ഡിസംബര്‍ ഒന്നിനാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന് നിക് ജോനാസും ജോധ്പൂരിലെ ഉമൈദ് ഭവന് പാലസില്‍ വെച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വന്‍ കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് പ്രിയങ്ക. പരിസര മലിനീകരണത്തിനെതിരായ പ്രചരണത്തിന്റെ മുഖമായിരിക്കെ പ്രിയങ്ക സ്വന്തം കല്യാണത്തിന് മണിക്കൂറുകള്‍ നീണ്ട കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു.
കഴിഞ്ഞ ദീപാവലിക്ക് പടക്കങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ വീഡിയോയ്ക്കൊമാണ് പലരും താരത്തിനെ ട്രോളുന്നത്. ദീപാവലിക്ക് പാടില്ലാത്ത പടക്കങ്ങള്‍ എങ്ങനെ സ്വന്തം കല്യാണം വന്നപ്പോള്‍ പരിസ്ഥിതി സൗഹൃദമായെന്ന് അവര്‍ ട്വിറ്ററില്‍ ചോദിക്കുന്നു.
നിരവധി പേര് പ്രിയങ്കയെ ട്രോളിയും രംഗത്തെത്തി. ഹരിത പടക്കങ്ങളാണ് പ്രിയങ്ക ഉപയോഗിച്ചതെന്നായിരുന്നു ചിലരുടെ പരിഹാസം. മറ്റുചിലര്‍ കരിമരുന്ന് പ്രയോഗത്തിലൂടെ പ്രിയങ്ക ഓക്സിജന്‍ ഉത്പാദിപ്പിക്കുമെന്ന് കളിയാക്കുന്നുമുണ്ട്.