ന്യൂയോര്‍ക്ക്: തീവ്രവാദികളാണെന്നു തെറ്റിദ്ധരിച്ചു വിമാനത്തില്‍ നിന്ന് ഇറക്കി വിടണമെന്ന് ഒച്ചവെച്ച ടി.വി ഹാസ്യ അവതാരക ജെസ്സ് ഹിലാരിയസിനെതിരേ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. നാലു സിഖുകാര്ക്കെതിരായാണ് ജെസ്സ് വിമാന അധികൃതരോട് പരാതി പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് ഇവരെ വിമാനത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
കുടുംബവുമൊത്തായിരുന്നു സിഖുകാര്‍ എത്തിയത്. അവരെ ഇറക്കിവിടുന്നത് ഫോണില്‍ പകര്‍ത്തി എവിടേക്കാണു നിങ്ങള്‍ പോകുന്നത്? എന്നു കളിയാക്കുന്ന വീഡിയോയും ജെസ്സ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. സിഖുകാരെ ഇറക്കി വിട്ട വിമാന കമ്പനിയും വിമര്‍ശനം നേരിടുന്നുണ്ട്. മോശമായ ഭാഷ ഉപയോഗിച്ചാണ് തന്റെ പ്രവര്‍ത്തിയെ ജെസ് ന്യായീകരിച്ചത്. അതേസമയം, ന്യൂസീലാന്‍ഡിലെ പള്ളികളില്‍ അമ്പതോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ഇത്തരമൊരു സംഭവം അരങ്ങേറിയത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചത്.
വിമാനത്തില്‍ അവര്‍ക്കു പേടി തോന്നുന്ന വേഷത്തില്‍ നാലു പേര് കയറിയതാണത്രേ ജെസ്സിനെ ചൊടിപ്പിച്ചത്. തന്റെ പരാതിയെത്തുടര്‍ന്നു വിമാനത്തിലുള്ള സിഖുകാരോടു പുറത്തു പോകാന്‍ ആവശ്യപ്പെട്ടതായും പ്രശ്നങ്ങള്‍ പരിഹരിച്ച് എല്ലാവരും തിരിച്ച് വിമാനത്തില്‍ കയറിയെങ്കിലും നാല് സിഖ് വംശജരെ കണ്ടില്ലെന്നും ജെസ് വ്യക്തമാക്കി.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് തന്റെ ഭാഗം ന്യായീകരിച്ചും ജെസ് രംഗത്ത് എത്തിയിരുന്നു.
തലപ്പാവ് ധരിച്ചെത്തിയവരെ കണ്ട് എനിക്ക് പേടി തോന്നി. ഞാന്‍ കറുത്ത വര്‍ഗക്കാരുടേയും വിവിധ ജാതിക്കാരുടെയും പക്ഷത്ത് നിന്നില്ല എന്ന കാരണത്താല്‍ നിങ്ങള്‍ക്ക് എന്നോട് ദേഷ്യമാണോ...? എനിക്ക് എന്താണ് തോന്നുന്നത് അത് ഞാന്‍ പറയും.. എനിക്ക് അവരെ കണ്ടതും ഭയം തോന്നി.. അത്ര തന്നെ, അവരെ കണ്ടതും ഞാന്‍ ഭയന്നു.. ഞാന്‍ എല്ലാം തികഞ്ഞ ആളാണെന്ന് പറയുന്നില്ല.. സംഭവത്തില്‍ മാപ്പ് പറയാനും ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഒരിക്കലും ഒരു വംശീയവാദിയല്ല. എന്റെ കുടുംബത്തില്‍ മുസ്ലിം അംഗങ്ങളുണ്ട്. ഒരാളോടും മോശമായി സംസാരിച്ചിട്ടുമില്ല. ആരുടെയെങ്കിലും വികാരത്തെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു.
ജെസ്സ് ഇങ്ങനെ പറയുന്നുണ്ടെങ്കിലും അവര്‍ക്കെതിരേ നിരവധി വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.