കൊച്ചി: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണം നിര്‍ത്തി. ഇന്നത്തെ പ്രചരണം നിര്‍ത്തിയതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. അതേസമയം പ്രചരണത്തിന് കുറച്ച് സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ നാളെ പ്രചരണമുണ്ടാകും. മാണിയുടെ സംസ്കാരം നടക്കുന്ന മറ്റന്നാള്‍ പ്രചരണമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 4.57ഓടെയാണ് കെ.എം മാണി അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ രാവിലെ ഒന്‍പതരയോടെ കോട്ടയത്തേക്ക് കൊണ്ടു പോരുന്ന മൃതദേഹം കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്തും തിരുനക്കര മൈതാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലായിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടു പോകും. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പാലാ കത്രീഡലിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.