Image

അഗാപ്പെ പദ്ധതികള്‍ ആരംഭിച്ചു

ജോസ് കണിയാലി Published on 08 September, 2011
അഗാപ്പെ പദ്ധതികള്‍ ആരംഭിച്ചു

ചിക്കാഗോ: ചിക്കാഗോയിലെ ക്‌നാനായ കത്തോലിക്കാ ഇടവകകളായ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ് പള്ളികളിലെ സാമൂഹ്യസേവനവിഭാഗമായ അഗാപ്പെ മൂവ്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെ കോട്ടയം അതിരൂപതയുടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അഗാപ്പെ മദ്യവിമുക്ത പദ്ധതിയും സമരിറ്റന്‍ അവാര്‍ഡും ആരംഭിച്ചു.

കുടുംബവരുമാനത്തിന്റെ സിംഹഭാഗവും മദ്യപാനത്തിനും മദ്യസല്‍ക്കാരത്തിനും വിനിയോഗിച്ച് ആരോഗ്യം, സാമ്പത്തികം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ വരുത്തിവയ്ക്കുന്ന വിപത്തുകള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സുകളും മദ്യവിമുക്തമാകുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് ചികിത്സാസഹായവും നല്‍കുന്ന അഗാപ്പെ മദ്യവിമുക്ത പദ്ധതിക്ക് ചിക്കാഗോയിലെ അഗാപ്പെ ഫണ്ടില്‍നിന്നും പ്രതിവര്‍ഷം 5000 ഡോളര്‍വീതം നല്‍കുവാന്‍ അഗാപ്പെയുടെ കമ്മറ്റി തീരുമാനിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അസാധാരണസേവനം കാഴ്ചവയ്ക്കുന്ന ഭാരതത്തിലെ നല്ല സമരിയാക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും സാമ്പത്തികമായി സഹായിക്കുവാനുമാണ് സമരിറ്റന്‍ അവാര്‍ഡുവഴി അഗാപ്പെ മൂവ്‌മെന്റ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങളില്‍ നിന്നും ശുപാര്‍ശകള്‍ സ്വീകരിച്ച് ഓരോ വര്‍ഷവും ഓരോ നല്ല സമരിയാക്കാരനെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിശ്ചയിക്കുന്ന വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കും. ആ വ്യക്തിക്ക് നവംബറില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന കാര്‍ഷിക മേളയില്‍വച്ച് 50,000 രൂപയും പ്രശസ്തി ഫലകവും നല്‍കി ആദരിക്കും.

ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍വച്ച് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. സാല്‍വത്തോറെ പെനാക്കിയോ അഗാപ്പെ പ്രോജക്ടുകള്‍ക്ക് വേണ്ടിയുള്ള ഫണ്ട് മോണ്‍. അബ്രഹാം മുത്തോലത്തില്‍നിന്നും സ്വീകരിച്ചു. ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, റവ. ഡോ. തോമസ് കോട്ടൂര്‍ , ചൈതന്യ പാസ്റ്റല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെന്റ് മേരീസ് ഇടവക ട്രസ്റ്റി സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സേക്രട്ട് ഹാര്‍ട്ട് ഇടവക അഗാപ്പെ കോര്‍ഡിനേറ്റര്‍ വത്സ തെക്കേപ്പറമ്പി
ല്‍ ‍, സണ്ണി തെക്കേപ്പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഗാപ്പെ പദ്ധതികള്‍ ആരംഭിച്ചു
വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. സാല്‍വത്തോറെ പെനാക്കിയോ അഗാപ്പെ പ്രോജക്ടുകള്‍ക്കുവേണ്ടിയുള്ള ഫണ്ട് മോണ്‍. അബ്രഹാം മുത്തോലത്തില്‍നിന്നും സ്വീകരിക്കുന്നു. റവ. ഡോ. തോമസ് കോട്ടൂര്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വത്സ & സണ്ണി തെക്കപ്പറമ്പില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക