തിരുവനന്തപുരം: പൊലീസ് പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ ലഭ്യമാക്കിയ ശേഷം സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ മുഖ്യമായും 5 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊതുവായ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും ഡിജിപി ഉത്തരവിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് പോസ്റ്റല്‍ വോട്ടില്‍ കള്ളക്കളിയും അട്ടിമറിയും നടന്നന്നെന്ന വാര്‍ത്ത കഴിഞ്ഞദിവസം ഡിജിപി സ്ഥിരീകരിച്ചിരുന്നു.
ജനപ്രതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും, കര്‍ശന നടപടികള്‍ക്കായി റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശം നല്‍കണമെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്.
തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി.
നേരത്തെ, പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷം രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.