തന്റെ മകന്റെ ജീവനു വേണ്ടി നടി സേതുലക്ഷ്മി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് ഫലം കാണുന്നു. വൃക്കകള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്ന തന്റെ മകന് വൃക്ക നല്കാന് സഹായവാഗ്ദാനവുമായി നടി പൊന്നമ്മ ബാബു അടക്കം നിരവധി പേര് തന്നെ സമീപിച്ചെന്ന് സേതുലക്ഷ്മി പറഞ്ഞു. സേതുലക്ഷ്മി തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പൊന്നമ്മ ബാബു വിളിച്ച് പ്രശ്നമൊന്നുമില്ലെങ്കില്‍ തന്റെ വൃക്ക നല്കാന് തയ്യാറാണെന്ന് അറിയിച്ചത്.
`` പൊന്നമ്മ മാത്രമല്ല, പണം തരാമെന്നും കിഡ്നി ദാനം ചെയ്യാമെന്നും പറഞ്ഞെല്ലാം ഇപ്പോള്‍ നിരവധി പേര് വിളിക്കുന്നുണ്ട്. പണം കൊടുത്ത് കിഡ്നി വാങ്ങാനൊക്കെ വളരെ പ്രയാസമാണെന്നു കേള്‍ക്കുന്നു. കിഡ്നി ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വലിയ സമാധാനമാകും ഞങ്ങള്‍ക്കിപ്പോള്‍.''
സഹായം ചോദിച്ച് വീഡിയോ ഇട്ടതിനു ശേഷം സിനിമാരംഗത്തു നിന്നും അല്ലാതെയും നിരവധി പേര് വിളിച്ചിരുന്നു. നടന് ഇന്ദ്രജിത്ത് പണം തന്നു സഹായിച്ചു. മറ്റു പലരും പണം തരാമന്നു പറഞ്ഞു. കുറഞ്ഞത് പത്തു ലക്ഷം രൂപയെങ്കിലും കൈയ്യില്‍ കരുതിയിട്ട് മാത്രമേ ഓപ്പറേഷന് തയ്യാറെടുക്കാവൂ എന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്.
കിഡ്നി പണം കൊടുത്തു വാങ്ങേണ്ടി വരില്ലെങ്കില്‍ ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് പി.ആര്.എസ് ആശുപത്രിയിലാണ് ഇപ്പോള്‍ കിഷോറ് ഉളളത്. ഡയാലിസിസ് നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഓപ്പറേഷന് നടത്തുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്നു കരുതുന്നു.
വീഡിയോ ഇട്ടതില്‍ പിന്നെ എല്ലാവരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടെയും കരുതലിനും സ്നേഹത്തിനും നന്ദിയുണ്ട്. എങ്ങനെയാണ് അത് പറഞ്ഞറിയിക്കേണ്ടത് എന്നറിയില്ല.
സഹായം വാഗ്ദാനം ചെയ്ത് നാടിന്റെ നാനാ ഭാഗത്തു നിന്നും അന്വേഷണങ്ങളെത്തുമ്പോള് കഴിഞ്ഞ നാലു വര്‍ഷമായി താനും തന്റെ കുടുംബവും അനുഭവിക്കുന്ന വേദനകള്‍ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സേതുലക്ഷ്മിയും മകന് കിഷോറും.