നവകേരളത്തിനായി അമ്മയും ഏഷ്യാനെറ്റും കൈകോര്‍ക്കുന്നു
Published on 19 November, 2018
അസ്സോസിയേഷന് ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ് (അമ്മ), മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനലായ ഏഷ്യനെറ്റുമായി ചേര്‍ന്ന് കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സഹായം എത്തിക്കുന്നത് ലക്ഷ്യമിട്ട് ചാരിറ്റി ഷോ സംഘടിപ്പിക്കുന്നു. 2018 ഡിസംബര്‍ 7ന് ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബ്, അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഈ ഷോയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി വിനിയോഗിക്കുന്നതാണെന്ന് അമ്മ പ്രസിഡന്റ് പദ്മശ്രീ ഭരത് ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലും സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ ശ്രീ.കെ.മാധവനും അറിയിച്ചു.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാപ്രളയമാണ് കേരളം നേരിട്ടതെന്ന് ശ്രീ.മോഹന്‍ലാല്‍ അറിയിച്ചു. അതില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന നമ്മുടെ മാതൃസംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ഉള്ള പരിശ്രമമാണിത്. ദുരിത ബാധിതരുടെ കണ്ണീരൊപ്പുകയെന്നത് നമ്മുടെ കടമയാണ്. ഏഷ്യനെറ്റുമായി ചേര്‍ന്ന് അമ്മ, വളരെ സന്തോഷത്തോടും അഭിമാനത്തോടെയുമാണ് നവകേരളത്തിനായി മുന്നിട്ടിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം സിനിമാലോകത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമുഖ താരങ്ങളുടെയും സാന്നിദ്ധ്യമാണ് ഈ മെഗാഷോയുടെ പ്രധാന ആകര്‍ഷണം. മികച്ച വിനോദപരിപാടികള്‍ അവതരിപ്പിക്കുന്നതിനൊപ്പം, ഷോയ്ക്ക് മികവേകാന്‍ പ്രമുഖ താരങ്ങളുടെ ഡാന്‍സ്, സ്കിറ്റുകള്‍, മ്യൂസിക് എന്നിവയുമുണ്ടാകും.
25 വര്‍ഷമായി ഏറ്റവും മികവുറ്റതും ജനപ്രിയവുമായ പ്രോഗ്രാമുകളിലൂടെ ജനഹൃദയങ്ങളില്‍ പ്രമുഖ സ്ഥാനം നേടാന്‍ ഏഷ്യാനെറ്റിന് കഴിഞ്ഞുവെന്നും പ്രേക്ഷകലക്ഷങ്ങള്‍ തങ്ങള്‍ക്ക് നല്കി വരുന്ന സ്നേഹവും പിന്തുണയുമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും ശ്രീ. കെ. മാധവന് പറഞ്ഞു. കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത് വിധത്തിലുള്ള മഹാപ്രളയം കഴിഞ്ഞ് 3 മാസമായിട്ടും നിരവധിപേര്‍ ഇപ്പോഴും കടുത്ത ദുരിതത്തിലാണ് കഴിയുന്നത്. മലയാളത്തിലെ ഏറ്റവും പ്രമുഖ ചാനലെന്ന നിലയ്ക്ക് തങ്ങളുടെ ഉത്തരവാദിത്വമാണ് കേരളത്തിലെ ദുരിദബാധിതരെ സഹായിക്കുക എന്നുള്ളത്. അതുകൊണ്ടാണ് അമ്മയുമായി ചേര്‍ന്ന് ഇങ്ങനെയൊരു ഷോ സംഘടിപ്പിക്കുന്നത്. തങ്ങളുടെ ബിസിനസ് പങ്കാളികളോടും പ്രേക്ഷകരോടും നവകേരളത്തിനായുള്ള ഈ സദുദ്യമത്തില്‍ പങ്കാളികളാകാനും പിന്തുണ നല്‍കാനും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.
മഹത്തായൊരു ലക്ഷ്യത്തിനായി ഏഷ്യനെറ്റുമായി ചേര്‍ന്ന് പ്രവര്ത്തിക്കാവുന്നതില് നിറഞ്ഞ ചാരിതാര്ത്ഥ്യമാണുള്ളതെന്ന് ശ്രീ. മോഹന്‍ലാല്‍ പറഞ്ഞു. നമ്മുടെ മാതൃനാടിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി എല്ലാവരുടെയും പിന്തുണയും സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല