Image

ഫോമയുടെ തിലകക്കുറിയായ പ്രവര്‍ത്തനമികവ്‌

Published on 27 May, 2014
ഫോമയുടെ തിലകക്കുറിയായ പ്രവര്‍ത്തനമികവ്‌
ഫോമയുടെ കണ്‍വന്‍ഷന്‌ 5000 പേര്‍ പങ്കെടുക്കുമെന്നാണ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവിന്റെ സ്വപ്‌നമെങ്കില്‍ 4000 പേര്‍ എത്തുമെന്ന ഉറപ്പിലാണ്‌ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌. രണ്ടാഴ്‌ചയായി രജിസ്‌ട്രേഷന്‍ തകൃതിയായി നടക്കുന്നു. കണ്‍വന്‍ഷന്‍ ദിനങ്ങള്‍ അടുക്കുന്നതോടെ അത്‌ വീണ്ടും കൂടും.

സംഘടന ഉച്ചസ്ഥായിയില്‍ ജ്വലിച്ചു നില്‍ക്കുന്ന അവസ്ഥയിലെത്തിയതായി ഗ്ലാഡ്‌സണ്‍ വിലയിരുത്തുന്നു. വിവിധ സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കാന്‍ മുന്നോട്ടു വരുന്നവരുടെ എണ്ണം തന്നെ ഈ മികവിന്റെ സൂചനയാണ്‌. എന്നാല്‍ ഫോമയുടെ പാരമ്പര്യ പ്രകാരം ആറു ഭാരവാഹികളും ഇപ്രാവശ്യം മത്സരിക്കുന്നില്ല. ഭാരവാഹികള്‍ അടുത്ത തവണ ഒരു സ്ഥാനത്തിനുവേണ്ടിയും മത്സരിക്കരുതെന്ന ചട്ടം എല്ലാ മലയാളി സംഘടനകള്‍ക്കും മാതൃകയാകേണ്ടതാണ്‌. സ്ഥാനത്തിനും സ്റ്റേജിനും വേണ്ടിയുള്ള `കടിപിടി'യാണല്ലോ സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര!

അതെന്തായാലും ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ജനറല്‍ സെക്രട്ടറിയായപ്പോള്‍ രണ്ടുകാര്യങ്ങള്‍ സംഭവിച്ചു. പ്രഗത്ഭനായ ബിനോയി തോമസിന്റെ പിന്‍ഗാമിയായി വന്ന ഗ്ലാഡ്‌സണ്‍ ഇത്ര മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെയ്‌ക്കുമെന്ന്‌ അധികമാരും കരുതിയിരുന്നില്ല. ഇത്രയേറെ പ്രവര്‍ത്തനവും സമയവും പണവും വേണ്ടിവരുമെന്ന്‌ താനും കരുതിയില്ലെന്ന്‌ ഗ്ലാഡ്‌സണ്‍. അതില്‍ ഖേദമില്ല. എന്തെങ്കിലും നേട്ടത്തിനു വേണ്ടിയല്ല സംഘടനയില്‍ വന്നത്‌. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതില്‍ തന്നെ നിറഞ്ഞ സംതൃപ്‌തി.

സിനിമാതാരവും കാന്‍സര്‍ സര്‍വൈവറുമായ മംമ്‌ത മോഹന്‍ദാസ്‌ എത്തുമെന്നതാണ്‌ അടുത്ത ദിവസങ്ങളിലുണ്ടായ പുതിയ വിശേഷം. മൂന്നു ദിവസങ്ങളിലും അവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ജൂണ്‍ 26-ന്‌ വ്യാഴാഴ്‌ച ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബു തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലും, ബ്യൂട്ടി പേജന്റ്‌ പോലുള്ള പരിപാടികളിലും അവരുടെ സാന്നിധ്യം മുതല്‍ക്കൂട്ടാവും. ഫിലിം ഫെസ്റ്റിവലില്‍ മലയാളം-ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അതിനുള്ള സംവിധാനങ്ങളുള്ള സ്റ്റേജാണ്‌ ഒരുക്കുന്നത്‌. നാട്ടില്‍ നിന്ന്‌ ഒരു കോമഡി ടീമിനെക്കൂടി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്‌.

എട്ട്‌ വിഭാഗങ്ങളിലായി ഇത്തവണ സാഹിത്യ അവാര്‍ഡ്‌ നല്‌കുന്നു. നാട്ടില്‍ നിന്നും ഇവിടെനിന്നുമുള്ള സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ശ്രദ്ധേയമായിരിക്കും.

കണ്‍വന്‍ഷന്‍ നഷ്‌ടത്തിലാകുമെന്ന്‌ കരുതുന്നില്ലെന്ന്‌ ഗ്ലാഡ്‌സണ്‍ പറഞ്ഞു. കൂടുതല്‍ പേര്‍ വന്നാല്‍ കൂടുതല്‍ വിജയമാകും. മലയാളി ജനസാന്ദ്രത കൂടുതലുള്ള ന്യൂയോര്‍ക്കില്‍ നിന്നുള്ള മികച്ച പ്രാതിനിധ്യത്തിനു പുറമെ ഫ്‌ളോറിഡയില്‍ നിന്ന്‌ നൂറില്‍പ്പരം പേരും ഡിട്രോയിറ്റില്‍ നിന്നു മാത്രം 44 പേരും എത്തുന്നു എന്നു പറയുമ്പോള്‍ തന്നെ ജനങ്ങളുടെ ആവേശം വ്യക്തമാകും. ഈസ്റ്റ്‌ കോസ്റ്റിലെ ഏറ്റവും പ്രധാന കണ്‍വന്‍ഷനാണിത്‌. ആ ദിനങ്ങളില്‍ വേറെ കണ്‍വന്‍ഷനില്ലതാനും.

ഫോമാ നേതാക്കളുടേയും പ്രാദേശിക സംഘടനാ നേതാക്കളുടേയും യോഗം ജൂണ്‍ 8-ന്‌ ഫിലാഡല്‍ഫിയയില്‍ പ്രാരംഭ സമ്മേളനമായി ചേര്‍ന്ന്‌ പരിപാടികള്‍ക്ക്‌ അന്തിമ രൂപം നല്‍കും.

സംഘടനയെ അടുത്ത തലത്തിലേക്ക്‌ എത്തിക്കാന്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തിനായി എന്ന്‌ ഗ്ലാഡ്‌സണ്‍ വിലയിരുത്തുന്നു. യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌, ജോബ്‌ ഫെയര്‍, മെഡിക്കല്‍ കോണ്‍ഫറന്‍സ്‌, കേരളാ കണ്‍വന്‍ഷന്‍ എന്നിവയൊക്കെ വലിയ വിജയങ്ങളായിരുന്നു. പ്രൊഫണല്‍ സമ്മിറ്റിന്റെ സമാപനവും, ജോബ്‌ ഫെയറും കണ്‍വന്‍ഷനില്‍ നടത്തും. വനിതാ ഫോറം മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നു.

എല്ലാവര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കുകയാണ്‌ ചെയ്‌തത്‌. അതു ഫലം കാണുകയും ചെയ്‌തു. ഫെഡറല്‍ ഗവണ്‍മെന്റില്‍ ഏറ്റവും ഉന്നത സ്ഥാനം വഹിക്കുന്ന മലയാളി ഡോ. അനില്‍ കുമാറിനെ സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌.

ഒന്നര വര്‍ഷത്തിനിടെ ആറു സംഘടനകള്‍ക്കൂടി ഫോമയില്‍ ചേര്‍ന്നത്‌ സംഘടനയിലെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലായി. രണ്ടു സംഘടനകള്‍ക്കൂടി അപേക്ഷ നല്‍കിയിട്ടുണ്ട്‌. അത്‌ കണ്‍വന്‍ഷനുശേഷം പരിഗണിക്കും.

ഒരു ഡസനോളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനായി. വൃക്ക ദാനം ചെയ്‌ത ഫാ. ചിറമേല്‍, ഉമാ പ്രേമന്‍ എന്നിവരെ കേരളാ കണ്‍വന്‍ഷനില്‍ ആദരിച്ചത്‌, ഒരു കുടുംബത്തിന്‌ 4000 ഡോളര്‍ നല്‍കിയത്‌, ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക്‌ സഹായം എത്തിച്ചത്‌ തുടങ്ങിയവയൊക്കെ അവയില്‍ ചിലതുമാത്രം.

ചാരിറ്റി പ്രവര്‍ത്തനം നാട്ടില്‍ മാത്രം പോരാ ഇവിടെയും വേണമെന്ന പക്ഷക്കാരനാണ്‌ ഗ്ലാഡ്‌സണ്‍. അതിനായി ഒരു സ്ഥിരം സംവിധാനം വേണം.

എടുത്തുപറയാവുന്ന പ്രവര്‍ത്തനങ്ങളില്‍ ബി.എല്‍.എസിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരേ ഫോമ നടത്തിയ ശ്രമങ്ങളാണ്‌ പ്രധാനം. ഇക്കാര്യം അധികൃത തലങ്ങളിലെല്ലാം എത്തിക്കുകയും മാറ്റത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തു. (ബി.എല്‍.എസിനെ മാറ്റുമെന്ന്‌ ചിക്കാഗോയില്‍ ഗ്ലാഡ്‌സന്റെ നേതൃത്വത്തില്‍ കണ്ട സംഘത്തോടാണ്‌ മന്ത്രി വയലാര്‍ രവി ആദ്യം വെളിപ്പെടുത്തിയത്‌).

എല്ലാ സ്ഥലങ്ങളിലും കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ നടത്താനായത്‌ സംഘടനയുടെ കരുത്ത്‌ വര്‍ധിപ്പിച്ചു. ജോലി സമയത്തില്‍ നല്ലൊരു പങ്ക്‌ സംഘടനയ്‌ക്കായാണ്‌ ഉപയോഗിച്ചത്‌. അതിനു പുറമെ വീട്ടുകാര്യങ്ങള്‍ പലതും മറക്കേണ്ടിയും വന്നു. സംഘടനയ്‌ക്ക്‌ ക്ലെറിക്കല്‍ സ്റ്റാഫ്‌ ഉണ്ടാകുന്നത്‌ നല്ലതാണ്‌. ഇപ്പോള്‍ എല്ലാം സെക്രട്ടറിയുടെ ചുമതലയില്‍ വരുന്നു. ഉത്തരവാദിത്വങ്ങള്‍ ധാരാളം. എന്തെങ്കിലും പിഴവ്‌ വന്നാല്‍ പ്രസിഡന്റും സെക്രട്ടറിയും മാത്രം ഉത്തരവാദികളാകുകയും ചെയ്യും.

സംഘടനാ പ്രവര്‍ത്തനം സമയം മാത്രമല്ല പണച്ചെലവുമുള്ള കാര്യമാണ്‌. യാത്രയ്‌ക്കും താമസത്തിനുമൊക്കെ കയ്യില്‍ നിന്ന്‌ പണം പോകും. മീറ്റിംഗുകള്‍ക്കും മറ്റും പലപ്പോഴും സഹായമെത്തിക്കേണ്ടിയും വരും.

സംഘടനയോട്‌ പ്രതിബദ്ധതയും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അഭിനിവേശവും കൈയ്യാളുന്നവര്‍ക്ക്‌ ഇതൊരു തടസ്സമല്ല. എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിഞ്ഞുവെന്ന സംതൃപ്‌തിയും പ്രധാന നേട്ടം തന്നെ.

കണ്‍വന്‍ഷനും മറ്റും ഒരുപാട്‌ പ്ലാനിംഗ്‌ വേണമെന്ന പാഠം പഠിച്ചു. കേരളാ കണ്‍വന്‍ഷന്‍ തിരക്കിട്ട്‌ നടത്താനായതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍ മനസിലുണ്ടായിരുന്നതിനാല്‍ വാലിഫോര്‍ജ്‌ കണ്‍വന്‍ഷന്‌ ആറുമാസം മുമ്പേ തന്നെ തയാറെടുപ്പ്‌ ആരംഭിച്ചിരുന്നു. ഏറ്റവും ചെറിയ കാര്യംവരെ പ്ലാന്‍ ചെയ്‌താണ്‌ മുന്നോട്ടുപോകുന്നത്‌. ഭാവിയില്‍ വരുന്ന ഭാരവാഹികളോടും പറയാനുള്ളത്‌ ഇതാണ്‌- മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. അപ്പോള്‍ എല്ലാം ഭംഗിയാകും.

രണ്ടുവര്‍ഷത്തിനിടെ നിരാശ തോന്നുന്ന അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതാണ്‌ സത്യം. കടുത്ത വിമര്‍ശനങ്ങളോ ആക്ഷേപങ്ങളോ ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല. എന്തെങ്കിലും വിമര്‍ശനം വന്നാല്‍ കാര്യങ്ങള്‍ മനസിലാക്കി കൊടുത്താല്‍ അത്‌ തീരും. മലയാളി സമൂഹത്തിന്റെ ചിന്താഗതിയില്‍ വന്ന വലിയ മാറ്റമായി ഇതിനെ കാണുന്നു.

ഫോമാ നേതൃത്വമൊഴിഞ്ഞാല്‍ മുഖ്യധാരാ രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുകയാണ്‌ ലക്ഷ്യം. ഇന്‍ഡോ- അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഫോറം സെക്രട്ടറി എന്ന നിലയില്‍ ഇപ്പോള്‍ തന്നെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെയാണ്‌ ഇല്ലിനോയി സ്റ്റേറ്റ്‌ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡില്‍ കമ്മീഷണറായി നിയമിതനായത്‌. അഞ്ചുവര്‍ഷമാണ്‌ കാലാവധി. മെഡിക്കല്‍ ബോര്‍ഡ്‌ പോലെ എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്താനും നടപടി സ്വീകരിക്കാനുമൊക്കെ ഏഴംഗ ബോര്‍ഡിന്‌ അധികാരമുണ്ട്‌.

മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (മീന) യിലൂടെയാണ്‌ ഗ്ലാഡ്‌സണ്‍ ഫോമയില്‍ സജീവമായത്‌.

മലയാളികള്‍ ഇപ്പോള്‍ ഡോക്‌ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ എന്ന നിലയിലാണ്‌ ജോലിയെപ്പറ്റി ചിന്തിക്കുന്നത്‌. ഇപ്പോള്‍ ഫാര്‍മസിയിലാണ്‌ മലയാളികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു രംഗം. പക്ഷെ, നോര്‍ത്ത്‌ ഇന്ത്യക്കാര്‍ രാഷ്‌ട്രീയരംഗത്തും മറ്റും കൂടുതല്‍ സജീവമാണ്‌. നമ്മളും രാഷ്‌ട്രീയത്തിലൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.

ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള കരാര്‍, മലയാളം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ നൂതനമായ പരിപാടികള്‍ വന്‍ വിജയമായി. പുതിയ ഭാരവാഹികളും ഇതുപോലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം.

കണ്‍വന്‍ഷനാണ്‌ ഒരു ഭരണസമിതിയെ വിലയിരുത്തുന്നതെങ്കിലും, കണ്‍വന്‍ഷന്‍സംഘടന മാത്രമാകുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. കേരളത്തില്‍ കണ്‍വന്‍ഷന്‍ നടത്തണമെന്ന പക്ഷക്കാരനാണ്‌ ഗ്ലാഡ്‌സണ്‍. അത്‌ അത്രവലിയ ചെലവുള്ള കാര്യമല്ല. സ്‌പോണ്‍സര്‍മാരെ നാട്ടില്‍ നിന്നുതന്നെ സംഘടിപ്പിക്കാനുമാകും.

കണ്‍വന്‍ഷനില്‍ നഷ്‌ടംവന്നാല്‍ പ്രസിഡന്റോ മറ്റ്‌ ഭാരവാഹികളോ വഹിക്കണമെന്നു വരുന്നത്‌ ശരിയല്ല. പണമുണ്ടെങ്കിലേ ഭാരവാഹിത്വം പറ്റൂ എന്ന സ്ഥിതിയും നന്നല്ല.

അതേസമയം, അമേരിക്കന്‍ കമ്പനികളും മറ്റും ഫോമയുടെ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥിതിയുണ്ടാകണം. കണ്‍വന്‍ഷന്‍ ലാഭകരമായാല്‍ അത്‌ അടുത്ത കമ്മിറ്റിക്ക്‌ നല്‍കാനാവും. പക്ഷെ കൂടുതല്‍ പ്രോഗ്രാമുകള്‍ നടത്തുമ്പോള്‍ ചെലവും കൂടും. മിക്കവാറും മിച്ചമൊന്നും ഉണ്ടാവില്ലെന്നതാണ്‌ വസ്‌തുത.

രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം കലാശക്കൊട്ടിലേക്ക്‌ നീങ്ങുമ്പോള്‍ സംതൃപ്‌തി. സംഘടനയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ പങ്കുവഹിക്കാനായതിലുള്ള സന്തോഷം. സര്‍വ്വോപരി ഇത്രയധികം പേരുമായി ബന്ധപ്പെടാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞതിലുള്ള സംതൃപ്‌തി.

കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും ഗ്ലാഡ്‌സണ്‍ അഭ്യര്‍ത്ഥിച്ചു.
ഫോമയുടെ തിലകക്കുറിയായ പ്രവര്‍ത്തനമികവ്‌
ഫോമയുടെ തിലകക്കുറിയായ പ്രവര്‍ത്തനമികവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക