കോട്ടയം ലോക്സഭാ മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ്.കെ.മാണി എം.പി. കോട്ടയം ഘടകകക്ഷിക്കുള്ള സീറ്റാണെന്ന് യുഡിഎഫ് തീരുമാനമാണ്. അതിന് മാറ്റം വരുത്തേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുപോലെ ഉറപ്പ് പറഞ്ഞിട്ടുള്ള കാര്യവുമാണിത്.
ഉമ്മന്‍ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കാന്‍ തയാറാകുകയാണെങ്കില് കോട്ടയം ലോക്സഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അത്തരമൊരു ആലോചനയ്ക്ക് പോലും സാധ്യതയില്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയത്. മുന്നണിയില്‍ നിന്ന് പോകുകയും മടങ്ങി വരുകയും ചെയ്ത കേരളാ കോണ്‍ഗ്രസ് ഇപ്പോഴും കോട്ടയം ലോക്സഭാ സീറ്റ് തങ്ങളുടേത് മാത്രമാണെന്ന നിലപാടിലാണ്. ഇത് കൂടാതെ ഇടുക്കി കൂടി ലഭിക്കണമെന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. 2009ലും 2014ലും ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കോട്ടയം ലോക്സഭയില്‍ നിന്ന് ജോസ്.കെ.മാണി വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ ജോസ്.കെ.മാണി രാജ്യസഭാംഗമായി. ഇതിനെ തുടര്‍ന്ന് ലോക്സഭാ എം.പി സ്ഥാനം രാജിവെച്ചിരുന്നു.
ഇവിടെ ആരാകും കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി എന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഏറെയുണ്ട്. ജോസ്.കെ.മാണിയുടെ ഭാര്യ നിഷാ ജോസ് മത്സരിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ തന്റെ ഭാര്യ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടാണ് ജോസ്.കെ.മാണി പറയുന്നത്. ആരാണ് കോട്ടയം ലോക്സഭയെ പ്രതിനിധീകരിക്കുകയെന്ന് ഉടന്‍ തന്നെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കുമെന്ന നിലപാടിലാണ് ജോസ്.കെ.മാണി.