ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന നാലാമത്തെ കൃതി ജോര്‍ജ് അറങ്ങാശേരിയുടെ കവിതാ സമാഹാരം ’നിറഭേദങ്ങളില്ലാത്ത മരണം ’ ജൂണ്‍ 28ന് എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന സുഹൃത് സമ്മേളനത്തില്‍ പ്രകാശനം ചെയ്യുന്നു.
ജീവിതത്തിന്റെ ദുഃഖാത്മകതയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ജീവിതത്തില്‍ ഊറി വരുന്ന ഭാവങ്ങളുടെ ചിത്രങ്ങളാണ് ജോര്‍ജ് അറങ്ങാശേരിയുടെ ഓരോ കവിതയും. വിഷാദത്തിന്റെ ഒരു നനുത്ത ആവരണം പൊതിയുന്ന 11 കവിതകള്‍ അടങ്ങിയ ’നിറഭേദങ്ങളില്ലാത്ത മരണം ’ വായനക്കാരന് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുന്നു. റാം മോഹന്‍ പാലിയത്ത് എഴുതിയ അവതാരികയും എം. തോമസ് മാത്യു എഴുതിയ ആസ്വാദന കുറിപ്പും പുസ്തകത്തിന്റെ ഉള്ളടക്കത്തെ മികവുറ്റതാക്കുന്നു.