ജോസ് പിന്റോ സ്റ്റീഫന്‍
ന്യൂയോര്‍ക്ക് : ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഇലക്ട്രാ' എന്ന സിനിമയുടെ ഒരു സ്പെഷ്യല്‍ സ്ക്രീനിംഗ് മേയ് മാസം 26 ന് (വ്യാഴായ്ച) വൈകീട്ട് 7മണിക്ക് ന്യൂയോര്‍ക്കിലെ സ്പ്രിംഗ് വാലിയിലെ 'മാവേലി ട്വിന്‍ സിനിമാ' തീയറ്ററില്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു.
ഈ അവസരത്തില്‍ ഈ ചിത്രത്തിന്റെ ഒരു ഷോ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നതിനാല്‍ ഈ സുവര്‍ണാവസരം പാഴാക്കരുതെന്ന് ഈ പ്രദേശത്തെ സിനിമാസ്വാദകരോട് സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു.
പ്രശസ്ത സംവിധായകന് ശ്യാമപ്രസാദാണ് 'ഇലക്ട്രാ' യുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ സ്ക്കൂള് ഓഫ് ഡ്രാമയിലെ പഠനത്തിനിടെ പഠിക്കുവാനിടയായ ഒരു യവന നാടക കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ മനോഹര സിനിമാശില്പത്തിന് അദ്ദേഹം തിരക്കഥ രചിച്ചത്. വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടു നടന്ന ആ ആശയം യാഥാര്‍ത്ഥ്യ വല്ക്കരിക്കപ്പെട്ടിരിക്കുകയാണിപ്പോള്.
രസികാ എന്റര്‍ടെയിന്‍മെന്റ് എന്ന ബാനറിന് കീഴില്‍ വിന്ദ്യനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സനു തോമസ് ക്യാമറയും വിനോദ് സുകുമാരന്‍ എൗിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഗാനരചനയും മ്യൂസിക്കും നല്‍കിയിരിക്കുന്നത്. റാഫിക്ക് അഹമ്മദും, അല്ഫോണ്സുമാണ്.ശ്യാമപ്രസാദും കിരണ്‍ പ്രഭാകരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
നയന്‍താര 'ഇലക്ട്രാ അലക്സാണ്ടര്‍' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രകാശ് രാജും മനീഷാ കൊയ്രാളയുമാണ് നയന്‍താരയുടെ മാതാപിതാക്കളായി വേഷമിടുന്നത്. മനീഷാ കൊയ്രാളയുടെ ആദ്യമലയാള ചിത്രം കൂടിയാണിത്.
സുരാജ് സ്കന്ദ, ബിജു മേനോന്, കെ.പി.എ.സി. ലളിത, പി.ശ്രീകുമാര്‍, ഡിനോമോറിയ, ശ്രുതി മേനോന് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
ഡയറക്ടര്‍ ശ്യാമപ്രസാദ് ഈ സിനിമായുടെ പ്രദര്‍ശനവേളയിലും അതിനെതുടര്‍ന്നുള്ള ചോദ്യോത്തരവേളയിലും ഉണ്ടായിരിക്കുമെന്നു ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്. www.mavelimovies.com. സന്ദര്‍ശിക്കുക. വിളിക്കേണ്ട നമ്പര്‍-8455784000