Image

മലയാളി സ്ത്രീകളില്‍ വണ്ണവും ഭാരവും കൂടിവരുന്നു

Published on 13 October, 2011
മലയാളി സ്ത്രീകളില്‍ വണ്ണവും ഭാരവും കൂടിവരുന്നു
മലയാളി സ്ത്രീകളില്‍ വണ്ണവും ഭാരവും കൂടിവരുന്നു. 34 ശതമാനം സ്ത്രീകളും പൊണ്ണത്തടി കാരണം പൊറുതിമുട്ടുകയാണെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം കുഞ്ഞുങ്ങളില്‍ 22 ശതമാനത്തിനും തൂക്കക്കുറവും അനുഭവപ്പെടുന്നു. ഐ. ടി. രംഗം പോലുള്ള ഇരിപ്പുജോലികളുടെ കടന്നുവരവാണ് സ്ത്രീകളെ അമിത വണ്ണത്തിന് ഉടമകളാക്കുന്നതെന്നാണ് നിഗമനം. വ്യായാമക്കുറവും ഹോര്‍മോണ്‍ തകരാറുകളും ആണ് മറ്റ് കാരണങ്ങള്‍. പുരുഷന്‍മാരില്‍ 24.3 ശതമാനം പേരാണ് പൊണ്ണത്തടിയന്‍മാര്‍.

വളര്‍ച്ചക്കുറവുള്ള കുഞ്ഞുങ്ങള്‍ 29 ശതമാനം വരും. പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍ 16 ശതമാനവും. കൗമാര പ്രായക്കാര്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, പാവപ്പെട്ടവരായ മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരും ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തവരാണ്. മധ്യവയസ്‌കരായ സ്ത്രീകളാണ് പൊണ്ണത്തടിക്ക് അടിമകള്‍. കൗമാരക്കാരും കുട്ടികളും മധ്യവയസ്‌കരും അടുത്തകാലത്തായി ഇതേ വഴിക്കാണ് പോകുന്നതെന്നും സര്‍വേ സൂചിപ്പിക്കുന്നു.

ആറിനും 35 മാസത്തിനും ഇടയിലുള്ള കുഞ്ഞുങ്ങളില്‍ പകുതിയിലധികം പേരും വിളര്‍ച്ച ഉള്ളവരാണ്. 49 വയസില്‍ താഴെയുള്ള വിവാഹിതകളില്‍ 32.3 ശതമാനം പേരാണ് വിളര്‍ച്ചയുള്ളത്. ഗര്‍ഭിണികളില്‍ 33 ശതമാനം പേരും വിളര്‍ച്ചക്ക് അടിമകളാണ്.

അമിതപോഷണവും ശാപമാകുന്നുണ്ട്. പണക്കാരും നഗരവാസികളും ഇതിന്റെ ദൂഷ്യഫലത്തിന് അടിമകളാണ്. എണ്ണയില്‍ വറുത്ത ഭക്ഷണസാധനങ്ങള്‍, പായ്ക്കറ്റ് ആഹാരങ്ങള്‍, ചോക്ലേറ്റ്, ലഘുപാനീയങ്ങള്‍ എന്നിവയാണ് കുട്ടികളെ അമിത പോഷകത്തിന് അടിമകളാക്കുന്നത്. അവസാന സര്‍വേ അനുസരിച്ച് സംസ്ഥാനത്ത് 55.4 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ജനിച്ച് ഒരു മണിക്കൂറിനകം മുലപ്പാല്‍ ലഭിക്കുന്നത്. മൂന്നുവയസില്‍ താഴെയുള്ള ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ 28.8 ശതമാനം വരും. 12.5 ശതമാനം സ്ത്രീകള്‍ക്കും ആവശ്യത്തിന് ശരീരഭാരം ഇല്ല. പുരുഷന്‍മാരില്‍ ഇത് 11.9 ശതമാനമാണ്.
Mathrubhumi
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക