മെല്‍ബണ്‍: ഹൃസ്വസന്ദര്‍ശനാര്‍ഥം ഓസ്ട്രേലിയയില്‍ എത്തിയ കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന് ഒഐസിസി സ്വീകരണം നല്കി. ഓസ്ട്രേലിയയിലെ വിവിധ പ്രദേശങ്ങളില്‍ ഒഐസിസിയുടെ പ്രവര്‍ത്തനവും പ്രവര്‍ത്തകരുടെ ചുറുചുറുക്കും നാട്ടിലെ അനുഭവമാണ് മനസില്‍ തോന്നിയതെന്നും ഒഐസിസിക്ക് ഓസ്ട്രേലിയയിലെ മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിക്കാനായതും പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനവുമാണെന്ന് മന്ത്രി പറഞ്ഞു.
ഓസ്ട്രേലിയയില്‍ റോഡ്ഷോയുമായി എത്തിയ മന്ത്രിയും സംഘവും കേരളത്തെ ഒരു ടൂറിസ്റ്റ് സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി ട്രാവല്‍ ടൂറിസ്റ്റ് ഷോകളും ചര്‍ച്ചകളും നടത്തി. വിദേശികള്‍ക്ക് കേരളത്തില്‍ പരിപൂര്‍ണമായ സുരക്ഷ ഉറപ്പുവരുത്തുമെന്നും റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക ടൂറിസ്റ്റ് കൗണ്ടറുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഒഐസിസി നല്കിയ സ്വീകരണ പരിപാടിയില്‍ ഒഐസിസി ദേശീയ പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിജു സ്കറിയ, ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ്, ഒഐസിസി വിക്ടോറിയ പ്രസിഡന്റ് ജോജി കാഞ്ഞിരപ്പള്ളി, കെഎസ്യു നേതാവ് അനില്‍ ബോസ്, സഹീര്‍ മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.