Image

പ്രാവാസി സമൂഹത്തിന്റ വിശ്വാസതീഷ്‌ണത സഭയ്‌ക്കഭിമാനം: മാര്‍ മാത്യു അറയ്‌ക്കല്‍

Published on 06 November, 2011
പ്രാവാസി സമൂഹത്തിന്റ വിശ്വാസതീഷ്‌ണത സഭയ്‌ക്കഭിമാനം: മാര്‍ മാത്യു അറയ്‌ക്കല്‍
ചെന്നൈ: സീറോ മലബാര്‍ സഭയിലെ പ്രവാസി സമൂഹം വിശ്വാസവും,പൈതൃകവും,, പാരമ്പര്യവും സംരക്ഷിക്കുവാന്‍ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ആത്മീയ വളര്‍ച്ചയ്‌ക്കും വിശ്വാസ സംരക്ഷണത്തിനും മാതൃസഭയുടെ പിന്തുണയും പ്രോത്സാഹനവും അവരോടൊപ്പമുണ്ടാകുമെന്ന്‌ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ പ്രസ്‌താവിച്ചു.

ചെന്നൈ കീല്‍ക്കട്ട്‌ലി ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി ഓഡിറ്റോറിയത്തില്‍ ചെന്നൈയിലെ പ്രഥമ സീറോ മലബാര്‍ സഭ അല്‌മായ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്‌ക്കല്‍. വളരുന്ന തലമുറയെ വിശ്വാസതീഷ്‌ണതയില്‍ വളര്‍ത്തുവാന്‍ സഭാസംവിധാനങ്ങള്‍ ആഗോളതലത്തില്‍ ശക്തമാണിന്ന്‌. ലോകമെമ്പാടും സഭാവിശ്വാസികളുടെ കൂട്ടായ്‌മകള്‍ക്ക്‌ അല്‌മായ കമ്മീഷന്‍ രൂപം നല്‍കിക്കൊണ്ടിരിക്കുന്നു. സീറോ മലബാര്‍ സഭയിലെ പ്രവാസി സമൂഹത്തിലെ കുടുംബബന്ധങ്ങള്‍ , വിശ്വാസവെല്ലുവിളികള്‍, വിവിധ സെക്‌ടറുകളുടെ സ്വാധീനങ്ങള്‍, പ്രവര്‍ത്തനമേഖലകളിലെ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച്‌ കൂടുതല്‍ പഠനവും ക്രീയാത്മകമായ പദ്ധതികളും രൂപീകരിക്കും.

ജോലി തേടിയുള്ള ആഗോള കുടിയേറ്റങ്ങളുടെ അവസരങ്ങള്‍ കുറഞ്ഞിരിക്കുകാണ്‌. പലരാജ്യങ്ങളും സ്വന്തം നിലയില്‍ വളര്‍ച്ച പ്രാപിച്ചിരിക്കുമ്പോള്‍ പുതിയ തൊഴിലവസരങ്ങള്‍ വിദേശികള്‍ക്ക്‌ കുറയുന്നു. അതേസമയം, ഭക്ഷ്യ സുരക്ഷയ്‌ക്ക്‌ വലിയ പ്രതിസന്ധി വരും നാളുകളില്‍ നേരിടും. അതിനാല്‍ കാര്‍ഷിക കുടിയേറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ വേണം. പുതിയ കൃഷിയിടങ്ങള്‍ കണ്ടെത്തുകയും കീടനാശിനിപ്രയോഗമില്ലാത്ത ജൈവകൃഷിരീതികള്‍ സജീവമാക്കുകയും ചെയ്‌താല്‍ മാത്രമെ അടുത്ത തലമുറ നിലനില്‍ക്കുകയുള്ളൂ. അല്ലെങ്കില്‍ മാരകമായ രോഗങ്ങളില്‍ ലോകജനത വീണുമരിക്കും. ആഗോള കാര്‍ഷിക കുടിയേറ്റത്തെ സഭ പ്രോത്സാഹിപ്പിക്കുമെന്ന്‌ മാര്‍ അറയ്‌ക്കല്‍ സൂചിപ്പിച്ചു.

സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ ക്രൈസ്‌തവ പൈതൃകവും പാരമ്പര്യവും നഷ്‌ടപ്പെടാതെ പ്രവാസികളായ സഭാംഗങ്ങളുടെ വിശ്വാസതീഷ്‌ണത സഭാപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആത്മീയ ഉണര്‍വ്വ്‌ പകര്‍ന്നേകുമെന്ന്‌ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രസ്‌താവിച്ചു. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വിസി സെബാസ്‌റ്റിയന്‍ സീറോ മലബാര്‍ സഭയുടെ ആഗോളമുന്നേറ്റങ്ങളും പ്രവര്‍ത്തനങ്ങളും വെല്ലുവിളികളും പ്രതിപാദിച്ച്‌ പ്രബന്ധം അവതരിപ്പിച്ചു. ചെന്നൈ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍.ഡോ.ജോസ്‌ പാലാട്ടി ആമുഖപ്രഭാഷണം നടത്തി. ഫാ. വര്‍ഗീസ്‌ പെരേപ്പാടന്‍ മോഡറേറ്ററായിരുന്നു. ബാംഗ്ലൂര്‍ ലെയ്‌റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജേക്കബ്‌ ചാക്കത്തറ, ഫാമിലി യൂണിറ്റ്‌ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ കുര്യന്‍, ആര്‍.പി.പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ചെന്നൈ ലെയ്‌റ്റി കോണ്‍ഫറന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ മാത്യു ചാക്കോ നന്ദി പറഞ്ഞു. മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയും നടന്നു.
പ്രാവാസി സമൂഹത്തിന്റ വിശ്വാസതീഷ്‌ണത സഭയ്‌ക്കഭിമാനം: മാര്‍ മാത്യു അറയ്‌ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക