Image

കളകളമൊഴുകുമൊരരുവിയിലൊരു പുളകം (പ്രകൃതിയുടെ നിഴലുകള്‍ തേടി 14: ജോര്‍ജ്‌ തുമ്പയില്‍)

Published on 27 April, 2014
കളകളമൊഴുകുമൊരരുവിയിലൊരു പുളകം (പ്രകൃതിയുടെ നിഴലുകള്‍ തേടി 14: ജോര്‍ജ്‌ തുമ്പയില്‍)
പെരുന്തേനരുവി

റാന്നിയിലും വെച്ചൂച്ചിറയിലുമായി എനിക്ക്‌ ധാരാളം സുഹൃത്തുക്കളുണ്ട്‌. അമേരിക്കന്‍ മലയാളികളോട്‌ ഈ രണ്ട്‌ സ്ഥലത്തെക്കുറിച്ചും ഒന്നും പറയണ്ടെന്നു കേട്ടിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ മലയാളികള്‍ അമേരിക്കയിലേക്ക്‌ കുടിയേറിയിരിക്കുന്നത്‌ റാന്നിയില്‍ നിന്നാണത്രേ. ഇത്‌ അങ്ങനെയൊരു കണക്കാണോ എന്നു ചോദിച്ചാല്‍ അതറിയില്ല, എവിടെ ചെന്നാലും ഒരു റാന്നിക്കാരന്‍ കാണും, അതു കൊണ്ട്‌ അങ്ങനെ പറഞ്ഞു പോയതാണ്‌. അങ്ങനെയുള്ള സദസ്സുകളില്‍ നിന്നു കേട്ടിട്ടുള്ള ഒരു ടൂറിസറ്റ്‌ ഡെസ്‌റ്റിനേഷനായിരുന്നു പെരുന്തേനരുവി. പമ്പാ നദിയുടെ ഒരു കൈവഴിയാണിത്‌. എന്നാല്‍ കാഴ്‌ചയ്‌ക്ക്‌ ഒരു ഭീകരത തോന്നിക്കുന്ന വലിയൊരു പുഴയും. വെള്ളച്ചാട്ടത്തിന്റെ രൗദ്രമല്ല ഇതിനെ ഭീകരമാക്കുന്നത്‌, മറിച്ച്‌, അതിന്റെ രാക്ഷസീയമായ കുത്തൊഴുക്കാണ്‌. ഇവിടെങ്ങും കാര്യമായ വെള്ളച്ചാട്ടങ്ങളില്ല, പക്ഷേ, ആര്‍ത്തലച്ചൊഴുകുന്ന വെള്ളത്തിന്റെ ഗാംഭീര്യമുണ്ട്‌. അങ്ങനെ കേട്ടറിഞ്ഞത്‌ ഒന്നു കണ്ടറിഞ്ഞു കളയാം എന്നു കരുതിയാണ്‌ പ്ലാങ്കമണ്ണുകാരന്‍ സാംകുട്ടിയെ വിളിച്ചത്‌. സാംകുട്ടിയും ഞാനും സൗദിയില്‍ ഒന്നിച്ച്‌ ജോലി ചെയ്‌തിരുന്നവരാണ്‌. പിന്നീട്‌ പലപ്പോഴായി അമേരിക്കയിലെത്തി. സാംകുട്ടി ചിക്കാഗോയിലും ഞാന്‍ ന്യൂജേഴ്‌സിയിലും ആയിപ്പോയെന്നേ ഉള്ളു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആ അവധിക്കാലത്ത്‌ തികച്ചും യാദൃശ്ചികമായാണ്‌ ഞങ്ങള്‍ ഒരേ സമയം കൊച്ചിയില്‍ വിമാനമിറങ്ങിയത്‌. അങ്ങനെ, ഒരു മഴയൊഴിഞ്ഞ ജൂണ്‍ പകലില്‍ ഞാന്‍ പ്ലാങ്കമണ്ണിലേക്ക്‌ ചെന്നു. നല്ല കോഴിക്കറിയും മീന്‍ പൊരിച്ചതുമൊക്കെയായി ഗംഭീരമായ ഒരു ഊണു കഴിച്ചു. മോരുകറിയുടെ രുചി ഇപ്പോഴും നാവില്‍ തത്തിക്കളിക്കുന്നുണ്ട്‌. ആ മോരികറിക്കുള്ളില്‍ പച്ചമുളക്‌ കീറിയിട്ടതിന്റെ ആസ്വാദ്യം പിന്നെ പലപ്പോഴും മോഹിച്ചിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നത്‌ മറ്റൊരു കാര്യം. എന്റെ സാംകുട്ടി, ആ പച്ചമുളകിന്റെ കാര്യത്തില്‍ നീയാണു ഭാഗ്യവാന്‍.

അങ്ങനെ മിണ്ടിയും പറഞ്ഞും സാംകുട്ടിയുടെ വീടിന്റെ മുന്നില്‍ കിളിച്ചുണ്ടന്‍ മാവിന്റെ ചുവട്ടില്‍ ഇരിക്കുമ്പോഴാണ്‌ പെരുന്തേനരുവി സന്ദര്‍ശിച്ചാലോ എന്ന നിര്‍ദ്ദേശം ഉയര്‍ന്നത്‌. പിന്നെ അമാന്തിച്ചില്ല, സാംകുട്ടി നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കാറുള്ള വാഗണ്‍ ആര്‍ എന്ന കൊച്ചുകാര്‍ പുറത്തേക്കിറങ്ങി. ഞങ്ങള്‍ റാന്നി വഴി അരുവി കാണാന്‍ പുറപ്പെട്ടു. (പത്തനംതിട്ട ജില്ലയിലാണ്‌ റാന്നി, പെരുന്തേനരുവി പത്തനംതിട്ട- കോട്ടയം ജില്ലകളുടെ അതിരും)

അരുവി ഇങ്ങനെ ലാവിഷായി ഒഴുകുന്നതു കൊണ്ട്‌ എവിടെ നിന്നു വേണമെങ്കിലും കാണാമെങ്കിലും അതിന്റെ വന്യത ആസ്വദിക്കണമെങ്കില്‍ അങ്ങ്‌ വെച്ചൂച്ചിറ എന്ന കുന്ന്‌ കയറി ചെല്ലണമെന്ന്‌ സാംകുട്ടി പറഞ്ഞു. അങ്ങനെയാണ്‌ ഞങ്ങള്‍ റാന്നിയില്‍ നിന്നും മന്ദമരുതി വഴി വെച്ചൂച്ചിറയിലേക്ക്‌ ചെന്നത്‌. ഇവിടെ ഒരു ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷനായി പെരുന്തേനരുവി വ്യൂ പോയിന്റ്‌ മാറിയിട്ടുണ്ട്‌. റാന്നിയില്‍ നിന്നും ഒരു 15 കിലോമീറ്റര്‍ ദൂരമുണ്ടെന്നു തോന്നുന്നു. നല്ല കയറ്റമായിരുന്നു, ഇടയ്‌ക്ക്‌ മഴയും പെയ്‌തു. എന്നാല്‍ യാത്രയുടെ കാഠിന്യം ഞങ്ങള്‍ അറിഞ്ഞതേയില്ല. സാംകുട്ടി മനോഹരമായി ഡ്രൈവ്‌ ചെയ്‌തു, ഇടയ്‌ക്ക്‌ അമേരിക്കന്‍ സൗദി വിശേഷങ്ങള്‍ പുളിപ്പും തൊങ്ങലും ചേര്‍ത്തു വച്ചു പറഞ്ഞു...

എന്തായാലും അരുവി കാണാനുള്ള പോക്കല്ലേ, അരുവിയെക്കുറിച്ച്‌ ഒരു മത്സരമായാലോ എന്നു സാംകുട്ടി. അങ്ങനെയാണ്‌ നാവിന്റെ കരുത്ത്‌ ടെസ്‌റ്റ്‌ ചെയ്യാനായി, കളകളമൊഴുകുമൊരരുവിയിലൊരു പുളകം, വേഗത്തില്‍ പറയാന്‍ സാംകുട്ടി ആവശ്യപ്പെട്ടത്‌. (പിന്നീട്‌ പേപ്പറിലെഴുതി ശരിക്ക്‌ പഠിച്ച്‌ പലേടത്തും പ്രയോഗിച്ചു നാട്ടുകാരുടെ കൈയടി വാങ്ങിയിരുന്നുവെന്നത്‌ ഒരു കാര്യം)

മന്ദമരുതി കഴിഞ്ഞ്‌ കാണണം. മഴ ഒന്നു തോര്‍ന്നു. വഴിയരികിലൊരു ചായകടയിലെ കണ്ണാടി അലമാരിയില്‍ നിന്നും നല്ല ഉരുണ്ട ബോണ്ടയും പഴംപൊരിയും വടയും എത്തിനോക്കുന്നു. പിന്നെ അമാന്തിച്ചില്ല, സാംകുട്ടി വണ്ടി ഒതുക്കി.

ഇപ്പോള്‍ സമയം നാലുമണി ആകുന്നു. മഴ മാറിയിട്ടുണ്ട്‌. അരുവിയില്‍ കാര്യമായി വെള്ളമെത്തി തുടങ്ങിയിട്ടില്ല. കാലവര്‍ഷം കരുത്താര്‍ജ്ജിക്കുന്നതേയുള്ളു. അരുവിയുടെ വശങ്ങളിലെ കരിമ്പാറകളുടെ ഒതുക്കുകളില്‍ സന്ധ്യകൂടാന്‍ എത്തിയവരെ കണ്ടു. ചിലര്‍ മീന്‍ പിടിക്കുന്നുണ്ട്‌. മറ്റു ചിലര്‍ കാറ്റേറ്റ്‌ ഇരിക്കുന്നുണ്ട്‌. ചിലര്‍ ആഴമില്ലത്തിടങ്ങളില്‍ തണുപ്പിന്റെ ആഴത്തിലെ കുളിക്കുളിരില്‍ മുങ്ങിക്കിടപ്പാണ്‌. കുടുംബസമേതം വന്നവര്‍. ബാല്യത്തിന്റെ കൗതുകം കോര്‍ത്ത ചൂണ്ടാലുമായി വന്നവര്‍. എല്ലാവര്‍ക്കും വേണ്ടി കഴുകിത്തുടച്ച ശിലാതല്‌പങ്ങള്‍ ഒരുക്കി അരുവിയൊഴുകുന്നു. സാംകുട്ടി ക്യാമറയെടുത്ത്‌ ചില ഫോട്ടോകള്‍ ഒരുക്കി. പശ്ചിമഘട്ട മലനിരകളിലൂടെ ശാന്തമായി ഒഴുകിയത്തെി രൗദ്രഭാവം പൂണ്ട്‌ ഒഴുകുന്ന കാഴ്‌ച കാണേണ്ടത്‌ തന്നെയാണ്‌. കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ശക്തിയായൊഴുകുന്ന ജലം, കണ്ണില്‍ കാഴ്‌ചയുടെ തൊങ്ങലുകളൊരുക്കി തരും. പമ്പയില്‍ ചേര്‍ന്ന ശേഷം ഒഴുക്കുടഞ്ഞ്‌ വനമേഖലയുടെ പശ്ചാത്തലത്തില്‍ ഒഴുകിപരക്കുന്ന പമ്പാനദിയുടെ ദൃശ്യം ഒരായിരം ഫ്രെയിമുകള്‍ക്ക്‌ പകരം വെക്കാവുന്നതല്ലെന്നു സാംകുട്ടി പറഞ്ഞു. വെച്ചൂച്ചിറയ്‌ക്ക്‌ താഴെ പെരുനാട്ടില്‍ നിന്നാല്‍ ഇതിനേക്കാള്‍ മനോഹരമായ കാഴ്‌ചകളുണ്ടത്രേ.

കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇതുവരെ കാര്യമായ ഇടം തേടിയിട്ടില്ലെങ്കിലും ഇവിടെ പ്രാദേശിക ടൂറിസ്റ്റുകള്‍ ധാരാളമായി എത്താറുണ്ട്‌. പിക്‌നിക്കിനും ഔട്ടിംഗിനും പറ്റിയ ഇവിടെ നാട്ടുകാരുടെ അഭിപ്രായം കേട്ട ശേഷമേ വെള്ളത്തില്‍ ഇറങ്ങാവൂ. അല്ലാത്തപക്ഷം അപകടം പറ്റാന്‍ സാധ്യതയുണ്ട്‌. മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ അരുവിയിലേക്ക്‌ ഇറങ്ങുന്ന സ്റ്റെപ്പുകളില്‍ സ്ഥാപിച്ചിട്ടുണ്ട്‌. പക്ഷേ, അതു വ്യക്തമല്ല.

മുകളിലേക്കു കയറുന്നതോര്‍ത്തപ്പോള്‍ താഴേയ്‌ക്ക്‌ ഇറങ്ങണോയെന്നു അമാന്തിച്ചെങ്കിലും സാംകുട്ടി സമ്മതിച്ചില്ല. അങ്ങനെ പതിയെ ഇറങ്ങി. ഇറങ്ങിത്തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി, താഴെ എത്താന്‍ കല്ലുകള്‍ വഴങ്ങിത്തരും. സ്‌നേഹം അങ്ങോട്ട്‌ കൊടുത്താല്‍ ഇങ്ങോട്ടും കിട്ടും. വരൂ..ജലം കുറവാണ്‌. ഒഴുക്കും, സാംകുട്ടി നിര്‍ബന്ധിച്ചു. പാറക്കെട്ടുകള്‍ക്കിടയില്‍ സ്വാതന്ത്ര്യം അടിയറവു വെക്കാന്‍ വിസമ്മതിച്ചു കാടിന്റെ കരുത്തു കാട്ടി ചെറുത്തു കൊണ്ടു അരുവി കുതിച്ചൊഴുകുന്നു. കാട്ടുമരങ്ങളുടെ അകമ്പടിയില്‍ അരുവിയിലെങ്ങും ജലതരംഗം.

അല്‌പം കൂടി അടുത്തേക്ക്‌ വരു, എന്നെ വന്നൊന്നു തൊടൂ, എന്ന്‌ അരുവി നിശബ്‌ദയായി ക്ഷണിക്കുന്നതു പോലെ. അങ്ങനെ, ജലത്തിന്റെ തുള്ളിപ്പായലില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന അമൃത കണങ്ങളില്‍ ഒന്ന്‌ നനയുവാന്‍ തന്നെ തീരുമാനിച്ചു. കാലവര്‍ഷം വന്നു അനുഗ്രഹിക്കുമ്പോള്‍ ഈ പാറകള്‍ മൂടി കെട്ടു പൊട്ടിച്ചു മദമിളകി പ്രവാഹശക്തി അതിന്റെ പൂര്‍ണ്ണ വേഗതയിലെത്തുമത്രേ. അപ്പോള്‍ ഉതിരുന്ന ശബ്‌ദകോലാഹലം കിലോമീറ്ററുകള്‍ അകലെ വരെ കേള്‍ക്കാനാകും. ഇപ്പോഴുള്ളത്‌ ജലതരംഗത്തിന്റെ നേരിയ മര്‍മ്മരം. ഞാനും സാംകുട്ടിയും ഒരു ഉയര്‍ന്ന പാറപ്പുറത്തിരുന്നു ജലത്തിന്റെയും കാറ്റിന്റെയും മണം ആസ്വദിച്ചു. ഞങ്ങളെ തഴുകിയൊഴുകുന്ന പ്രകൃതിയുടെ നീരുറവകളില്‍ ജീവിതം പൂത്തുലയുന്നതു പോലെ തോന്നി.....


പെരുന്തേനരുവിയിലേക്ക്‌ എത്തിച്ചേരാന്‍

കേരളത്തില്‍ മദ്ധ്യതിരുവിതാംകൂറിലെ പത്തനംതിട്ടയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ്‌ പെരുന്തേനരുവി. പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ പമ്പാനദിയുടെ ഒരു പോഷകനദിയാണ്‌ പെരുന്തേനരുവി. കോട്ടയം, എരുമേലി, മുക്കൂട്ടുതറ, ചാത്തന്‍തറ വഴിയോ, തിരുവല്ല, പത്തനംതിട്ട, റാന്നി, വെച്ചൂച്ചിറ നവോദയ സ്‌കൂള്‍ ജംഗ്‌ഷന്‍ വഴിയോ പെരുന്തേനരുവിയിലെത്താം. വളരെ മനോഹരമായ പാറക്കെട്ടുകള്‍ ഇവിടെയുണ്ട്‌. സീതയും ശ്രീരാമനും രഥത്തില്‍ പോയി എന്നു പഴമക്കാര്‍ പറയുന്ന ചില അടയാളങ്ങള്‍ ഈ പാറക്കെട്ടുകളില്‍ ചിലതില്‍ ഉണ്ട്‌. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ്‌ പെരുന്തേനരുവി.

(തുടരും)
കളകളമൊഴുകുമൊരരുവിയിലൊരു പുളകം (പ്രകൃതിയുടെ നിഴലുകള്‍ തേടി 14: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക