കേന്ദ്രാനുമതി ലഭിച്ച ആറന്മുള വിമാനത്താവളത്തിനെതിരായി സമരഭീഷണി
മുഴക്കിക്കൊണ്ടിരിക്കുന്ന മലയാളികളായ രാഷ്ട്രീയ നേതാക്കന്മാരും, സാംസ്കാരിക
നേതാക്കളും, പരിസ്ഥിതി സംരക്ഷകരുമൊക്കെ സാക്ഷാല്‍ ദേശസ്നേഹമുള്ള മലയാളികള്‍
തന്നെയാണോ? ദേശാഭിമാനം എന്താണെന്ന് മലയാളികള്‍ തമിഴ്നാടിനെ കണ്ടു പഠിക്കട്ടെ.
കേരളത്തില്‍ വളരെ നാളുകള്‍ക്കു മുമ്പായി തന്നെ വരേണ്ടതായ എത്രയെത്ര
പൊതുസ്ഥാപനങ്ങളേയും വികസന പദ്ധതികളേയും, വ്യവസായങ്ങളേയുമാണ് രാജ്യദ്രോഹികളായ ഈ
കേരള രാഷ്ട്രീയ മാടമ്പിമാരും അവരുടെ അനുയായികളും കൂടിച്ചേര്‍ന്ന്
ആട്ടിപ്പായിച്ചുകളഞ്ഞത്. അതിവേഗം വളര്‍ന്നു പുരോഗതിയും നേട്ടവും കൈവരിച്ച
നെടുമ്പാശേരി എയര്പോര്ട്ടിനെതിരായി പോലും സമരക്കൊടി ഉയര്ത്തിയവരെല്ലെ
പില്ക്കാലത്ത് അതിന്റെ ചെയര്‍മാന്‍സ്ഥാനത്ത് ഇരുപ്പുറപ്പിച്ചത്. സ്വന്തം
നാടിന് പേരും പ്രശസ്തിയും വളര്‍ച്ചയുമൊന്നും വേണ്ടെന്ന് ശഠിച്ച് നിഷ്ക്രിയരായി
ജീവിക്കുന്ന ഒരുവിഭാഗം ജനങ്ങള്‍ കേരളത്തിലല്ലാതെ ലോകത്തില്‍ മറ്റൊരു ദേശത്തും
നിശ്ചമായും കാണില്ല.
ജനങ്ങള്‍ സഞ്ചരിക്കുന്ന പൊതു സ്ഥലങ്ങളിലും റെയില്‍വേ
ലൈനുകളിലുമൊക്കെ മലമൂത്ര വിസര്‍ജ്ജനം ചെയ്യുകയും കുപ്പകള്‍ എവിടെയും
വലിച്ചെറിയുകയും ചുറ്റുപാടുകള്‍ മലീമസമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നാട്ടിലെ
അഭ്യസ്തവിദ്യരായ ജനങ്ങളും നേതാക്കന്മാരുമാണ് ആറന്മുളയില് എയര്‍പോര്‍ട്ട്
വന്നാല്‍ പരിസ്ഥിതിയാകെ തകരാറിലായി നാടു നശിക്കുമെന്ന് മുറവിളി കൂട്ടുന്നതെന്ന്
ഓര്‍ക്കുമ്പോള്‍ ഏത് വിദേശ മലയാളിയാണ് അമ്പരന്നു പോകാത്തത്. അന്താരാഷ്ട്ര
നിലവാരമുള്ള ഒരു വിമാനത്താവളം വിശ്രുതമായ വള്ളംകളിയുടേയും ആറന്മുള കണ്ണാടിയുടേയും
നാട്ടില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നെന്നും 2014 ഡിസംബറില്‍ ആദ്യ വിമാനം ആറന്മുള
എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാന്‍ സാധിക്കുമെന്നുമുളള എയര്‍പോര്‍ട്ട്
ഡയറക്ടര്‍ ശ്രീ പി.ടി. നന്ദകുമാറിന്റെ പ്രസ്താവനയെ അതീവ സന്തോഷത്തോടുകൂടി ഞാന്‍
സ്വാഗതം ചെയ്യുന്നു. 2000 കോടി മുതല്‍മുടക്കുള്ള എയര്‍പോര്‍ട്ട് ഒരു
യാഥാര്‍ത്ഥ്യമായിത്തീരാന്‍ അശ്രാന്ത പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്ന ആറന്മുള
എം.എല്‍.എ ശ്രീ ശിവദാസന്‍ നായര്‍, പത്തനംതിട്ട എം.പി. ശ്രീ ആന്റോ ആന്റണി, മുന്‍
ഡയറക്ടര്‍ബോര്‍ഡ് അംഗം ശ്രീ വര്‍ക്കി ഏബ്രഹാം, ധര്‍മ്മിഷ്ടനായ അമേരിക്കന്‍
മലയാളി ശ്രീ ശശിധരന് നായര്‍ എന്നിവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു.
ഈ
എയര്‍പോര്‍ട്ട് ഒരു യാഥാര്‍ഥ്യമായിത്തീരുമ്പോള്‍ മനോഹരവും ആന്താരാഷ്ട്ര
പ്രശസ്തിയാര്‍ജ്ജിച്ചു കഴിഞ്ഞ ആറന്മുളയെ മാത്രമല്ല പത്തനംതിട്ട ജില്ല ഉള്‍പ്പടെ
വിസ്തൃതമായ മധ്യതിരുവിതാംകൂര്‍ പ്രദേശത്തേയും അവിടുത്തെ നാല്‍പ്പത് ശതമാനത്തോളം
വിദേശ മലയാളികളേയും മാരാമണ്‍ കണ്വന്ഷനേയും വര്‍ഷം തോറും അറുപത് മില്യനോളം ഹൈന്ദവ
ഭക്തന്മാര് വന്നുപൊയ്ക്കൊണ്ടിരിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തേയും
നന്മകൊണ്ടലങ്കരിക്കുകയും ചെയ്യും. വളര്‍ച്ച മുട്ടി നില്ക്കുന്ന കോട്ടയം
പട്ടണത്തിനും ആറന്മുളയില് ചിറകുവിരിക്കാന്‍ പോകുന്ന വിമാനത്താവളം ഗണനീയമാംവിധം
സഹായകരമായിത്തീരും.