അനുഷ്ക ഷെട്ടി മലയാള സിനിമയിലേയ്ക്ക് കാലുകുത്തുന്നത് ഹൊറര്‍ സിനിമകളിലൂടെ. പല യക്ഷിക്കഥകള്‍ ഇറക്കി മലയാളികളെ രസിപ്പിച്ചിട്ടുള്ള വിനയന് സംവിധാനം ചെയ്യുന്നതുള്‍പ്പെടെ രണ്ട് ഹൊറര്‍ മലയാളം സിനിമകളില്‍ നായികാ വേഷം അണിഞ്ഞ് അനുഷ്ക വരുമെന്നാണ് അറിയുന്നത്. വിനയന്റെ സിനിമയുടെ പേര് 'ഡ്രാക്കുള 2012' എന്നാണ്. ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബ്രാം സ്റ്റോക്കറുടെ കഥയെ അടിസ്ഥാനമാക്കിയാണ് വിനയന്റെ ഹൊറര്‍ സിനിമ ഒരുങ്ങുന്നത്. ഈ സിനിമയില്‍ ഇതുവരെ നായികയൊന്നും കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
അനുഷ്കയെ നായികയാക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്നാണ് വിനയന് പറയുന്നത്. എന്നാല്‍ അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചിട്ടുള്ള അനുഷ്ക്കയ്ക്ക് മുന്‍പ് നയന്‍ താര തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന കാലത്തേത് പോലെ നല്ല കാലമാണ്. അതുകൊണ്ട് തന്നെ വിനയന്റെ സിനിമയില്‍ അഭിനയിക്കുന്നതിന് ഒരു കോടി രൂപ പ്രതിഫലമായി അനുഷ്ക്ക ആവശ്യപ്പെട്ടുവെന്ന് പറയപ്പെടുന്നു. ഇതു കേട്ട് കണ്ണു തള്ളിയ നിര്‍മ്മാതാക്കള്‍ അരക്കോടി വരെ നല്കാന് തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. നടിയില്‍ നിന്നും അനുകൂല പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എങ്കിലും ശുഭാപ്തി വിശ്വാസത്തിലാണ് നിര്‍മ്മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരും. ഈ സിനിമയിലെ, നായിക ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ വിനയന് തീരുമാനിച്ചു. അനുഷ്ക്ക സമ്മതിച്ചാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിനായി വിനയന്റെ നേതൃത്വത്തിലുള്ള സിനിമാ യൂണിറ്റ് ഏപ്രില്‍ 15ന് റുമേനിയയിലേക്ക് പോകും.
രാഹുല്‍ ദേവ് വിനീത് എന്‍.നായര്‍ എന്നീ നവാഗത സംവിധായകരുടെ ചിത്രത്തില്‍ അനുഷ്കയെ നായികയാക്കി അഭിനയിപ്പിക്കാനുള്ള ശ്രമം കൊണ്ടുപിടിച്ച് നടക്കുകയാണ്. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ പേര് 'ലോറ' എന്നാണ്. ഈ സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ നടക്കുന്ന ഷൂട്ടിംഗിന് അനുഷ്കയുടെ ആവശ്യമില്ലെന്നും അതുകൊണ്ട് നടി എത്തില്ലെന്നുമാണ് സംവിധായകര്‍ പറയുന്നത്. അനുഷ്കയില്ലാത്ത ഭാഗങ്ങള്‍ ഇതിനോടകം ഷൂട്ട് ചെയ്യാന്‍ ആരംഭിച്ചു കഴിഞ്ഞു. അനുഷ്ക തങ്ങളുടെ സിനിമയില്‍ തീര്‍ച്ചയായും അഭിനയിക്കാന്‍ എത്തുമെന്നാണ് സംവിധായകര്‍ അവകാശപ്പെട്ടത്.
എന്നാല്‍ തമിഴിലും തെലുങ്കിലുമെല്ലാം അനുഷ്ക്കയ്ക്ക് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. അഞ്ചു സിനിമകളുടെ ചിത്രീകരണം നടന്നു വരുന്നു. അതുകൊണ്ട് മലയാള സിനിമകളില്‍ നായിക ആകുന്ന കാര്യം ഇതുവരെ നടിയോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. മലയാളത്തിലെ എന്‍ട്രി ഹൊറര്‍ ആയി മാറാതിരിക്കനമെങ്കില് നടി അല്പം കൂടി ശ്രദ്ധിച്ച് സിനിമകള്‍ തെരഞ്ഞെടുക്കണമെന്നും ആരോ നടിയോട് പറഞ്ഞു കൊടുത്തതായും ഇന്‍ഡസ്ട്രിയില്‍ വാര്‍ത്ത പരന്നിട്ടുണ്ട്.