ജ്യോതിക നായികയായി എത്തുന്ന 36 വയതിനിലെ എന്ന ചിത്രം പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്നത് അതിലെ ജ്യോതികയുടെ അഭിനയം തന്നെയാണ്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച നിരുപമയുമായി താരതമ്യം ചെയ്യാനാകും പ്രേക്ഷകര്‍ ഇഷ്ടപ്പെടുക. ചിത്രത്തിന്റെ ആദ്യടീസര്‍ പുറത്തിറങ്ങി.
മഞ്ജു വാര്യറിന്റെ ശക്തമായ തിരിച്ചുവരവിലൂടെ വിജയം കൈവരിച്ച ഹൗ ഓള്‍ഡ് ആര് യുവിന്റെ റീമേയ്ക്ക് ആണ് ഈ ചിത്രം. റോഷന് ആന്‍ഡ്രൂസ് തന്നെയാണ് തമിഴിലും ഈ ചിത്രമൊരുക്കുന്നത്. ഹൗ ഓള്‍ഡ് ആര് യുവില്‍ മഞ്ജു വാര്യറുടെ മികച്ച പ്രകടനം തന്നെയായിരുന്നു അതിന്റെ പ്ളസ് പോയിന്റ്. മഞ്ജുവിന്റെ സിനിമയിലേക്കുളള തിരിച്ചുവരവ് ഏറെ ആഗ്രഹിച്ചിരുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന വിധം തന്നെയായിരുന്നു അതിലെ നിരുപമ എന്ന കഥാപാത്രത്തിന്റെ അവതരണവും. പ്രശസ്ത തമിഴ് നടന് സൂര്യയെ വിവാഹം ചെയ്ത് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയ ജ്യോതികയുടെ ശക്തമായ തിരിച്ചുവരവിനും ഈ സിനിമ കളമൊരുക്കുകയാണ്. മഞ്ജുവിനെ പോലെ തന്നെയാണ് അഭിനയ ജീവിതത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്യോതികയും വിടപറഞ്ഞത്. അതുകൊണ്ടുതന്നെ ജ്യോതികയെ ആരാധിക്കുന്ന തമിഴ്പ്രേക്ഷകര്‍ക്ക് അവരുടെ തിരിച്ചുവരവ് ഏറെ സന്തോഷകരമായിരിക്കും. മലയാളത്തിലെ ഈ ചിത്രത്തിന്റെ വിജയം തമിഴ് ആവര്‍ത്തിക്കാന്‍ തന്നെയാണ് റോഷന് ആന്‍ഡ്രൂസിന്റെ ശ്രമം. സഞ്ജയ്- ബോബി സഹോദരങ്ങള്‍ ഒരുക്കിയ മനോഹരമായ തിരക്കഥയാണ് മറ്റൊരു പ്രത്യേകത. സന്തോഷ് നാരായണന് ആണ് ചിത്രത്തിന് സംഗീതം.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തുമ്പോള്‍ തമിഴ് പ്രേക്ഷകര്‍ക്കും ഏറെ പ്രതീക്ഷകളുണ്ട്. മലയാളത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച വേഷത്തില്‍ റഹ്മാനാണ് എത്തുന്നത്. 2 ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.