുടേതെന്നു കരുതുന്ന തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളുമാണ് ലഭിച്ചത്. കിണറില്‍ നിന്ന് ലഭിച്ച തലയോട്ടിയും അവശിഷ്ടങ്ങളും വനം വകുപ്പിന് കൈമാറി. എന്തായാലും സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.