Image

സുധീരനെന്ന ധീരനായ നേതാവ്, പ്രതീക്ഷകളുമായി കോണ്‍ഗ്രസ് നേതൃത്വവും (ബ്ലെസന്‍ ഹൂസ്റ്റണ്‍)

ബ്ലെസന്‍ ഹൂസ്റ്റണ്‍ Published on 08 March, 2014
സുധീരനെന്ന ധീരനായ നേതാവ്, പ്രതീക്ഷകളുമായി കോണ്‍ഗ്രസ് നേതൃത്വവും  (ബ്ലെസന്‍ ഹൂസ്റ്റണ്‍)
വി.എം. സുധീരന്‍ കോണ്‍ഗ്രസ് കേരളാ ഘടകത്തിന്റെ പ്രസിഡന്റായത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ ഏറെ ആത്മവിശ്വാസവും ആഹ്ലാദവും ഉണ്ടാക്കിയെന്നത് തുറന്നു പറയാവുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത്. ആരോപണങ്ങളും അപവാദകഥകളും മറ്റുമായി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയും എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞപ്പോള്‍ അതിന് പരിഹാരമായി കെ.പി.സി.സി. പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റി ആഭ്യന്തര മന്ത്രിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണ്ടെത്തിയ വ്യക്തിയാണ് വി.എം. സുധീരന്‍. 

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി ഏറെ ചിന്തിച്ചശേഷമെടുത്ത തീരുമാനമാണ് വി.എം. സുധീരന്റെ പ്രസിഡന്റ് നിയമനം എന്നതാണ് സത്യം. കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും ഇന്ന് പിന്‍തള്ളപ്പെടുന്നത് അവിടങ്ങളിലുള്ള പി.സി.സി.കളുടെ കഴിവുകേടുകളും തമ്മില്‍ തല്ലുകളും ഗ്രൂപ്പുകളും മറ്റുമാണെന്നും അത് കേരളത്തിലുമുണ്ടാകാതെയിരി ക്കാനുമാണ് വി.എം. സുധീരനെ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കാനുള്ള ഒരു കാരണം. ഒരു കാലത്ത് ബംഗാളിലും യു.പി.യിലും തമിഴ്‌നാട്ടിലുമൊക്കെ ഭരണം കൈയ്യാളിയിരുന്ന കോണ്‍ഗ്രസ് ഇന്ന് അവിടെയൊക്കെ ഒന്നുമല്ലാതായി തീര്‍ന്നത് ഇതൊക്കെ കൊണ്ടായിരുന്നു.

വി.എം. സുധീരനില്‍ കൂടി ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാമെന്ന് സോണിഗാഗാന്ധി കരുതുന്നുയെന്നു തന്നെ കരുതാം. സജ്ജീവ രാഷ്ട്രീയത്തില്‍നിന്ന് ഏറെ കുറെ മാറിനിന്ന സുധീരനോട് കെ.പി.സി.സി. പ്രസിഡന്റ് ആകാന്‍ ശക്തമായി നിര്‍ദ്ദേശിക്കുകയാണ് സോണിയഗാന്ധി ചെയ്തതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ രണ്ട് ലോകസഭ തിരഞ്ഞെടുപ്പുകളിലും താന്‍ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാറിനിന്ന സുധീരനെ മത്സരിപ്പിച്ചതും സോണിയായുടെ ശക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. 

തിരഞ്ഞെടുപ്പുകളില്‍ നിന്നും പാര്‍ട്ടിയുടെ സ്ഥാനങ്ങളല്‍ നിന്നും അദ്ദേഹം മാറി നിന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വേണ്ടിയാണ് താന്‍ മാറിനില്‍ക്കുന്നതെന്നും ഒരാള്‍ സ്ഥിരമായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും പാര്‍ട്ടിസ്ഥാനങ്ങളില്‍ ഇരിക്കുകയും ചെയ്യുമ്പോള്‍ അത് മറ്റ് പലരുടെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ ഈ തീരുമാനം പലര്‍ക്കും ദഹിച്ചില്ല. പ്രത്യേകിച്ച് വര്‍ഷങ്ങളായി പാര്‍ട്ടിസ്ഥാനങ്ങളും ജനപ്രതിനിധികളുമായി കോണ്‍ഗ്രസ്സിലും മറ്റു പാര്‍ട്ടികളിലുമുള്ളവര്‍ക്ക്. സുധീരന്റെ ഈ തീരുമാനത്തോട് അവര്‍ വിയോജിപ്പ് പ്രകടിപ്പിക്കുകമാത്രമല്ല അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. എന്നിരുന്നാലും അദ്ദേഹം തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു. അതെ അതാണ് സുധീരന്‍ എന്ന വ്യക്തി. തന്റെ അഭിപ്രായത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ കേരളത്തില്‍ സുധീരനെപ്പോലെ വേറെ ആരെങ്കിലുമുണ്ടോയെന്നത് സംശയമാണ്. എന്നും സുധീരന്‍ വേറിട്ട ശബ്ദമായിരുന്നു. ഏത് കാര്യത്തിലും സുധീരന് സുധീര ന്റേതായ അഭിപ്രായമായിരുന്നു.

ആ അഭിപ്രായ പ്രകടനത്തിനു മുന്നില്‍ ആരുടെയും സ്ഥാനങ്ങളും ഒന്നും നോക്കാറില്ല. കെ.എസ്.യു. പ്രസിഡന്റായിരുന്നപ്പോള്‍ ഒരിക്കല്‍ കെ.പി.സി.സി. യോഗത്തില്‍ സുധീരന്‍ പ്രസംഗിച്ചുകൊണ്ടുനിന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ തടസപ്പെടുത്തുന്ന രീതിയില്‍ കെ. കരുണാകരന്‍ എഴുന്നേറ്റ് അഭിപ്രായം പറയാന്‍ തുടങ്ങിയപ്പോള്‍ മിസ്റ്റര്‍ കരുണാകരന്‍ താങ്കളവിടെയിരിക്കും ഞാന്‍ പ്രസംഗിച്ചശേഷം താങ്കള്‍ എഴുന്നേറ്റാല്‍ മതിയെന്ന് പറയുകയണ്ടായത്രെ. അതുപോലെ ഒരിക്കല്‍ ആര്‍. ശങ്കറിനോടും അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. ഇരുവരും സുധീരനോട് പിന്നീട് വെറുപ്പോ വിദ്വഷമോ ഒന്നും കാണിച്ചില്ല. സുധീരന്റെ അഭിപ്രായ പ്രകടനം അവസരത്തിലുള്ളതാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

86-ല്‍ നിയമസഭ സ്പീക്കറായിരുന്നപ്പോള്‍ തന്റെ പാര്‍ട്ടി നേതാവ് കൂടിയായ മുഖ്യമന്ത്രി കരുണാകരനുമായി പല കാര്യങ്ങള്‍ക്കും അഭിപ്രായ വ്യത്യാസം സുധീരന്‍ സ്പീക്കറെന്ന നിലയില്‍ പ്രകടിപ്പിക്കുകയുണ്ടായി. യാതൊരു നിയന്ത്രണവുമില്ലാതെ ദിവസവും ഓര്‍ഡിന്‍സ് പുറപ്പെടുവിയ്ക്കുന്നത് നിയന്ത്രിക്കാനും മറ്റുമായി. നിയമസഭയില്‍ സഭാ നേതാവായ മുഖ്യമന്ത്രിയുടെ ചില അധികാരങ്ങള്‍ സര്‍ക്കാര്‍ ചീഫ് വിപ്പിന് നല്‍കി സ്പീക്കറെന്ന നിലക്ക് അദ്ദേഹം നടപടിയെടുക്കുകപോലും ചെയ്യുകയുണ്ടായി. അന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് കേരളാകോണ്‍ഗ്രസ്സിലെ കുട്ടനാട് എം.എല്‍.എ. ആയിരുന്ന ഡോ. കെ.സി ജോസഫമായിരുന്നു. സുധീരന്റെ ഈ ധീരമായ നടപടിയില്‍ അന്ന് കരുണാകരന്‍ അമര്‍ഷം പരസ്യമായിതന്നെ പ്ര കടിപ്പിക്കുകയുണ്ടായി. അത് പിന്നീട് വളരെയേറെ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെ യ്തുയെന്നതാണ് സത്യം.

സുധീരന് സുധീരന്റേതായ ഒരു രീതിയും ശൈലിയും കണ്ടെന്നതാണ് ഒരു വസ്തുത. ഭരണത്തിലിരിക്കുമ്പോഴും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും ജനപ്രതിനിധി ആയിരിക്കുമ്പോഴും ആ രീതിക്ക് യാതൊരു മാറ്റവുമില്ലായിരുന്നു. 77-ല്‍ ആദ്യമായി ലോകസഭയിലേക്ക് ആലപ്പുഴയില്‍നിന്ന് മത്സരിക്കുമ്പോള്‍ അന്നത്തെ അദ്ദേഹത്തിന്റെ എതിരാളി ഇന്ത്യയിലെ തന്നെ പ്രമുഖ ട്രെയ്ഡ് യൂണിയന്‍ നേതാവായിരുന്ന ഈ ബാലാനന്ദനായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണവേളകളില്‍ ബാലാനന്ദന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ ചെന്ന് അവിടെയിരിക്കുന്നവരോടുപോലും അദ്ദേഹം കുശലം പറയുകയും തമാശകള്‍പൊട്ടിച്ചും യാത്ര പറയുമ്പോള്‍ തനിക്ക് വോട്ട് ചെയ്യണമെന്നും മറ്റും പറയുമായിരുന്നു. അങ്ങനെ ഒരു വേറിട്ട ശൈലിക്ക് ഉടമയായിരുന്നു സുധീരന്‍. ആ തിരഞ്ഞെടുപ്പില്‍ സുധീരന്‍ വന്‍ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ ബാലനന്ദനുള്‍പ്പെടെയുള്ള എതിര്‍ഭാഗത്തുള്ളവര്‍ അന്തംവിട്ടുപോയിയെന്നതാണ് പറയപ്പെടുന്നത്.

1996-ലെ 11-ാം ലോകസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് രണ്ടാമതും മത്സരിച്ചത് സുധീരന്റെ ധീരതയാണ് വെളിവാക്കുന്നത്. അന്ന് സിറ്റിംഗ് എം.പി. ടി.ജെ. ആഞ്ചലോസായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. സുധീരന്‍ സംസ്ഥാന ആരോഗ്യമന്ത്രിസ്ഥാനത്തു നിന്നായിരുന്നു മത്സരിച്ചത്. സി.പി.എം.ന്റെ യുവനേതാവും കേരളത്തില്‍ നിന്നുള്ള ഏറ്റവും മിക്ചച ലോകസഭാംഗവുമായി പേരെടുത്ത ആഞ്ചലോസിന്റെ രണ്ടാമൂഴമായിരുന്നു. സുധീരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി ആലപ്പുഴയില്‍ മത്സരിപ്പിച്ചതിന്റെ പിന്നില്‍ ഒരു പ്രധാന കാരണമുണ്ടായിരുന്നു. ആലപ്പുഴ കോണ്‍ഗ്രസ്സിന്റെ കൈയ്യിലായിരുന്നു. വക്കം പുരുഷോത്തമനില്‍ നിന്നാണ് സി.പി.എം. ആഞ്ചലോസിനെ ഇറക്കി ആലപ്പുഴ പിടിച്ചെടുക്കുന്നത്. തങ്ങളുടെ കൈയ്യില്‍നിന്ന് പിടിച്ചെടുത്ത ആലപ്പുഴ തിരിച്ചുപിടിക്കുകയെന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. സത്യത്തില്‍ ആ തന്ത്രത്തിനുപിന്നില്‍ സാക്ഷാല്‍ ലീഡര്‍ തന്നെയായിരുന്നു.

എങ്ങനെ തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി ചന്തിക്കുമ്പോള്‍ കെ. കരുണാകരനാണ് സുധീരന്റെ പേര് നിര്‍ദ്ദേശിച്ചത്. അതിലെ ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നുയെന്നു വേണം പറയാന്‍. സുധീരനെ ആലപ്പുഴയില്‍ നിര്‍ത്തിയാല്‍ ഇടതുപക്ഷത്തിന്റെയും പ്രത്യേകി ച്ച സി.പി.എം.ന്റെയും ശ്രദ്ധ മുഴുവന്‍ അവിടെയാകും. തങ്ങളുടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് അധികം ബുദ്ധിമുട്ടില്ലാതെ ജയിക്കാം. സുധീരന് പണ്ട് ആലപ്പുഴയില്‍ എം.പി.യായിരുന്നതുകൊണ്ടും അന്ന് ചെയ്ത വികസനപ്രവര്‍ത്തനങ്ങളുടെ പേരിലും വോട്ട് നേടാന്‍ കഴിയുമെന്നും കരുണാകരന്‍ കരുതി. അങ്ങനെ സുധീരന്‍ ആലപ്പുഴയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി. ആലപ്പുഴയിലെ ആ തിരഞ്ഞെടുപ്പിന്റെ ഹരം അത് ഒരിക്കലും മറക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. യുവത്വത്തിന്റെ പ്രസരിപ്പും ആദര്‍ശത്തിന്റെ പരിവേഷവും ലാളിത്യത്തിന്റെ മുഖമുദ്രയുമുള്ള രണ്ട് വ്യക്തികളുടെ മല്‍സരമായിരുന്നു യഥാര്‍ത്ഥത്തില്‍ ആലപ്പുഴയില്‍ അന്ന് നടന്നത്. അല്ലാതെ ഇടത് ഐക്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ മത്സരമായിരുന്നില്ല അത് എന്നുപോലും തോന്നിപോയി. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് രംഗം തീ പാറി. കരുണാകരന്‍ കരുതിയപോലെ സി.പി.എം. ഉള്‍പ്പെടെയുള്ള എല്ലാ ഇടതുപാര്‍ട്ടി നേതാക്കളും ആലപ്പുഴയില്‍ തമ്പടിച്ച് പ്രചരണം നടത്തുകയായിരുന്നു അന്ന് ചെയ്തത്. ആലപ്പുഴയില്‍ മാത്രമെ അന്ന് തിരഞ്ഞെടുപ്പ് ഉള്ളോയെന്നുപോലും തോന്നിപോയിട്ടുണ്ട്. തലങ്ങും വിലങ്ങും ദേശീയ സം സ്ഥാനനേതാക്കള്‍ ആലപ്പുഴ പട്ടണത്തിലും നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടി നടക്കുന്ന കാഴ്ച ഏറെ രസകരമായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത് ഒരു ഹരം ത ന്നെയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ സുധീരന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് കരുത്ത് തെളിയിച്ചു.

അതിനുശേഷം ചലച്ചിത്രനടന്‍ മുരളിയുമായുമൊക്കെ മത്സരിച്ചപ്പോഴും സുധീരവിജയം ഏറെ തിളക്കമാര്‍ന്നതായിയെന്നു പറയാം. ആലപ്പുഴയില്‍ തീരദേശ റെയില്‍വേയെന്ന ആശയത്തിന് ദേശീയതലത്തില്‍ ശ്രദ്ധയുണ്ടായത് സുധീരന്റെ ശക്തമായ നേ തൃത്വത്തിന്റെ ഫലമാണ്. 77-ല്‍ ലോകസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ ആലപ്പുഴക്കാര്‍ക്ക് അദ്ദേഹം തീരദേശ റെയില്‍വേയ്ക്ക് അനുമതി വാങ്ങിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ലോകസഭയിലെത്തിയപ്പോള്‍ അന്നത്തെ റെയില്‍വേ മന്ത്രി മധു ദന്താവാദെയെ കണ്ട് ആലപ്പുഴയില്‍ കൂടി തീരദേശ റെയില്‍വേ കൊണ്ടുവരുന്നതിന് നടപടികളെടുക്കണമെന്നും അദ്ദേഹം ദന്താവദെയോട് ആവശ്യപ്പെട്ടു. യുവാവും പുതുമുഖവുമായ സുധീരന്റെ വാക്ക് കേട്ടതായി പോലും ദന്താവദെ നടിച്ചില്ല. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇതെ ആവശ്യമുന്നയിച്ചുകൊണ്ട് അദ്ദേഹം ശക്തമായി പ്രസംഗിച്ചു. എന്നിട്ടും ആരും അത് ചെവികൊണ്ടില്ല. പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗങ്ങളെ നേരില്‍ കണ്ട് തന്റെ ആവശ്യം നേടിയെടുക്കുന്നതുവരെ പാര്‍ലമെന്റിനു മുന്നില്‍ നിരാഹാരസത്യാഗ്രഹമിരിക്കാന്‍ പോകുകയാണെന്നും തന്നെ അതിന് പിന്തുണക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അതിനുശേഷം തീരദേശ റെയില്‍വേ അനുവദിക്കുന്നതുവരെ താന്‍ പാര്‍ലമെന്റിനുമുന്നില്‍ നിരാഹാരസത്യാഗ്രഹം കിടക്കാന്‍ പോകുകയാണെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ഇത് കേട്ട് മധു ദന്താവദെ ശരിക്കും പതറി. ഈ പയ്യനെന്താ ഇങ്ങനെയെന്ന് ഇന്നസെന്റ് ചോദിക്കുന്നതുപോലെ ദന്താവാദെയും അടുത്തിരുന്ന ഉപപ്രധാനമന്ത്രി ചരണ്‍സിംഗിനോട് ചോദിച്ചു. സ്പീക്കറുള്‍പ്പെടെയുള്ളവര്‍ സുധീരനെ പിന്‍തിരിപ്പിക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം ആ തീരുമാനത്തില്‍നിന്ന് പിന്‍മാറിയില്ല. അംഗങ്ങളില്‍ ഭൂരിഭാഗം പേരും സുധീരനെ പിന്‍തുണച്ചതോടെ ദന്താവദെ, മുട്ടുമടക്കി. അടുത്ത ബഡ്ജറ്റില്‍ ആലപ്പുഴയില്‍ കൂടി തീരദേശ റെയില്‍വേ വരാന്‍ പണം വകകൊള്ളിക്കാമെന്ന് ദെന്താവതെ പാര്‍ലമെന്റില്‍ സുധീരന് ഉറപ്പുനല്‍കി.

ആന്റണി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ സുധീരന്‍ സംസ്ഥാനത്തുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്ര വര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ വരുത്തുകയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി അതാത് ആശുപത്രികളില്‍ വികസന സമിതികള്‍ ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തില്‍ രൂപീകരിക്കുകയുണ്ടായി. അതുകൂടാതെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അതിന് കൂടുതല്‍ വക ഉള്‍ക്കൊള്ളിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുകയും ഉണ്ടായി. സര്‍ക്കാര്‍ ആശുപത്രികളുടെ നിയന്ത്രണം അതാത് തദ്ദേശഭരണ കൂടത്തിന് നല്‍കികൊണ്ടുള്ള ഒരു നടപടി ഉണ്ടായത് സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. 

അതിന് മുന്‍പ് ജില്ലാഭരണകൂടത്തിന്റെ കീഴില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ വികസന പ്രവര്‍ത്തനം നടന്നിരുന്നത്. ഒരു സര്‍ക്കാര്‍ ആശുപത്രികളിലും യാതൊന്നും ചെയ്യാന്‍ ഇതുകൊണ്ടു തന്നെ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തു ള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രി വെറും കാഴ്ചവസ്തു മാത്രമായിരുന്നു. സുധീരന്റെ ശക്തമായ ഭരണപരിഷ്‌കാരങ്ങളും നടപടികളും ഏറെക്കുറെ ഇതിന് പരിഹാരം കണ്ടുയെന്നു തന്നെ പറയാം. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാ രുടെ പ്രൈവറ്റ് പ്രാക്ടീസിന് നി യന്ത്രണമേര്‍പ്പെടുത്തിയും സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. അതിലുപരി ആക്‌സിഡന്റില്‍പ്പെടുന്നവരെ അതിനടുത്തുള്ള സ്വകാര്യ ആ ശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിനും ചികില്‍സ നല്‍കുന്നതി നും പ്രത്യേക നിര്‍ദ്ദേശം നല്‍കിയത് സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു.അതിന് മുന്‍പ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമെ ആക്‌സിഡന്റില്‍പ്പെടുന്നവരെ പ്രവേശിപ്പിച്ചിരുന്നുള്ളൂ.

അങ്ങനെ സുധീരന്‍ അധികാരത്തിലിരുന്നപ്പോഴും ജനപ്രതിനിധി ആയിരുന്നപ്പോഴും ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. അഴിമതിയാരോപണങ്ങള്‍ ഒന്നും ആരോപിക്കപ്പെടാത്ത ഒരു നേതാവ് കേരളത്തില്‍ വി.എം. സുധീരന്‍ മാത്രമായിരിക്കും ക്ലീന്‍ ഇമേജ് എന്നതുപോലെ തന്നെ ധീരമായതും ശക്തവുമായ പ്രവര്‍ത്തനം എന്നതാണ് സുധീരനെ സംബന്ധിച്ചിടത്തോളം അതുതന്നെയാകാം കെ.പി.സി.സി. പ്രസിഡന്റാക്കാനും കാരണം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം ധീരമായ നേതൃത്വം നല്‍കി ലോകസഭയും അതിനുശേഷം നിയമസഭയും സുധീരനില്‍കൂടി പിടിച്ചെടുക്കുകയെന്നത് സോണിയാഗാന്ധിയും കോണ്‍ഗ്രസ്സും ലക്ഷ്യമിടുന്നുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തവുമാണ്. അത് എത്ര മാത്രമെന്നതിന് ലോകസഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക