Image

വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം സെപ്‌തംബര്‍ 9ന്‌ ആരംഭിക്കും

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 06 September, 2011
വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം സെപ്‌തംബര്‍ 9ന്‌ ആരംഭിക്കും
ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്റെ സംരംഭമായ വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം സെപ്‌തംബര്‍ 9 മുതല്‍ ആരംഭിക്കുമെന്ന്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മത്തായി പി. ദാസ്‌ അറിയിച്ചു. ക്ലാര്‍ക്‌സ്‌ടൗണ്‍ സൗത്ത്‌ ഹൈസ്‌കൂളില്‍ എല്ലാ വെള്ളിയാഴ്‌ചയും?വൈകീട്ട്‌ ഏഴ്‌ മണിമുതല്‍ എട്ടര മണിവരെയാണ്‌ ക്ലാസ്‌.

നമ്മുടെ ഇളംതലമുറയെ അല്‌പമെങ്കിലും നമ്മുടെ സാംസ്‌ക്കാരികപാതയിലേക്ക്‌ നയിക്കണമെങ്കില്‍ മാതൃഭാഷയായ മലയാളം തന്നെ വേണം. സ്വന്തം കുഞ്ഞുങ്ങള്‍ അമ്മ എന്നും അച്ഛന്‍ എന്നുമൊക്കെ ശുദ്ധമലയാളത്തില്‍ പറഞ്ഞുകേള്‍ക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും ആഗ്രഹമുണ്ടായിരിക്കുമെന്നത്‌ നിസ്‌തര്‍ക്കമായ കാര്യമാണ്‌. ഇംഗ്ലീഷ്‌ മാത്രം കൈകാര്യം ചെയ്യുന്ന സ്‌കൂള്‍ ജീവിതത്തില്‍ നിന്ന്‌ നമ്മുടെ കുഞ്ഞുങ്ങള്‍ സ്വന്തം മാതൃഭാഷയായ മലയാളംകൂടി അറിഞ്ഞിരിക്കുന്നതില്‍ തെറ്റില്ല എന്നാണ്‌ പ്രിന്‍സിപ്പല്‍ മത്തായി പി. ദാസിന്റെ അഭിപ്രായം.

കേരളത്തില്‍ ചെല്ലുമ്പോള്‍ ഭാഷയുടെ പരിമിതിമൂലം നമ്മുടെ കുഞ്ഞുങ്ങള്‍ ബുദ്ധിമുട്ടുന്നത്‌ നാം ഓരോരുത്തരും കണ്ടിട്ടുണ്ട്‌. വിദ്യാഭ്യാസത്തേക്കാളുപരി നമ്മുടെ മാതാപിതാക്കളൂം ഗുരുക്കന്മാരും നമുക്കു പകര്‍ന്നു തന്നിട്ടുള്ള വിലമതിക്കാനാവാത്ത പലതും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കാന്‍ നമുക്കാവുന്നില്ല. നമ്മുടെ പൂര്‍വ്വികരെക്കുറിച്ചും കുടുംബപാരമ്പര്യത്തെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുവാന്‍ മലയാള ഭാഷാ അനിവാര്യമാണ്‌. കൂടാതെ, ഭാഷാന്യൂനത കൊണ്ട്‌ മലയാളി സംഘടനകളില്‍ സഹകരിക്കാനും സംവദിക്കാനും അവര്‍ക്ക്‌ കഴിയുന്നില്ല. വിദ്യാജ്യോതി സ്‌കൂളിന്റെ ഉദ്ദേശം തന്നെ മലയാളി കുട്ടികളെ മലയാള ഭാഷ അനായാസേന കൈകാര്യം ചെയ്യുവാന്‍ പ്രാപ്‌തരാക്കുക എന്നതാണെന്ന്‌ മത്തായി പി. ദാസ്‌ പറഞ്ഞു.വിഭാഗീയതയുടെയോ സങ്കുചിത ചിന്തകളുടെയോ പേരില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാതെ മാറ്റി നിര്‍ത്തരുതെന്ന്‌ മാതാപിതാക്കളോട്‌ മത്തായി പി. ദാസ്‌ അഭ്യര്‍ത്ഥിച്ചു.

സ്‌കൂളിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടുക: മത്തായി പി. ദാസ്‌ (പ്രിന്‍സിപ്പല്‍) 845 364 6498, ജോസഫ്‌ മുണ്ടന്‍ചിറ (വൈസ്‌ പ്രിന്‍സിപ്പല്‍) 845 627 2142, തമ്പി പനയ്‌ക്കല്‍ (പ്രസിഡന്റ്‌, ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍) 845 624 2958, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ (സെക്രട്ടറി) 845 708 9728, മറിയാമ്മ നൈനാന്‍ (സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍) 845 639 1128.
വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം സെപ്‌തംബര്‍ 9ന്‌ ആരംഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക