Image

താജ് (കവിത: വേണുനമ്പ്യാർ)

Published on 04 May, 2024
താജ് (കവിത: വേണുനമ്പ്യാർ)

1
ഞാൻ രാജാവല്ല
നീ മഹാറാണിയുമല്ല
എങ്കിലും പിൽക്കാലത്ത്
വല്ലവരും ഓർക്കാൻ
നമുക്കും വേണം
ഒരു കൊച്ചു താജ് മഹൽ
വെണ്ണക്കല്ലിലല്ലെങ്കിൽ
വെട്ടുകല്ലിലെങ്കിലും!


2
താജ് മഹൽ
നിലാവുള്ള രാത്രിയിൽ
നിനക്കു വേണ്ടി മാത്രം
സൗജന്യമായി
പൊന്നിൽ തീർത്തതു പോലെ!

ഒരു നഷ്ടപ്രണയത്തിന്റെ
അളവുമാപിനിയെക്കാളേറെ
വിരഹദു:ഖത്തിന്റെ
സാന്ദ്രാനന്ദവിസ്മയമൂർത്തീഭാവം.

പുലരിയിൽ 
പിങ്ക് നിറത്തിൽ കുളിച്ചിരിക്കും
പോക്കുവെയിലിന്റെ നേരത്ത്
പാൽവെള്ള ചുരത്തും
മാനത്ത് തങ്ങുന്ന
പ്രണയത്തിന്റെ ഒരു കണ്ണീർക്കണം 
ഓ, താജ് നീ അമ്ലമാരിയെ
അതിജീവിച്ച് ആചന്ദ്രതാരം 
ഒരു ഭൂഗോള മഹാത്ഭുതമായി തിളങ്ങുക!

3
ഒരു ഉത്തരേന്ത്യൻ യാത്രയുടെ
ഓർമ്മക്കുറിപ്പായി
താഴികക്കുടത്തിന്റെയും
മിനാരങ്ങളുടെയും മിനിയേച്ചർ
എന്റെ ഷോ കേസിൽ.

പ്രണയത്തിന്റെ ഉദ്യാനത്തിനരികെ
ശവകുടീരങ്ങൾ ഉയരുന്നതെന്തിനു?

ഓർമ്മ
പ്രണയത്തിനു
പകരമാകില്ലെന്നറിയാം
എങ്കിലും പ്രണയസ്മാരകശിലകളെ
നമ്മൾ ക്ലിക്ക് ചെയ്ത് 
ഗാലറിയിൽ സൂക്ഷിക്കുന്നു!

ഇന്ന് - വെളിച്ചം അരിച്ചിറങ്ങാത്ത
പൂപ്പൽ പിടിച്ച ഒരു ശവക്കല്ലറ മാതിരി!
ഈ നിമിഷം പ്രണയിക്കാതെ
ഈ നിമിഷം ദു:ഖിക്കാതെ
അനുരാഗനദിയുടെ കരയിൽ  
നാളെ ഒരു പറുദീസ പടുക്കാനാകുമൊ?

4
മുംതാസിന്റെ വേർപാടിൽ
കണ്ണീർ തൂകുവാൻ
കണ്ണുകൾ ഷാജഹാന്റെ തന്നെ വേണം.

മുംതാസിന്റെ മരണാനന്തരസൗന്ദര്യം
കാണുവാനും
കണ്ണുകൾ ഷാജഹാന്റെ തന്നെ വേണം.

പ്രേയസി ചിരഞ്ജീവിയായിരുന്നെങ്കിൽ
പ്രണയത്തിന്റെ ആ വെണ്ണക്കൽ സൗധം
എവിടെ ഉയരുമായിരുന്നു?

ഷാജഹാന്റെ ഹൃദയത്തിലൊ!


5
പ്രണയത്തിന്റെ 
കപ്പൽച്ചേതത്തിനിടെ
രക്ഷാനൌകയിലിരുന്ന്
ബാംസുരിയിൽ
അവസാനത്തെ
ഒരു സ്നേഹഗീതം
വായിക്കാം,
യമുനയും താജ് മഹലും 
അത് കേൾക്കുമെങ്കിൽ!

6
കാഴ്ചക്കാരെത്തും മുമ്പ്
കടൽ കൊണ്ടുപോയി
മണലിൽ കരയിലൊരുക്കിയ
കമനീയമായ താജ് ശില്പം!
അന്ധനായ മണൽച്ചിത്രകാരൻ
കരയ്ക്കടിഞ്ഞ മീനിനെ പോലെ
കണ്ണും തുറന്നു കിടന്നു
ആകാശത്തിലെ വെള്ളിക്കിണ്ണം
അവനു വേണ്ടി നിറഞ്ഞു തൂവി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക