പത്തനംതിട്ട: ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ പേരില്‍ സി.പി.എമ്മിനെതിരെ എന്തുമാകാമെന്ന ഹുങ്കാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ബംഗാളില്‍ സി.പി.എമ്മുകാരെ വേട്ടയാടിയ പോലെ കേരളത്തിലും പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനമാണ് ഓഞ്ചിയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ പോലീസ് നടത്തുന്നതെന്നും പിണറായി പറഞ്ഞു.
ആറന്മുളയില് സി.പി.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആലോചിക്കുമെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം അറസ്റ്റ് കാട്ടിയും മര്ദ്ദിപ്പിച്ചും കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും അതുകൊണ്ടൊന്നും സി.പി.എമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.