ദിലീപിനെ നായകനാക്കി ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ത്രീഡി ചിത്രമായ ഡിങ്കന്റെ അവസാന ഘട്ട ഷൂട്ടിംഗുകളാണ് ബാങ്കോക്കില്‍ ഇപ്പോള്‍നടക്കുന്നത്. ഇവിടെ നിന്നുള്ള ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ദിലീപ് ആരാധകര്‍ ഏറ്റെടുക്കുന്നത്.ചിത്രത്തിന്റേതായി ഫാന്‍സ് പേജിലൂടെ ആരാധകര്‍ പുറത്ത് വിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തില്‍ ജിമ്മനായി മാസ് ലുക്കിലാണ് ദിലീപ്.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഒട്ടനവധി ചിത്രങ്ങളാണ് ദിലീപിന്റേതായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. നേരത്തെ തമിഴ് നടന് വിജയ് സേതുപതിയ്ക്കൊപ്പമുള്ള ബാങ്കോക്കില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ദിലീപ് തന്റെ കരിയറില്‍ ഇതുവരെ പരീക്ഷിക്കാത്ത ഗെറ്റപ്പിലാണ് പുതിയ ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന. കെച്ച കെംമ്പഡ്കി ഒരുക്കുന്ന ആക്ഷന്‍ മാത്രമല്ല കോമഡിയും പ്രണയവുമെല്ലാം ഇടകലര്‍ന്ന് കുടുംബപ്രേക്ഷകരടക്കം ഏത് പ്രായക്കാരെയും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രൊഫസര്‍ ഡിങ്കന് വരുന്നത്.
ചിത്രത്തില്‍ കാര്‍ ചെയ്സിംഗ് അടക്കം ദിലീപ് സിനിമകളില്‍ കാണാത്ത സാഹസിക രംഗങ്ങളെല്ലാം സിനിമയിലുണ്ടാവുമെന്നാണ് വിവരം.
മാജിക്കുകാരനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. സംവിധായകന് റാഫിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.
അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍