തിരുവനന്തപുരം: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലയുമായി സിപിഎമ്മിനു ബന്ധമില്ലെന്ന് താന്‍ സ്വന്തം നിലയ്ക്ക് പറഞ്ഞതല്ലെന്ന വിശദീകരണവുമായി വി.എസ്.അച്യുതാനന്ദന്.
ചന്ദ്രശേഖരന്റെ വധത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ആണയിട്ടു പറയുന്നതിനിടയിലാണ് വിഎസിന്റെ മലക്കം മറിച്ചില്‍. താന്‍ നേരത്തെ നടത്തിയ പ്രസ്താവനയെ വിഎസ് ഇന്നു വിശദീകരിച്ചത് ഇങ്ങനെ: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
ടി.പി. രാമകൃഷ്ണന് പറഞ്ഞതിനെ വിശ്വാസത്തിലെടുക്കണമെന്നില്ലെന്ന ധ്വനി വിഎസിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. പ്രതികളെ കണ്ടുപിടിക്കേണ്ടത് പൊലീസ് അന്വേഷണ സംഘമാണെന്നും വിഎസ് പറഞ്ഞു.