ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന 'നവയുഗം സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 2019'ന്, ദമ്മാമിലെ ഇഖ്തിറാഫ് സ്റ്റേഡിയത്തില്‍ തുടക്കമായി.
കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ പ്രേമികളുടെ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ നടന്ന പ്രൗഢഗംഭീരമായ ഉല്‍ഘാടനചടങ്ങില്‍ വെച്ച്, ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്ക്കൂള് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് സുനില്‍ മുഹമ്മദ്, നവയുഗം സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് കിക്ക്ഓഫ് നിര്‍വഹിച്ചു. ഇനി നടക്കുന്ന മത്സരങ്ങളില്‍ കൈമെയ് മറന്നു പൊരുതി, മികച്ച ഫുട്ബോളിന്റെ സൗന്ദര്യം, മൈതാനത്തു തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കാഴ്ച വയ്ക്കുക എന്ന ഉത്തരവാദിത്വം ഓരോ ടീമിനുമുണ്ട് എന്ന് ഉല്ഘാടനപ്രസംഗത്തില് അദ്ദേഹം പറഞ്ഞു.
മന്‍സൂര്‍, ജാബിര്‍ (ഇരിക്കൂര്‍ എന്‍.ആര്.ഐ ഫോറം), നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ബെന്‍സിമോഹന്‍, എം.എ.വാഹിദ് കാര്യറ, സാജന് കണിയാപുരം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ ചാത്തന്നൂര്‍, ഷിബുകുമാര്‍, ബിജു വര്‍ക്കി, ഗോപകുമാര്‍, മണിക്കുട്ടന്, നിസ്സാം കൊല്ലം, സഹീര്‍ഷാ, ബിനുകുഞ്ഞു, രാജേഷ് ചടയമംഗലം, സനു മഠത്തില്‍ എന്നിവര്‍ ഉത്ഘാടനചടങ്ങില്‍ പങ്കെടുത്തു.
കിഴക്കന്‍ പ്രവിശ്യയിലെ മികച്ച എട്ടു ടീമുകള്‍ അണിനിരന്ന മാര്‍ച്ച്പാസ്റ്റിനൊടുവില്‍, ഇന്ത്യയുടേയും സൗദി അറേബ്യയുടേയും ദേശീയഗാനങ്ങള്‍ മൈതാനത്ത് മുഴങ്ങി. തുടര്‍ന്ന് വിശിഷ്ടാതിഥികളും, നവയുഗം നേതാക്കളും ടീമുകളെയും കളിക്കാരെയും പരിചയപ്പെട്ടു.
പരിപാടികള്‍ക്ക് നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി നേതാക്കളായ നഹാസ്, തമ്പാന് നടരാജന്, ബാബു ചാത്തന്നൂര്‍, രാജ്കുമാര്, താഹ, സിദ്ദിക്ക് എന്നിവര്‍ നേതൃത്വം നല്കി.
ഉത്ഘാടനമത്സരത്തില്‍ സോക്കര്‍ വാരിയേഴ്സ് ടീമും, നവയുഗം എഫ്.സി.ടീമും തമ്മില്‍ ഏറ്റുമുട്ടി. തുല്യശക്തികള്‍ തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിയ്ക്കു ശേഷം, രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റില്‍ ആദ്യഗോള്‍ നേടി നവയുഗം എഫ്.സി മുന്നിലെത്തി. എന്നാല്‍ കളി തീരാന്‍ മൂന്നു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ സോക്കര്‍ വാരിയേഴ്സ് ഒരു ഗോള്‍ മടക്കിയതോടെ കളി സമനിലയിലായി. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ 2 1 എന്ന സ്കോറിന് നവയുഗം എഫ്.സി യെ പരാജയപ്പെടുത്തി സോക്കര്‍ വാരിയേഴ്സ് ടീം മത്സരവിജയികളായി.